സംസ്ഥാന പൊലീസ് മേധാവിയെ വീണ്ടും വിമർശിച്ച് സി പി ഐസംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. ജിഷ്ണുവിന്റെ അമ്മയ്ക്കും കുടുംബത്തിനുമെതിരായ പൊലീസ് നടപടിയാണ് കാനത്തിന്റെ വിമർശനത്തിന് വീണ്ടും ഇരയായത്. സർക്കാരിന് അപമാനകരമാണ് പൊലീസ് നടപടിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജിഷ്ണുവിന്റെ കുടുംബത്തെ ഡി ജി പി ഇറങ്ങി ചെന്ന് സ്വീകരിക്കണമായിരുന്നു അങ്ങനെ ചെയ്തുവെങ്കിൽ ഇപ്പോൾ വിമർശിക്കുന്നവർ പ്രകീർത്തിക്കുമായിരുന്നു. ഇത് സാമാന്യബുദ്ധിയുടെ പ്രശ്നമാണ്. സർക്കാർ പ്രശ്നത്തിൽ ഗൗരവമായി ഇടപെടണമെന്നും നടപടിയെടുക്കണമെന്നും അദ്ദേഹം മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ ഡിജിപിയെ വിമർശിച്ച് കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിലെഴുതിയ എഴുതിയ കുറിപ്പിലാണ് പൊലീസിനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കുമെതിരെ കാനം വിമർശനമുന്നയിച്ചത്
മകൻ നഷ്ടപ്പെട്ട അമ്മയുടെ കണ്ണീരിന് മുന്നിൽ ആർക്കും മുഖം തിരിക്കാൻ കഴിയില്ല, ആ അമ്മയുടെ ദു:ഖം തിരിച്ചറിഞ്ഞ് കേരള പോലീസ് പ്രവർത്തിക്കേണ്ടതെന്നുമായിരുന്നു അദ്ദേഹം എഴുതിയത്. പഴയ കാലത്ത് പൊലീസ് മേധാവിയായിരുന്ന വെങ്കിടാചലത്തിന്റെ സമരത്തോടുളള ഇടപെടലെഴുതികൊണ്ടാണ് അദ്ദേഹം ലോകനാഥ് ബെഹ്റയെക്കെതിരായി ശക്തമായ വിമർശനം ഉന്നയിച്ചത് അതിന്റെ തുടർച്ചയായാണ് ഇന്ന് വീണ്ടും സമാന്യബുദ്ധിയുടെ പ്രശ്നമാണ് എന്ന വാക്കുപയോഗിച്ച് വീണ്ടും ശക്തമായ വിമർശനം അദ്ദേഹം ഉന്നയിച്ചത്.
നിലമ്പൂരിൽ പൊലീസ് വെടിവെയ്പിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് വിമർശനം ഉയർന്നപ്പോൾ പൊലീസിന്റെ മനോവീര്യം തകർക്കുമെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. ആ സംഭവത്തിലും കാനം രാജേന്ദ്രൻ പൊലീസ് നടപടിയെ ശക്തമായ ഭാഷയിൽ വിമർശിച്ചിരുന്നു.
സി പി എം പൊളിറ്റ് ബ്യുറോ അംഗം എം എ ബേബിയും കഴിഞ്ഞ ദിവസം ഫെയ്സ് ബുക്കിലൂടെ പൊലീസ് നടപടിയെ ശക്തമായി വിമർശിച്ചിരുന്നു.