തിരുവനന്തപുരം: സർക്കാർ ഉത്തരവിനെ സുപ്രീം കോടതിയിൽ മറികടന്ന് ഡിജിപി സ്ഥാനത്ത് സെൻകുമാർ തിരികെ എത്തിയതിന് പിന്നാലെ സംസ്ഥാന പൊലീസിൽ തർക്കങ്ങളും ആരംഭിച്ചു. സംസ്ഥാനമൊട്ടുക്ക് പൊലീസ് സ്റ്റേഷനുകളിൽ ഒരേ കമ്പനിയുടെ ഒരേ നിറമുള്ള പെയിന്റ് ഉപയോഗിക്കണമെന്ന ഉത്തരവാണ് വിവാദമായിരിക്കുന്നത്. ഇക്കഴിഞ്ഞ ഏപ്രിൽ 28 ന് പുറത്തിറക്കിയ ഉത്തരവിൽ ഡിജിപി ലോക്നാഥ് ബെഹ്റ എല്ലാ സിഐ ഓഫീസുകളിലും ഡിവൈഎസ്‌പി ഓഫീസുകളിലും ഒരേ കമ്പനിയുടെ ഒരേ നിറമുള്ള പെയിന്റടിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

സംഭവത്തിൽ മുൻ ഡിജിപി ലോക്‌നാഥ് ബെഹ്റയ്‌ക്കെതിരെ ഇപ്പോഴത്തെ ഡിജിപി ടി.പി.സെൻകുമാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഇതിന് പിന്നാലെ ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് ലോക്നാഥ് ബെഹ്റ ആഭ്യന്തര സെക്രട്ടറിക്ക് വിശദീകരണം നൽകിയതായി റിപ്പോർട്ടുകളുണ്ട്.

പൊലീസ് ആസ്ഥാനത്തിന് ഒരേ കമ്പനിയുടെ പെയിന്റ് അടിക്കണമെന്നാണ് ബെഹ്റ, ഡിജിപി സ്ഥാനമൊഴിയുന്നതിന് തൊട്ട് മുൻപ് നിർദ്ദേശിച്ചത്. സെൻകുമാർ സ്ഥാനം ഏറ്റെടുത്തതോടെ മുൻ ഡിജിപി യുടെ പല ഉത്തരവുകളും പരിശോധിച്ചു. ഇതേ തുടർന്നാണ് പെയിന്റടിയിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഒരേ കമ്പനിയുടെ ഒരേ നിറം ഉപയോഗിക്കുമ്പോൾ നിറം മാറിപ്പോകില്ലെന്നാണ് ഇതിന് മുൻ ഡിജിപി നൽകുന്ന വിശദീകരണം. ഉത്തരവിൽ പെയിന്റ് കമ്പനിയുടെ പേര് അടക്കമാണ് ഡിജിപി ഇക്കാര്യം പറഞ്ഞത്. ഇത് പെയിന്റേതെന്ന് വ്യക്തമായി മനസിലാകുന്നതിനാണെന്നും അദ്ദേഹം വിശദീകരിച്ചിട്ടുണ്ട്.

അതേസമയം ഇന്ന് രാവിലെ ഡിജിപി ടി.പി.സെൻകുമാറിന്റെ മറ്റൊരു ഉത്തരവിനെതിരെ ആഭ്യന്തര സെക്രട്ടറിക്ക് ജൂനിയർ സൂപ്രണ്ടായ വി.എൻ. കുമാരി ബീന പരാതി നൽകിയിരുന്നു. രഹസ്യാന്വേഷണ വിഭാഗത്തിലെ ഏറെ പ്രാധാന്യമുള്ള ടി ബ്രാഞ്ചിൽ നിന്ന് ഇവരെ പ്രാധാന്യം കുറഞ്ഞ യു ബ്രാഞ്ചിലേക്ക് മാറ്റിയതിനെതിരെയായിരുന്നു ഇവരുടെ പരാതി.

പൊലീസ് ആസ്ഥാനത്തെ അതീവ രഹസ്യവിഭാഗമായ ടി ബ്രാഞ്ച് മേധാവി ജൂനിയര്‍ സൂപ്രണ്ട് ബീനയെ മാറ്റി കൊണ്ടായിരുന്നു സെന്‍കുമാറിന്റെ അടുത്ത ഉത്തരവ്. സേനയിലെ അപ്രധാന വകുപ്പായ യു സെക്ഷനിലേക്കാണ് ബീനയെ മാറ്റിയത്. ടി.പി സെൻകുമാറിന്റെ ഈ നടപടികളെ സർക്കാർ ഗൗരവത്തോടെയാണ് കാണുന്നത്.

ഈ സർക്കാർ അധികാരമേറ്റ ശേഷം ടിപി സെൻകുമാറിനെ ഡിജിപി സ്ഥാനത്ത് നിന്ന് നീക്കി പകരം ലോക്നാഥ് ബെഹ്റയെ ഡിജിപി ആയി നിയമിച്ചിരുന്നു. പിന്നീട് ഇതിനെതിരെ നിയമ നടപടി സ്വീകരിച്ച സെൻകുമാർ സുപ്രീം കോടതിയിൽ വിജയം കണ്ടു. എന്നാൽ ഡിജിപി ആയി ഇദ്ദേഹം ചുമതലയേൽക്കുന്നതിന് മുൻപ് ഉന്നത സ്ഥാനങ്ങൾ വഹിച്ചിരുന്ന നൂറ് പൊലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഇത് സെൻകുമാറിന്റെ പൊലീസ് സേനയക്കകത്തെ സ്വാധീനം കുറയ്ക്കാനാണെന്നായിരുന്നു വ്യാഖ്യാനം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ