തിരുവനന്തപുരം: പൊതുസ്ഥലത്ത് പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി വരുന്ന രക്ഷിതാക്കള്‍ക്കെതിരെ നിയമ നടപടി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കേരളാ പൊലീസ്. കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

“പത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന് 2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന വാ​ർ​ത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ സൈബർ ഡോമിന് നിർദേശം നൽകി​യി​ട്ടു​ണ്ട്.”

പത്തു വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ളുമായി പൊ​തുസ്ഥ​ല​ത്തു വരുന്നവരിൽ നിന്ന് 2,000 രൂ​പ പി​ഴ​ ഈടാ​ക്കു​മെ​ന്ന…

Posted by Kerala Police on Wednesday, 3 February 2021

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നുവെന്നും കുട്ടികളെയും മുതിര്‍ന്നവരെയും പൊതുസ്ഥലത്ത് കൊണ്ടുവന്നാല്‍ പിഴ ഈടാക്കുമെന്നുമായിരുന്നു വാര്‍ത്ത. പത്തു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കും 60 വയസ്സിന് മുകളിലുള്ളവര്‍ക്കുമാണ് പൊതുസ്ഥലത്ത് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളതെന്നും ഇത് ലംഘിക്കുന്നവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കുമെന്നും വാര്‍ത്തയില്‍ പറഞ്ഞിരുന്നു.

പിഴ ഈടാക്കുമെന്ന് പൊലീസ് അറിയിച്ചുവെന്ന തരത്തിലാണ് വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ ഈ വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നാണ് നിലവില്‍ കേരള പൊലീസ് അറിയിച്ചത്.

അതേസമയം, കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ ശക്തമാക്കാൻ സർക്കാർ നേരത്തെ തീരുമാനിച്ചിരുന്നു. കലക്‌ടർമാരെ സഹായിക്കാൻ ജില്ലകളിൽ ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുതിയ ചുമതല നൽകി. പതിനാല് ജില്ലകളിലും കലക്‌ടർമാരെ സഹായിക്കാൻ ഐഎഎസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങള്‍ ഫലപ്രദമായി നടപ്പാക്കുകയും വിവിധ തലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കലക്‌ടർമാരെ സഹായിക്കുകയുമാണ് ഇവരുടെ ദൗത്യം. എത്രയും വേഗം അതാതിടങ്ങളില്‍ ചുമതലയേല്‍ക്കാനാണ് ഐഎഎസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരിക്കുന്നത്. ഓരോ സ്ഥലത്തെയും സ്ഥിതി പരിശോധിച്ച് കര്‍ശന നടപടിക്ക് കലക്‌ടർമാർക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. മൈക്രോ കണ്ടെയ്‌ൻമെന്റ് സോണുകളില്‍ ആവശ്യമെങ്കില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നും ഉത്തരവിലുണ്ട്.

ഫെബ്രുവരി 10 വരെ സംസ്ഥാനത്ത് 25,000 ത്തോളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ ശക്തമാകുന്നതിന്റെ ഭാഗമായാണിത്. യാത്രകൾ അത്യാവശ്യത്തിനു മാത്രം. രാത്രി പത്ത് കഴിഞ്ഞാലുള്ള യാത്രകൾ ഒഴിവാക്കണം. വിവാഹ ചടങ്ങുകൾ തുറസായ സ്ഥലങ്ങളിൽ നടത്താൻ ശ്രദ്ധിക്കണം. ആളുകളുടെ എണ്ണം പരിമിതപ്പെടുത്തണം. രോഗവ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ബസ് സ്റ്റാൻഡുകളിലും ഷോപ്പിങ് മാളുകളിലും പൊലീസ് പരിശോധന കർശനമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.