തിരുവനന്തപുരം: തിരുവനന്തപുരത്തെ പൂജപ്പുര സെൻട്രൽ ജയിലിൽ നിന്ന് രണ്ട് മൊബൈൽ ഫോണുകളും രണ്ട് സിം കാർഡുകളും പിടിച്ചെടുത്തു. തടവുകാരിൽ നിന്നാണ് പൊലീസ് പരിശോധനയിൽ മൊബൈൽ ഫോണുകൾ കണ്ടെടുത്തത്.

ടി.പി.ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ അണ്ണൻ സിജിത്ത്, പ്രദീപ് എന്നിവരെയാണ് കുറ്റക്കാരായി സംശയിക്കുന്നത്. ഇന്നലെ രാത്രി നടന്ന പരിശോധനയിൽ ഇവർ താമസിച്ചിരുന്ന ബ്ലോക്കിൽ നിന്നാണ് മൊബൈൽ ഫോണുകൾ കണ്ടെത്തിയത്.

ഇരുവരും മൊബൈൽ ഫോൺ ഉപയോഗിച്ചതായി സംശയിക്കുന്നുവെനന്നാണ് പൊലീസ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഇന്നലെ രാത്രി ഇവർ ഫോണിൽ സംശയിക്കുന്നതായി സംശയം തോന്നിയതിനെ തുടർന്നാണ് പരിശോധന നടത്തിയത്. ബാസിത് അലിയും ഇതേ ബ്ലോക്കിലാണ് തടവിൽ കഴിയുന്നത്.

ഈ വർഷം ജനവരി 19 ന് വിയ്യൂർ സെൻട്രൽ ജയിലിലും ടിപി വധക്കേസ് പ്രതികൾക്കെതിരെ മൊബൈൽ ഉപയോഗം സംബന്ധിച്ച് പരാതി ഉയർന്നിരുന്നു. ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളായ കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരിൽ നിന്നാണ് മൊബൈല്‍ ഫോണുകള്‍ പിടികൂടിയത്.

ജയിലറുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്മാര്‍ട്ട് ഫോണുകള്‍ പിടിച്ചെടുത്തത്. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കുന്നതായി മുൻപും കണ്ടെത്തിയിരുന്നു.

കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരുടെ സെല്ലില്‍ നിന്നും രണ്ട് സ്മാര്‍ട്ട് ഫോണുകളും രണ്ട് പവര്‍ ബാങ്കുകളും മൂന്ന് സിം കാര്‍ഡുകളും ഡാറ്റ കേബിളുമാണ് പിടിച്ചെടുത്തത്.

2013ൽ ഇതേ പ്രതികള്‍ കോഴിക്കോട് ജില്ലാ ജയിലില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചത് പിടിക്കപ്പെട്ടിരുന്നു. ഇവരുടെ ചിത്രങ്ങൾ ഫെയ്സ്ബുക്കിലും സമൂഹ മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടതിനെ തുടർന്നാണ് കോഴിക്കോട് ജില്ല ജയിലിൽ പരിശോധന നടത്തിയത്.

ഒൻപത് മൊബൈല്‍ ഫോണുകളാണ് അന്ന് പരിശോധനയിൽ കണ്ടെത്തിയത്. രണ്ട് സ്മാര്‍ട്ട് ഫോണുകള്‍ ഉള്‍പ്പെടെ ഏഴെണ്ണം ടിപി കേസ് പ്രതികളെ പാര്‍പ്പിച്ചിരുന്ന സെല്ലിന്റെ കക്കൂസ് മാന്‍ഹോളില്‍ നിന്നാണ് ലഭിച്ചത്. ജയിലിന്റെ മുറ്റത്ത് മണ്ണിൽ കുഴിച്ചിട്ട നിലയിലായിരുന്നു ഒരു ഫോണ്‍.

അന്നത്തെ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്നാണ് മുമ്പ് പരിശോധിച്ച സ്ഥലങ്ങളില്‍ വീണ്ടും സൂക്ഷ്മ പരിശോധന നടത്താന്‍ പോലീസ് തീരുമാനിച്ചത്. ഫോണുകള്‍ക്ക് പുറമേ, ഏഴ് ഫോണ്‍ ബാറ്ററികള്‍, എട്ട് ജിഗാ ബൈറ്റ് ശേഷിയുള്ള ഒരു മെമ്മറികാര്‍ഡ്, രണ്ട് ജിഗാ ബൈറ്റ് മെമ്മറിശേഷിയുള്ള രണ്ട് മെമ്മറി കാര്‍ഡ്, വൊഡാഫോണിന്റെ ഒരു സിംകാര്‍ഡ്, ഐഡിയയുടെ ഒരു മൈക്രോ സിംകാര്‍ഡ്, സാംസങ്ങിന്റെ ഒരു ഹെഡ്‌ഫോണ്‍ എന്നിവയും മാന്‍ഹോളില്‍നിന്ന് കസബ സി.ഐ. ബിശ്വാസിന്റെ നേതൃത്വത്തിലുള്ള സംഘം കണ്ടെത്തി.

മൊബൈൽ ഉപയോഗം വിവാദമായപ്പോൾ പ്രതികൾ ഇവ കക്കൂസില്‍ ഉപേക്ഷിച്ച് ഫ്‌ലഷ് ചെയ്തതാണെന്നാണ് പിന്നീട് പൊലീസ് നൽകിയ വിശദീകരണം. ഭാരമുള്ള വസ്തുക്കളായതുകൊണ്ട് അവ ടാങ്കിലേക്ക് ഒഴുകാതെ മാന്‍ഹോളില്‍ തങ്ങിനിന്നു. സെല്‍ വാര്‍ഡിലെ ആറ് മാന്‍ ഹോളുകളാണ് പോലീസ് പരിശോധിച്ചത്. ഇതില്‍ മൂന്നെണ്ണത്തില്‍ നിന്നാണ് ഫോണുകളും അനുബന്ധ വസ്തുക്കളും കണ്ടെത്തിയത്. ഈ സംഭവത്തെ തുടർന്നാണ് ടിപി വധക്കേസ് പ്രതികളെ സംസ്ഥാനത്തെ പല ജയിലുകളിലായി മാറ്റി പാർപ്പിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ