തിരുവനന്തപുരം: അനധികൃതമായി ഒപ്പം നിർത്തിയിരിക്കുന്ന പൊലീസുകാരെ 24 മണിക്കൂറിനകം മടക്കി അയയ്ക്കണമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദ്ദേശം. ഇതു സംബന്ധിച്ച സർക്കുലർ ഡിജിപി പുറത്തിറക്കി. സർക്കുലറിലെ കാര്യങ്ങൾക്കു വിരുദ്ധമായി പ്രവർത്തിച്ചാൽ കർശന നടപടിയുണ്ടാകുമെന്നും ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.
ഓരോ ഉദ്യോഗസ്ഥർക്കും ഒപ്പം നിർത്താവുന്ന പൊലീസുകാരുടെ എണ്ണവും മാനദണ്ഡവും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരുടെ ക്യാംപ് ഓഫിസിൽ ഒരു പേഴ്സനൽ സ്റ്റാഫിനെ വയ്ക്കാം. ഈ സ്റ്റാഫിനെ വീട്ടുപണിക്ക് ഉപയോഗിക്കരുത്. ഡിവൈഎസ്പിക്കും (തത്തുല്യ റാങ്കിലുള്ള അസി.കമ്മിഷണർ ഉൾപ്പെയുള്ളവർക്കും) ഒരു പിസി/സിപിഒയെ ഒപ്പം നിർത്താമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു. ഇതിൽ കൂടുതലുള്ള മുഴുവൻ പൊലീസുകാരെയും 24 മണിക്കൂറിനുള്ളിൽ മടക്കി അയയ്ക്കണമെന്ന നിർദ്ദേശം എസ്പി മുതലുള്ള മുഴുവൻ ഉദ്യോഗസ്ഥർക്കും ഡിജിപി നൽകിയിട്ടുണ്ട്.
പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപിയും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉന്നത ഉദ്യോഗസ്ഥരിൽ പലരും ഇത് കേട്ടഭാവം നടിച്ചില്ല. ഇതേത്തുടർന്നാണ് ഡിജിപി സർക്കുലർ ഇറക്കിയത്.
പൊലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയ്യിക്കാൻ ആർക്കും അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ നിയമസഭയിൽ പറഞ്ഞിരുന്നു. പൊലീസുകാർ പട്ടിയെ കുളിപ്പിക്കേണ്ട. പട്ടിയെ കുളിപ്പിക്കലും വീട്ടു ജോലിയും പൊലീസിന്റെ പണിയല്ല. സുരക്ഷാ ചുമതലകൾക്കായി 335 പേരെ നിയോഗിച്ചിട്ടുണ്ട്. ഇവരെ ദാസ്യപ്പണിക്ക് നിയോഗിച്ചാൽ കർശന നടപടിയെടുക്കും. അച്ചടക്കത്തിന്റെ പേരിൽ തെറ്റായ കാര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ ചെയ്താൽ നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.