തൃശൂര്‍: ശബരിമലയടക്കമുള്ള തീർത്ഥാടകർക്ക് യാതൊരു തരത്തിലുളള ഭീഷണിയുമില്ല എന്ന് കേരളാ പൊലീസ്. തൃശൂര്‍ റെയില്‍വേ പൊലീസിന്റെ പേരിലിറങ്ങിയൊരു കത്തിനാണ് ഡി ജി പി ലോകനാഥ് ബെഹ്റ ഈ വിശദീകരണം നൽകിയത്. നാളത്തെ തീയതി വച്ച് ഇന്ന് ഇറക്കിയ കത്താണ് ആശങ്ക പടർത്തുന്ന രീതിയിൽ പ്രചരിപ്പിക്കപ്പെട്ടത്.
നാളത്തെ തീയ്യതി (27-11-2017) വച്ചാണ് റെയില്‍വേ പൊലീസിന്റെ തൃശൂർ എസ് ഐ യുടെ പേരിലുളളകത്ത് ഇന്ന് വൈകുന്നേരം മുതൽ പ്രചരിപ്പിച്ചത്.
പൊതുവായി എല്ലാ വിഷയങ്ങളിലും ജാഗ്രതാ നിർദ്ദേശങ്ങൾ കൊടുക്കാറുണ്ടെന്ന് ഡി ജി പി ലോകനാഥ് ബെഹ്റ പറഞ്ഞു. വാട്ട്സ്ആപ്പ് അട്ടക്കമുളള എവിടെ നിന്നും ലഭിക്കുന്ന വിവരങ്ങളും ഇതിൽപ്പെടും. ആളുകളെ ആശങ്കയിലാഴ്ത്താനല്ല, മറിച്ച് കൂടുതൽ പൊലീസ് കൂടുതൽ ജാഗ്രത സ്വീകരിക്കുന്നതിനായാണ് ഈ അറിയിപ്പുകൾ കൈമാറുന്നത്. ഇത്തരത്തിൽ വാട്സ് അപ്പിൽ വന്നതിന്റെ ആധികാരികത പരിശോധിക്കണമെന്നും ബെഹ്റ ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തിനോട് പറഞ്ഞു.
റെയില്‍വേ സ്റ്റേഷനുകളിലും ട്രെയിലും സഞ്ചരിക്കുന്ന ഇതര മതസ്ഥര്‍ക്ക് വിഷം നല്കാന് ഇസ്ലാമിക് സ്റ്റേറ്റ് ശ്രമിക്കുന്നു എന്നാണ് കത്തില്‍ പറയുന്നത്. തൃശൂര്‍ റെയില്‍വേ പൊലീസ് സബ് ഇന്‍സ്പെക്ടറുടെ ഒപ്പും സീലും സഹിതമാണ് കത്ത്. എന്നാൽ തീയതി രണ്ടിടത്തും വച്ചിട്ടുളളത് 27 -11- 17 എന്നതാണ്.
ഇത് തന്റെ പക്കല്‍ നിന്നും സംഭവിച്ച തെറ്റാണ് ഇതെന്ന് തൃശൂര്‍ റെയില്‍വേ പൊലീസ് സബ് ഇന്‍സ്പെക്ടര്‍ അജിത്കുമാര്‍ പറഞ്ഞു.
അതിനിടയില്‍ വിശദീകരണവുമായി ലോക്നാത് ബെഹറ വന്നു. ഇത്തരത്തിലുള്ള വാട്സപ് സന്ദേശങ്ങളില്‍ വീഴരുത് എന്നും അത് പ്രചരിപ്പിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കണം എന്നും പറഞ്ഞ ഡിജിപി. ഇത്തരത്തില്‍ ലഭിക്കുന്ന പല മെസേജുകളും സ്ഥിരമായി കേരളാ പൊലീസിന് ലഭിക്കാറുണ്ട് എന്നും പറഞ്ഞു. അതൊക്കെ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം വേണ്ട ജാഗ്രതനിര്‍ദേശങ്ങള്‍ നല്‍കേണ്ട സാഹചര്യത്തില്‍ നല്‍കാറുമുണ്ട്. പ്രധാനപ്പെട്ട പൊതുവിടങ്ങളിലൊക്കെ പോലീസ് വേണ്ട ജാഗ്രത പുലര്‍ത്തുന്നുണ്ട്. ഇക്കാര്യത്തില്‍ ആരും ആശങ്കപ്പെടേണ്ട സ്ഥിതിവിശേഷം ഇല്ല എന്നും ലോക്നാത് ബെഹറ വ്യക്തമാക്കി.