കണ്ണൂർ: മാവേലി എക്സ്പ്രസ് ട്രെയിനിൽ യാത്രക്കാരനെ പൊലീസ് മർദിച്ച സംഭവത്തിൽ എഎസ്ഐ എംസി പ്രമോദിനെ സസ്പെൻഡ് ചെയ്തു. എഎസ്ഐയ്ക്കെതിരെ വകുപ്പു തല അന്വേഷണം പ്രഖ്യാപിക്കാനും തീരുമാനമായി. റെയിൽവേ പൊലീസ് അഡ്മിനിസ്ട്രേഷൻ വിഭാഗം ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല.
സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജു നാഥ് നിർദേശം നൽകി.
മർദിച്ച എഎസ്ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണം പ്രഖ്യാപിക്കും. റെയിൽവേ പൊലീസ് അഡ്മിനിസ്ട്രേഷൻ വിഭാഗം ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
ഇന്ന് രാവിലെയാണ് ട്രെയിൻ യാത്രക്കാരനെ പൊലീസ് മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. യാത്രക്കാരനെ പൊലീസുകാരൻ ബൂട്ട് ഉപയോഗിച്ച് ചവിട്ടുന്നതും നിലത്ത് വലിച്ചിട്ട് മർദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. ജനറൽ ടിക്കറ്റുമായി സ്ലീപ്പർ കോച്ചിൽ യാത്ര ചെയ്തതിനാണ് യാത്രക്കാരനെ മർദിച്ചതെന്ന് വാർത്താ ചാനലുകൾ റിപ്പോർട്ട് ചെയ്യുന്നു.
സ്ലീപ്പർ കംപാർട്ട്മെന്റിലുണ്ടായിരുന്ന യാത്രക്കാരനോട് പൊലീസ് ഉദ്യോഗസ്ഥൻ ടിക്കറ്റ് ചോദിച്ചു. സ്ലീപ്പർ ടിക്കറ്റില്ലെന്നും ജനറൽ ടിക്കറ്റ് മാത്രമേയുള്ളൂവെന്നും യാത്രക്കാരൻ പറഞ്ഞു. കയ്യിലുള്ള ടിക്കറ്റ് എടുക്കാൻ പൊലീസുകാരൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാൾ ബാഗിൽ ടിക്കറ്റ് തിരയുന്നതിനിടെയാണ് പൊലീസുകാരൻ മർദിച്ചതെന്ന് ദൃശ്യങ്ങൾ പകർത്തിയ യാത്രക്കാരൻ പറഞ്ഞതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം, ഇയാൾ മോശമായി പെരുമാറിയെന്നു സ്ത്രീകൾ പരാതിപ്പെട്ടിരുന്നുവെന്നുവെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.
അതേസമയം, ടിക്കറ്റില്ലാത്ത യാത്രക്കാരനെ ഇറക്കിവിടുക മാത്രമാണ് ചെയ്തതെന്നും മർദ്ദിച്ചുവെന്ന ആരോപണം തെറ്റാണെന്നും കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ എസ്ഐഐ പ്രമോദ് പറഞ്ഞു. യാത്രക്കാരനെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ എഎസ്ഐയുടെ അതിക്രമം അന്വേഷിക്കുമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. റെയില്‍വേ എസ്പിയോട് ഇന്റലിജന്‍സ് എഡിജിപി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
Read More: കുതിച്ചുയർന്ന് കോവിഡ് കേസുകൾ; ഇന്ത്യയിൽ ഒമിക്രോൺ ബാധിതരുടെ എണ്ണം 1700 ആയി