ആലുവ: വരാപ്പുഴ കസ്റ്റഡി കൊലപാതകത്തിന് ശേഷവും സാധാരണക്കാരോടുളള ജനങ്ങളുടെ പെരുമാറ്റത്തിൽ മാറ്റമില്ലെന്ന് വ്യക്തമാക്കുന്ന മറ്റൊരു സംഭവം കൂടി ഇന്നലെ അരങ്ങേറി. ആലുവ എടത്തല പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ എടത്തല ടൗണിൽ വച്ച് യുവാവിനെ മർദ്ദിച്ചു.
ഗൾഫിൽ നിന്നു രണ്ടു മാസത്തെ അവധിക്കു നാട്ടിലെത്തിയ കുഞ്ചാട്ടുകര മരുത്തുംകടി ഉസ്‌മാനാണ് (38) പൊലീസ് മർദനത്തിന് ഇരയായത്.
ഇന്നലെ രാത്രി വീട്ടിലേക്കുളള ഭക്ഷണ സാധനങ്ങളുമായി പോവുകയായിരുന്ന ഉസ്‌മാന്റെ ബൈക്കിൽ സ്വകാര്യ കാറിടിച്ചതായാണ് നാട്ടുകാർ പറയുന്നത്. വീണ് പരുക്കേറ്റ ഉസ്‌മാൻ കാറിലുണ്ടായിരുന്നവരോട് തട്ടിക്കയറി.
എന്നാൽ പോക്സോ കേസിലെ പ്രതിയെ പിടികൂടി സ്റ്റേഷനിലേക്ക് പോവുകയായിരുന്ന മഫ‌്തിയിലായിരുന്ന പൊലീസ് സംഘമാണ് കാറിലുണ്ടായിരുന്നത്. എസ്ഐയുടെ സ്വകാര്യ കാറിലായിരുന്നു ഇവർ. നാട്ടുകാരുടെ മുന്നിലിട്ട് ഉസ്‌മാനെ ഇവർ മർദ്ദിച്ചു. പിന്നീട് കാറിലേക്ക് വലിച്ചുകയറ്റി കൊണ്ടുപോയി.
ക്വട്ടേഷൻ സംഘമാണ് ഉസ്‌മാനെ തട്ടിക്കൊണ്ടുപോയതെന്ന് കരുതി നാട്ടുകാർ ഓടി പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ആക്രമിച്ചത് പൊലീസാണെന്ന് വ്യക്തമായത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ആലുവ എംഎൽഎ അൻവർ സാദത്ത് ഐജി വിജയ് സാഖറെയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ ഇദ്ദേഹത്തെയും പൊലീസ് അസഭ്യം പറഞ്ഞതായി ആരോപണമുണ്ട്.
ഉസ്‌മാനെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാതെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കാനുളള ശ്രമം ഇന്നലെ ആലുവയിലെ സർക്കാർ ആശുപത്രി പരിസരത്തും സംഘർഷാവസ്ഥ സൃഷ്ടിച്ചു. ഈ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരുക്കേറ്റു.
പിന്നാലെ ഉസ്‌മാനെ പൊലീസ് സ്റ്റേഷനിലേക്ക് തിരികെ കൊണ്ടുവന്നു. ആലുവ ഡിവൈഎസ്‌പി പ്രഫുല്ലചന്ദ്രൻ സ്ഥലത്തെത്തിയ ശേഷമാണ് ഉസ്‌മാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംഭവത്തിൽ ഉസ്‌മാനെതിരെ പൊലീസിന്റെ കൃത്യവിലോപം തടസപ്പെടുത്തിയെന്നും പൊലീസുദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്തെന്നും കാട്ടി കേസെടുത്തിട്ടുണ്ട്.