തിരുവനന്തപുരം: സിപിഎം-ബിജെപി സംഘർഷങ്ങളെ തുടർന്ന് തിരുവനന്തപുരത്ത് പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. അക്രമം വ്യാപകമായ സാഹചര്യത്തിലാണ് ജില്ല കളക്ടർ നിരോധനാജ്ഞ നീട്ടിയത്.

പ്രകോപനം സൃഷ്ടിക്കുന്ന വിധത്തിൽ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റുകളോ, ചിത്രങ്ങളോ, വീഡിയോകളോ പങ്കുവയ്ക്കാൻ പാടില്ലെന്ന കർശന നിർദ്ദേശം പൊലീസ് പുറപ്പെടുവിച്ചിട്ടുണ്ട്. വാട്സാപ്പ് സന്ദേശങ്ങളും ഫെയ്സ്ബുക്ക് സന്ദേശങ്ങളും അടക്കം എല്ലാ സോഷ്യൽ മീഡിയകളും പൊലീസിന്റെ കർശന നിരീക്ഷണത്തിലാണ്.

അതേസമയം തുടർ അക്രമങ്ങളുടെയും കൊലപാതകത്തിന്റെയും സാഹചര്യത്തിൽ തിരുവനന്തപുരം കടുത്ത ഭീതിയിലാണ്. തിരുവനന്തപുരത്ത് രണ്ട് ദിവസം വ്യാപക അക്രമങ്ങൾ നടന്നതിന് പിന്നാലെയാണ് ഇന്നലെ രാത്രി ആർഎസ്എസ് പ്രവർത്തകൻ കൊല്ലപ്പെട്ടത്.

ശാഖ പ്രവർത്തനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആർഎസ്എസ് പ്രവർത്തകൻ രാജേഷ് ഇന്നലെ രാത്രിയിലാണ് കൊല്ലപ്പെട്ടത്. അക്രമവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന മൂന്ന് പേർ പിടിയിലായിട്ടുണ്ട്. ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ