തൃശൂര്‍: മലയാള സിനിമകളില്‍ ബുള്ളറ്റ് ഓടിക്കുന്ന പൊലീസുകാരി അന്വേഷണ ഉദ്യോഗസ്ഥനായ നായകന്റെ ഷോഓഫ് ടീമുകളിലാണ് ഇടംപിടിക്കാറുള്ളത്. എന്നാല്‍, കേരള പൊലീസ് വകുപ്പിന്റെ സുരക്ഷയും സ്നേഹവും കരുതലുമായി വനിത എന്‍ഫീല്‍ഡ് ബുള്ളറ്റ് പട്രോളിങ് സംഘം ജനങ്ങളിലേക്കെത്തുന്നു.
കേരളത്തില്‍ ആദ്യമായി തൃശൂര്‍ സിറ്റി പൊലീസിലാണ് ആ സംഘം പരിശീലനം പൂര്‍ത്തിയാക്കി സേവനത്തില്‍ പ്രവേശിച്ചത്. സിറ്റി പൊലീസ് കമ്മീഷണര്‍ ആര് ആദിത്യയുടെ നിര്‍ദ്ദേശ പ്രകാരമാണ് ബുള്ളറ്റ് പട്രോളിങ് സംഘത്തെ രൂപീകരിച്ചത്. ആദ്യഘട്ടത്തില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 15 പേര് സംഘങ്ങളായി തിരിഞ്ഞ് തൃശൂര്‍ സിറ്റി പൊലീസ് പരിധിയില്‍ രണ്ടു ദിവസമായി റോന്തുചുറ്റി തുടങ്ങി.
കേരളത്തില്‍ തന്നെ ആദ്യമായി പൊലീസ് സ്റ്റേഷന് ചുമതല ലഭിച്ചിട്ടുള്ള വനിതാ എസ് ഐയായ പി വി സിന്ധുവാണ് ഈ ടീമിന്റേയും തലപ്പത്തുള്ളത്. 2013-ല്‍ വടക്കാഞ്ചേരി പൊലീസ് സ്റ്റേഷന്റെ ചുമതല വഹിച്ചിട്ടുള്ള സിന്ധു ഇപ്പോള്‍ തൃശൂര്‍ സിറ്റി പൊലീസിലെ വനിതാ പൊലീസ് സ്റ്റേഷന് എസ് ഐ ആണ്.
ബുള്ളറ്റില്‍ പട്രോളിങ്ങ് ആരംഭിച്ചത് തങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് സിന്ധു ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. സിനിമയില്‍ നിന്നും വ്യത്യസ്തമായ അനുഭവമാണ് തങ്ങള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ ലഭിക്കുന്നതെന്നും അവര്‍ പറയുന്നു.
സിറ്റി പൊലീസ് പരിധിയിലെ കോവിഡ് ക്യാമ്പുകളും റസിഡന്‍ഷ്യല്‍ പ്രദേശങ്ങളും സന്ദര്‍ശിക്കാനും പൊലീസ് ജീപ്പിന് എത്താന്‍ കഴിയാത്ത ഇടവഴികളിലും റോന്തു ചുറ്റുകയും സ്ത്രീകള്‍ ഒറ്റയ്ക്ക് താമസിക്കുന്ന വീടുകളിലും മറ്റും സഹായം നല്‍കാനുമാണ് കമ്മീഷണര്‍ ഇപ്പോള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
Read Also: ലോക്ക്ഡൗണ്‍: പൊലീസ് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുനൽകണമെന്ന് ഹെെക്കോടതി
“ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് ഗ്രാമപ്രദേശങ്ങളിലെ ഇടവഴികളില്‍ കൂട്ടംകൂടിയിരിക്കുന്നവര് ഉണ്ടാകും അവരെ കാര്യം പറഞ്ഞ് ബോധവല്രിക്കാനും കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ബുള്ളറ്റില്‍ തങ്ങളെത്തുമ്പോഴേക്കും കൂട്ടം കൂടി നില്ക്കുന്നവര് പേടിച്ച് ഓടി രക്ഷപ്പെടുന്ന സാഹചര്യമാണുള്ളത്,” സിന്ധു പറഞ്ഞു. പൊലീസ് ഡ്രോണ്‍ നിരീക്ഷണം നടത്തുന്നതും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതും മൂലമായിരിക്കാം അവര്‍ ഓടിപ്പോകുന്നതെന്ന് സിന്ധു കൂട്ടിച്ചേര്‍ത്തു.
വനിതാ പൊലീസിന്റെ സാന്നിദ്ധ്യം എല്ലായിടത്തും ഉറപ്പുവരുത്തുന്നതിനാണ് ഈ പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് പരിശീലകനായ കണ്ട്രോള് റൂം സി ഐ വി ബാബുരാജ് ഇന്ത്യന്‍ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു. കൂടാതെ, വനിതാ പൊലീസ് ആകുമ്പോള്‍ ആളുകള്‍ക്ക് ഒരു സൗഹാര്‍ദ്ദപരമായ സമീപനം തോന്നുമെന്ന് അദ്ദേഹം പറയുന്നു.
“ജില്ലയില്‍ മക്കളൊക്കെ വിദേശത്തായതിനാല്‍ വൃദ്ധരായ മാതാപിതാക്കള്‍ മാത്രം താമസിക്കുന്നതും ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളും ധാരാളമുണ്ട്. അവര്‍ മരുന്നിനും ഭക്ഷണത്തിനും മറ്റും സഹായം തേടി കണ്ട്രോള് റൂമില്‍ വിളിക്കാറുണ്ട്. അവര്‍ താമസിക്കുന്നയിടങ്ങളില്‍ എത്തിച്ചേരുന്നതിന് പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇവിടങ്ങളില്‍ വനിതാ പൊലീസിന് ബുള്ളറ്റില്‍ എത്താനാകും,” ബാബുരാജ് പറഞ്ഞു.
“ബുള്ളറ്റില്‍ വനിതാ പൊലീസ് എത്തുമ്പോള്‍ തങ്ങളെ അത്ഭുതത്തോടെയാണ് സമൂഹം വീക്ഷിക്കുന്നതെങ്കിലും നിരവധി പേര് സ്റ്റേഷനില്‍ വിളിച്ച് അഭിനന്ദനം അറിയിക്കുന്നുണ്ട്. കൂടാതെ, സ്ത്രീകള്‍ സഹായത്തിനായി ബുള്ളറ്റ് ടീമിനെ വിളിക്കാനും തുടങ്ങിയിട്ടുണ്ട്,” പ്രിയ പറയുന്നു. എന്നാണ് ബുള്ളറ്റ് ടീം തങ്ങളുടെ പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് ആരാഞ്ഞു കൊണ്ടും സ്ത്രീകള്‍ ഫോണ്‍ ചെയ്യുന്നുണ്ടെന്ന് സിന്ധു പറഞ്ഞു.
പോസിറ്റീവായ പ്രതികരണമാണ് സ്ത്രീകളില്‍ നിന്നും ലഭിക്കുന്നതെന്നും സ്ത്രീകള്‍ക്ക് പൊലീസില്‍ കൂടുതല്‍ വിശ്വാസം സൃഷ്ടിക്കാനും താല്പര്യമുണ്ടാക്കാനും ബുള്ളറ്റ് ടീമിന് സാധിക്കുന്നുണ്ടെന്നും സിന്ധു പറഞ്ഞു.
Read Also: വനിതാ സഞ്ചാരികൾക്ക് സുരക്ഷിത താമസമൊരുക്കി തിരുവനന്തപുരത്ത് ‘പിങ്ക് റൂം’
“സാധാരണ സ്ത്രീകള്‍ക്ക് ചെയ്യാന്‍ കഴിയാത്തത് വനിതാ പൊലീസിന് ചെയ്യാന്‍ കഴിയുമെന്ന വിശ്വാസം സ്ത്രീകള്‍ക്കിടയില്‍ ഉണ്ടാകുന്നുണ്ട്. പൊലീസില്‍ നിന്നുമുള്ള സുരക്ഷിതത്വം തങ്ങള്‍ക്ക് ലഭിക്കുമെന്ന് അവര്‍ കരുതുന്നു. ജീപ്പില്ലെങ്കിലും ബുള്ളറ്റെടുത്ത് വനിതാ പൊലീസ് എത്തുമെന്ന തോന്നലും അവരിലുണ്ടാകുന്നുണ്ട്,” സിന്ധു പറയുന്നു.
“അതേസമയം, പുരുഷ പൊലീസുകാരേക്കാള്‍ ജനങ്ങള്‍ക്ക് കൂടുതല്‍ അടുപ്പവും പേടിക്കുറവും വനിതാ പൊലീസിനോടാണെന്നും അതിനാല്‍ അവരുടെ സേവനം കൂടുതല്‍ ഉപയോഗപ്പെടുത്താനുമാണ് വകുപ്പ് ശ്രമിക്കുന്നത്,” ഇപ്പോള്‍ കേരള പൊലീസിന്റെ കൈവശമുള്ള ബുള്ളറ്റുകളാണ് ഇവര്‍ക്ക് നല്‍കിയിട്ടുള്ളതെന്ന് ബാബുരാജ് പറയുന്നു. അദ്ദേഹത്തോടൊപ്പം കണ്ട്രോള് റൂം എസ് ഐ ആയിരുന്ന സജീവനും പരിശീലകനായി ഉണ്ടായിരുന്നു. സജീവന് ഇപ്പോള്‍ വിയ്യൂര്‍ സിഐയാണ്.
പരിഹാരമാകുന്നത് വനിതാ പൊലീസിന്റെ യാത്രാ പ്രശ്നം
സ്ത്രീകള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളും മറ്റു സംഭവങ്ങളുമുണ്ടാകുമ്പോള് എത്രയും വേഗം സംഭവ സ്ഥലത്ത് എത്താന്‍ പുതിയ ടീമിലൂടെ വനിതാ പൊലീസിന് കഴിയും. വലിയ ക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ പോകുമ്പോള്‍ നാലഞ്ച് ബുള്ളറ്റുകളില്‍ സംഘമായിട്ടാണ് പോകുന്നത്. പോകുന്ന സ്ഥലത്തിന്റെ പ്രത്യേക അനുസരിച്ചാണ് എത്ര ബുള്ളറ്റുകള്‍ പോകണമെന്ന് തീരുമാനിക്കുന്നത്.
ഗിയര്‍ലെസ് വാഹനങ്ങളാണ് തങ്ങള്‍ നേരത്തെ ഓടിച്ചിരുന്നതെന്ന് സിന്ധു പറയുന്നു. “ഗിയറുള്ള ഇരുചക്രവാഹനം ഓടിച്ചിട്ടുള്ള ആരും ഉണ്ടായിരുന്നില്ല. എങ്കിലും കുറഞ്ഞ സമയം കൊണ്ട് പഠിച്ചെടുക്കാന്‍ സാധിച്ചു. പഠിച്ച സമയത്ത് മറിയാന്‍ പോകുമ്പോള്‍ ഉയരക്കൂടുതല്‍ ഉള്ളതിനാല്‍ നിലത്ത് കാലൂന്നി ബുള്ളറ്റ് മറിയാതെ നോക്കാന്‍ കഴിഞ്ഞിരുന്നു. അന്ന് അപകടമൊന്നുമുണ്ടായില്ല. ഇപ്പോള്‍ നന്നായി ഓടിക്കാന്‍ കഴിയുന്നുണ്ട്,” സിന്ധു പരിശീലന കാലത്തെ ഓര്‍ത്തെടുക്കുന്നു.
Read Also: കെ.എം.ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിനു അനുമതി; പിന്നിൽ പിണറായിയെന്ന് എംഎൽഎ
ഫെബ്രുവരിയിലാണ് പരിശീലനം ആരംഭിച്ചത്. മാര്‍ച്ച് എട്ടിന് വനിതാ ദിനത്തില്‍ ടീമിനെ അവതരിപ്പിക്കാനായിരുന്നു പദ്ധതിയെങ്കിലും കോവിഡ്-19 വന്നതിന്റെ പശ്ചാത്തലത്തില്‍ അത് മാറ്റിവയ്ക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് പ്രവര്‍ത്തനം ആരംഭിച്ചത്.
എല്ലാ വനിതാ പൊലീസ് ഉദ്യോഗസ്ഥരും എന്‍ഫീല്‍ഡ് ബുള്ളറ്റ് ഓടിക്കാന്‍ പഠിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതുതായി 30 പേരെ കൂടി തെരഞ്ഞെടുത്തിട്ടുണ്ട്. അവര്‍ക്കുള്ള പരിശീലനം താമസിയാതെ ആരംഭിക്കും. ആദ്യ സംഘത്തില്‍ നിന്നും ആവേശമുള്‍ക്കൊണ്ടാണ് കൂടുതല്‍ പേര് ഈ സംഘത്തിന്റെ ഭാഗമാകണമെന്ന് ആവശ്യപ്പെട്ട് എത്തിയത്.