തിരുവനന്തപുരം: തലസ്ഥാനത്തെ ഫോർട്ട് പൊലീസ് സ്റ്റേഷനിൽ 13 വർഷം മുൻപ് ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിൽ ശിക്ഷിക്കപ്പെട്ട പൊലീസുകാർക്കായി സേനയിൽ പണപ്പിരിവ് നടക്കുന്നു. പൊലീസ് അസോസിയേഷനും ഓഫിസേഴ്സ് അസോസിയേഷനും ഉദ്യോഗസ്ഥരെ നേരിൽ കണ്ടാണ് പിരിവ് നടത്തുന്നതെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു.
കേസിൽ ശിക്ഷിക്കപ്പെട്ട അഞ്ച് ഉദ്യോഗസ്ഥർക്ക് വേണ്ടി എല്ലാ ഉദ്യോഗസ്ഥരിൽ നിന്നും പണം പിരിക്കുന്നതായി അറിഞ്ഞതിനെ തുടർന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഇത് വിലക്കിക്കൊണ്ട് രംഗത്ത് വന്നിരുന്നു. പക്ഷെ പൊലീസുദ്യോഗസ്ഥരുടെ വേതനത്തിൽ നിന്ന് നേരിട്ട് പണം പിടിക്കാതെ, ഇവരെ ഓരോ പേരെയും നേരിൽ കണ്ടാണ് പിരിവ് നടത്തുന്നത്.
കേസിൽ ശിക്ഷിക്കപ്പെട്ട അഞ്ച് പേരിൽ മുൻപ് സർവീസിലുണ്ടായിരുന്ന സിറ്റി ക്രൈം റെക്കോർഡ്സ് ബ്യൂറോ എഎസ്ഐ കെ.ജിതകുമാർ, നർകോടിക് സെൽ സീനിയർ സിവിൽ പൊലീസ് ഓഫിസർ എസ്.വി.ശ്രീകുമാർ എന്നിവർക്ക് കോടതി വധശിക്ഷയാണ് വിധിച്ചത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ടി.അജിത് കുമാർ, മുൻ എസ്പിമാരായ ഇ.കെ.സാബു, ടി.കെ.ഹരിദാസ് എന്നിവർക്ക് കോടതി മൂന്ന് വർഷം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. അജിത് കുമാറിനെതിരെ ക്രൈംബ്രാഞ്ച് മേധാവി, ഡിജിപിയോട് നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്.
കോടതി ശിക്ഷിച്ച പ്രതികൾക്കായുളള പണപ്പിരിവിന് ഔദ്യോഗിക സംവിധാനം ഉപയോഗിക്കരുതെന്നാണ് സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടത്. ഹൈക്കോടതിയിൽ പ്രതികൾക്ക് കേസിന് അപ്പീൽ പോകാൻ വലിയ തുക ആവശ്യമായി വരും എന്നതിനാലാണ് അസോസിയേഷൻ പണപ്പിരിവിന് ഇറങ്ങിയതെന്നാണ് വിവരം. അതേസമയം പണപ്പിരിവുമായി മുന്നോട്ട് പോകാനാണ് പൊലീസുകാരുടെ തീരുമാനം എന്നറിയുന്നു.