തിരുവനന്തപുരം: സ്റ്റേഷൻ ഹൗസ് ഓഫീസർമാരുടെ ചുമതല നിർവ്വഹിക്കുന്നതിനായി സംസ്ഥാനത്ത് 268 സിഐ മാരുടെ അധിക തസ്തിക സൃഷ്ടിക്കണമെന്ന ഡിജിപിയുടെ ശുപാർശ ചീഫ് സെക്രട്ടറി മടക്കി. ശുപാർശ അപൂർണ്ണമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് സെക്രട്ടറിയുടെ നടപടി.
സംസ്ഥാനത്തെ 471 പൊലീസ് സ്റ്റേഷനുകളുടെ ചുമതല സിഐമാർക്ക് കൈമാറാനായിരുന്നു സർക്കാർ തീരുമാനം. 203 സ്റ്റേഷനുകളിൽ മാത്രമേ നിയമനം നടത്താൻ സാധിച്ചുളളൂ. ശേഷിച്ച ഇടങ്ങളിൽ സിഐ മാരെ നിയമിക്കുന്നതിനായിരുന്നു ഡിജിപി ലോക്നാഥ് ബെഹ്റ ശുപാർശ സമർപ്പിച്ചത്.
എന്നാൽ എസ്ഐമാർക്ക് സ്ഥാന കയറ്റം നൽകുമ്പോൾ സർക്കാരിനുണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യതയെ കുറിച്ചും, സേനയ്ക്ക് ഉണ്ടാകുന്ന നേട്ടത്തെ കുറിച്ചും റിപ്പോർട്ട് പരാമർശിക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറി ശുപാർശ മടക്കിയത്. നേരത്തെ ധനവകുപ്പും ശുപാർശയെ എതിർത്തിരുന്നു. സാമ്പത്തിക ബാധ്യത ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.
സേനയുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിന് പുതിയ തസ്തികള്‍ അനിവാര്യമാണെന്നും ഏകീകൃത സ്വഭാവത്തിന് ബാക്കി സ്റ്റേഷനുകളിൽ സിഐമാരെ നിയമിക്കണമെന്നാണ് ഡിജിപിയുടെ നിലപാട്. സ്ഥാനക്കയറ്റത്തിന് പരിഗണിക്കുന്നവർ ഇപ്പോള്‍ തന്നെ സിഐയുടെ ശമ്പളം വാങ്ങുന്നതിനാൽ വലിയ ബാധ്യത വരില്ലെന്നായിരുന്നു ഡിജിപിയുടെ റിപ്പോർട്ട്.
എന്നാൽ സാമ്പത്തിക ബാധ്യതയെ കുറിച്ച് കൃത്യമായി വിശദീകരിക്കുന്നില്ലെന്ന് ടോം ജോസ് പറഞ്ഞു. ഇതുവരെ 203 സ്റ്റേഷനുകളിൽ തീരുമാനം നടപ്പിലാക്കിയത് കൊണ്ട് എന്ത് മാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം ചോദിച്ചു. ഇതോടെ പുതിയ റിപ്പോർട്ട് തിങ്കളാഴ്ച സമർപ്പിക്കാനാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.