തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരെ വിവിധ സംഘടനകൾ ഡിസംബർ 17ന് ആഹ്വാനം ചെയ്ത ഹർത്താൽ നിയമവിരുദ്ധമെന്ന് പൊലീസ്. സമൂഹമാധ്യമങ്ങളിൽ സംയുക്ത ഹർത്താൽ എന്ന തരത്തിൽ പ്രചരണം നടക്കുന്നുണ്ടെങ്കിലും ഇതു സംബന്ധിച്ച നോട്ടീസ് ലഭിച്ചട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.

ഹർത്താൽ നടത്താൻ ഉദ്ദേശിക്കുന്ന സംഘടന ഏഴു ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന ഹൈക്കോടതി ഉത്തരവ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ഹർത്താൽ നടത്തിയാൽ കർശന നിയനടപടികളുണ്ടാകുമെന്നും പൊലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് എല്ലാ ജില്ലകളിലെയും പൊലീസ് മേധാവികൾ വാർത്തകുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതേസമയം ഹർത്താലിന് ആഹ്വാനം ചെയ്ത സംഘടനകൾ ഇതുവരെ പ്രതികരണവുമായി രംഗത്തെത്തിയിട്ടില്ല.

സിപിഎം ഉൾപ്പടെയുള്ള പാർട്ടികൾ ഹർത്താലിനെതിരെ രംഗത്തെത്തിയിരുന്നു. അതിവിശാലമായ ജനകീയ പ്രസ്ഥാനം കെട്ടിപ്പടുക്കുന്ന ഈ സാഹചര്യത്തില്‍ ചില സംഘടനകള്‍ മാത്രം പ്രത്യേകമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത് ജനകീയ യോജിപ്പിന് സഹായിക്കുന്ന ഒന്നല്ലെന്ന് സിപിഎം പ്രസ്താവനയിൽ വ്യക്തമാക്കി. ചില സംഘടനകള്‍ പ്രത്യേകമായി ഹര്‍ത്താല്‍ നടത്തുന്നതിനെ അനുകൂലിക്കാനാവില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ വലിയ പ്രക്ഷോഭത്തിൽ അണിനിരക്കുന്നത്. ഇതിനിടയിൽ സംഘടനകള്‍ ചേരിതിരിഞ്ഞ് ഹര്‍ത്താല്‍ നടത്തുന്നത് ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണ്. ഇത് ജനങ്ങള്‍ക്കിടയില്‍ മതപരമായ ഭിന്നിപ്പിന് ഇടയാക്കുമെന്നും അതിനാൽ ജനങ്ങളുടെ യോജിപ്പ് ആഗ്രഹിക്കുന്നവര്‍ ഹര്‍ത്താലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സിപിഎം ആവശ്യപ്പെട്ടു.

ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തി കേരളം യോജിച്ച പ്രക്ഷോഭം നടത്തുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ നേരത്തെ പറഞ്ഞിരുന്നു. മന്ത്രിസഭാംഗങ്ങളും പ്രതിപക്ഷ നേതാവും കക്ഷിനേതാക്കളും സാമൂഹ്യനേതാക്കളും ഉൾപ്പെടെയുള്ളവരെ പങ്കെടുപ്പിച്ച് ഡിസംബര്‍ 16ന് തിരുവനന്തപുരത്ത് സത്യഗ്രഹ സമരം നടത്തും. രക്തസാക്ഷി മണ്ഡപത്തിനു മുന്നില്‍ രാവിലെ 10 മണിക്ക് സത്യഗ്രഹം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനും യോഗത്തിൽ പങ്കെടുക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.