തിരുവനന്തപുരം: ഹയർ സെക്കൻഡറി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. രാവിലെ 11 മണിക്ക് സെക്രട്ടേറിയേറ്റിലെ പിആർ ചേംബറിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ് ടുവിൽ 83.75 ഉം വിഎച്ച് എസ്‌സിക്ക് 90.24 ഉം ആണ് സംസ്ഥാനത്തെ വിജയശതമാനം. കണ്ണൂർ ജില്ലയിലാണ് ഏറ്റവും കൂടുതൽ വിജയശതമാനം (86.75%). ഏറ്റവും കുറവ് പത്തനംതിട്ട ജില്ലയിലാണ് (7716).

2042 പരീക്ഷാ കേന്ദ്രങ്ങളിലായി സ്കൂൾ ഗോയിങ് റെഗുലർ വിഭാഗത്തിൽനിന്നായി 3,69,021 പേർ പരീക്ഷ എഴുതി. 3,09,065 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 14,735 വിദ്യാര്‍ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് ഗ്രേഡ് നേടി. ഇതിൽ 10,899 പേർ പെൺകുട്ടികളും 3,836 ആൺകുട്ടികളുമാണ്. സയൻസ് വിഭാഗത്തിൽനിന്ന് 11,569 പേർക്കും ഹ്യുമാനിറ്റീസ് വിഭാഗത്തിൽനിന്ന് 670 പേർക്കും കൊമേഴ്സ് വിഭാഗത്തിൽനിന്ന് 2,496 പേർക്കും എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു.

മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ എ പ്ലസ് നേടിയത്. 1,935 കുട്ടികളാണ് എ പ്ലസ് നേടിയത്. ഏറ്റവും കുറവ് എ പ്ലസ് നേടിയ വിദ്യാർത്ഥികൾ ഉളള ജില്ല പത്തനംതിട്ടയാണ്. 79 സ്കൂളുകൾ 100 ശതമാനം വിജയം നേടി.

Kerala Plus Two Result 2018 LIVE: DHSE Kerala Class 12th HSE: പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 83.75 വിജയശതമാനം

തിരുവനന്തപുരം പട്ടത്തെ സെന്റ് മേരീസ് എച്ച്എസ്എസ് സ്കൂളാണ് ഏറ്റവും കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത്. 834 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയ സർക്കാർ സ്കൂൾ മലപ്പുറം തിരൂരങ്ങാടിയിലെ ജിഎച്ച്എസ്എസ് ആണ്. 601 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്.

സേ, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുളള അവസാന തീയതി ഈ മാസം 15 ആണ്. ജൂണ്‍ 5 മുതല്‍ 12 വരെയാണ് സേ/ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ നടക്കുന്നത്. റീവാല്യുവേഷന് കൊടുക്കാനുളള അവസാന തീയതി മെയ് 15.

dhsekerala.gov.in, keralaresults.nic.in എന്നീ വെബ്സൈറ്റുകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഫലം ലഭ്യമാകും. PRD live, Saphalam 2018, iExaMS എന്നീ മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭിക്കും. results.itschool.gov.in, cdit.org, prd.kerala.gov.in, results.nic.in, educationkerala.gov.in, examresults.net/kerala എന്നീ വെബ്സൈറ്റുകളില്‍ നിന്നും പരീക്ഷാ ഫലം ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.