scorecardresearch

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു

കർദിനാൾ ജോർജ് ആലഞ്ചേരിയും സാക്ഷികളുടെ പട്ടികയിൽ

കർദിനാൾ ജോർജ് ആലഞ്ചേരിയും സാക്ഷികളുടെ പട്ടികയിൽ

author-image
WebDesk
New Update
Kerala Nun Rape Case Accused Bishop Franco Mulakkal

കോട്ടയം: പീഡനക്കേസില്‍ കുറ്റാരോപിതനായി ജയില്‍വാസം അനുഭവിച്ച ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചു. പാലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി അടക്കം സാക്ഷികളുടെ പട്ടികയിലുണ്ട്. അധികാര ദുര്‍വിനിയോഗം നടത്തി ലൈംഗിക പീഡനം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, മേലധികാരം ഉപയോഗിച്ചുള്ള ലൈംഗികമായി ദുരുപയോഗം ചെയ്യല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിന് മേല്‍ പൊലീസ് ചുമത്തിയിരിക്കുന്നത്.

Advertisment

കേസില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഉള്‍പ്പെടെ 83 സാക്ഷികളുമുണ്ട്. 25 കന്യാസ്ത്രീകള്‍, 11 വൈദികര്‍, മൂന്ന് ബിഷപ്പുമാര്‍, ഒരു ഡോക്ടര്‍ തുടങ്ങിയവരാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. രഹസ്യമൊഴിയെടുത്ത ഏഴ് ജഡ്ജിമാരെയും സാക്ഷികളാക്കിയിട്ടുണ്ട്. കുറ്റം തെളിയിക്കുന്ന 101 രേഖകളും കുറ്റപത്രത്തോടൊപ്പം ഉണ്ട്. ബിഷപ്പിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്, ഇരയായ കന്യാസ്ത്രീയെ ഡോക്ടർ പരിശോധിച്ച റിപ്പോർട്ട് എന്നിവ കുറ്റപത്രത്തോടൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പിനെതിരായ കുറ്റപത്രം വൈകുന്നത് കേസ് അട്ടിമറിക്കുന്നതിന്റെ ഭാഗമായാണെന്ന ആരോപണം നേരത്തെ ഉണ്ടായിരുന്നു. പ്രതിഷേധം ശക്തമായതോടെയാണ് കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് അഞ്ച് മാസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.

കുറ്റപത്രം സമര്‍പ്പിച്ചതില്‍ സന്തോഷമുണ്ടെന്നും അന്വേഷണം തൃപ്തികരമാണെന്നും കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പറഞ്ഞു. തങ്ങള്‍ക്ക് ഭാഗികമായി നീതി ലഭിച്ചെന്നും പൂര്‍ണ്ണമായി നീതി ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും സിസ്റ്റര്‍ അനുപമ മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

2018 ജൂണിലാണ് ബിഷപ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീ പരാതി നല്‍കിയത്. പൊലീസ് ജലന്ധറില്‍ എത്തി ബിഷപ്പിനെ ചോദ്യം ചെയ്തുവെങ്കിലും അന്വേഷണം മുന്നോട്ടുപോകാത്ത സാഹചര്യത്തില്‍ കന്യാസ്ത്രീകള്‍ സെപ്റ്റംബര്‍ എട്ടിന് വഞ്ചി സ്‌ക്വയറില്‍ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിച്ചു. ഇതോടെ 19ന് ബിഷപ്പിനെ ചോദ്യം ചെയ്യലിനായി പൊലീസ് വിളിച്ചുവരുത്തി. മൂന്നു ദിവസം നീണ്ട ചോദ്യം ചെയ്യലിനു ശേഷം 21ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മൂന്നാഴ്ചയ്ക്കു ശേഷം ഫ്രാങ്കോ ജാമ്യത്തിലിറങ്ങി. ഒരു മാസം മുന്‍പ് ഡിജിപിക്ക് സമര്‍പ്പിച്ച കുറ്റപത്രമാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചത്.

Priest Parish Priest Rapes

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: