കൊച്ചി: മുല്ലപ്പെരിയാര്‍ ഡാമില്‍ വിള്ളല്‍ എന്ന ഓഡിയോ ക്ലിപ്പ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഈ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നാണ് കേരള പൊലീസ് നല്‍കുന്ന വിശദീകരണം.

പെരിയാര്‍ നദി പരിസരത്ത് നില്‍ക്കുന്നവര്‍ക്ക് ആശങ്കയുണ്ടാക്കുന്ന വാര്‍ത്തയാണിത്. ഈ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചവരെ കണ്ടെത്തി നടപടിയെടുക്കുമെന്ന് കേരള പൊലീസ് അറിയിച്ചു. പ്രചരണത്തിന്റെ ഉറവിടം കണ്ടെത്താന്‍ സൈബര്‍ സെല്ലിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഉടന്‍ നടപടിയെടുക്കുമെന്നും കേരള പൊലീസ് അറിയിച്ചു.

മുല്ലപ്പെരിയാറിലെ സ്ഥിതി നിയന്ത്രണ വിധേയമാണ്. രണ്ടു സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥര്‍ അണക്കെട്ടിലെ ജലനിരപ്പ് അവലോകനം ചെയ്യുന്നുണ്ട്. അണക്കെട്ടിന് താഴെയുള്ളവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ജില്ലാ ഭരണകൂടം നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നടപടികളുമായി സഹകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

അതേസമയം, മുല്ലപ്പെരിയാറിലെ സ്ഥിതി സംബന്ധിച്ച് നാളെ റിപ്പോര്‍ട്ട് നല്‍കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. രാവിലെ റിപ്പോര്‍ട്ട് നല്‍കണം. ജലനിരപ്പ് 139 അടിയായി കുറയ്ക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യത്തിൽ ഉടനെ തന്നെ തീരുമാനമെടുക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ