കണ്ണൂർ: ഇരിക്കൂറിൽ മറുനാടൻ തൊഴിലാളിയെ കൊന്ന് കുഴിച്ചു മൂടിയ കേസിലെ പ്രതിയെ പൊലീസ് പിടികൂടിയത് മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷത്തിന് ഒടുവിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ ആഷിഖുൽ ഇസ്ലാമിനെ (21) കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പരേഷ്നാഥ് മണ്ഡൽ (26) ആണ് പിടിയിലായത്. ഇസ്ലാമിനെ കൊലപ്പെടുത്തിയ ശേഷം നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ ശുചിമുറിയിൽ കുഴിച്ചിടുകയായിരുന്നു.
മൃതദേഹം കുഴിച്ചിട്ട ശേഷം അതിനു മുകളിൽ പിറ്റേ ദിവസം കോൺക്രീറ്റും ഇട്ട് മുങ്ങിയതോടെ താൻ ഒരിക്കലും പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു പ്രതിയായ പരേഷ്‌നാഥെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ പൊലീസ് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ കുടുങ്ങി.
ജൂണ്‍ 28 മുതലാണ് ആഷിഖുൽ ഇസ്ലാമിനെ കാണാതായത്. അതിനു പിന്നാലെ അയാള്‍ക്കൊപ്പം താമസിച്ചിരുന്ന സുഹൃത്തുക്കളായ പരേഷ് നാഥ് മണ്ഡലും ഗണേഷും നാടുവിട്ടു. നാടു വിടും മുൻപ് പരേഷ്നാഥ് ഇസ്ലാമിന്റെ സഹോദരൻ മോമിനെ വിളിച്ച് ഫോൺ നന്നാക്കാൻ പോയ ഇസ്ലാമിനെ കാണാനില്ല എന്നു പറഞ്ഞിരുന്നു. തുടർന്ന്, കണ്ണൂരിൽ തന്നെ നിര്‍മാണത്തൊഴിലാളിയായി ജോലി ചെയ്യുന്ന മോമിൻ ഇരിക്കൂര്‍ പൊലീസില്‍ പരാതി നല്‍കി.
ആഷിഖുൽ ഇസ്ലാമിനൊപ്പം താമസിച്ചവരെ ബന്ധപ്പെടാന്‍ പൊലീസ് ശ്രമിച്ചപ്പോഴാണ് അവര്‍ നാടുവിട്ടതായി പൊലീസിന് മനസിലായത്. ഇവരുടെ ഫോണും സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
എന്നാല്‍ കുറച്ച് നാൾ മുന്നേ മണ്ഡലിന്റെ ഫോണ്‍ സ്വിച്ച് ഓൺ ആയതായി അന്വേഷണ സംഘം കണ്ടെത്തി. തുടര്‍ന്ന് ടവര്‍ ലോക്കേഷന്‍ പരിശോധിച്ചപ്പോൾ ഇയാള്‍ മഹാരാഷ്ട്രയില്‍ ഉണ്ടെന്ന് മനസിലായി. ഇതോടെ പ്രത്യേക അന്വേഷണ സംഘം ഇസ്ലാമിന്റെ സഹോദരന്‍ മോമിനെയും കൂട്ടി കണ്ണൂരിൽനിന്നു മഹാരാഷ്ട്രയിലേക്ക് കഴിഞ്ഞ ശനിയാഴ്ച പോവുകയായിരുന്നു.
Also read: കോഴിക്കോട് കൂട്ടബലാത്സംഗക്കേസ്: രണ്ടുപേർ കൂടി പിടിയിൽ
പരേഷ്നാഥ് മണ്ഡലിനെ മുംബൈയില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള പാല്‍ഗഡില്‍നിന്നാണ് മഹാരാഷ്ട്ര പൊലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പ്രതിയുമായി തിങ്കളാഴ്ചയോടെ പൊലീസ് കണ്ണൂരിൽ തിരിച്ചെത്തി.
പണത്തിനു വേണ്ടിയാണ് പ്രതികൾ ആഷിഖുൽ ഇസ്ലാമിനെ കൊലപ്പെടുത്തിയതെന്നാണു പൊലീസ് പറയുന്നത്. ചുറ്റിക കൊണ്ട് തലക്കടിച്ചും ശ്വാസം മുട്ടിച്ചുമാണ് കൊലപ്പെടുത്തിയത്. കൊലപ്പെടുത്തിയ ശേഷം കുഴിച്ചിടാൻ പറഞ്ഞത് ഒപ്പമുണ്ടായിരുന്ന ഗണേഷാണെന്നാണ് പരേഷ്‌നാഥ് മൊഴി നല്കിയതായും പൊലീസ് പറയുന്നു.
ദൃശ്യത്തിന്റെ ഹിന്ദി പതിപ്പോ മലയാളമോ കണ്ടിട്ടില്ലെന്നും പ്രതി മൊഴി നൽകിയതായാണ് വിവരം. ഗണേഷിനെ കണ്ടെത്തുന്നതിനായുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പൊലീസ്.