പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം; സുരക്ഷയൊരുക്കി സര്‍ക്കാര്‍

ഒക്ടോബര്‍ 13 ന് വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പരീക്ഷയും ഒക്ടോബര്‍ 18 ന് പ്ലസ് വണ്‍ പരീക്ഷകളും അവസാനിക്കും

CBSE, Plus Two Exam

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പ്ലസ് വണ്‍ പരീക്ഷകള്‍ക്ക് തുടക്കം. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചാണ് പരീക്ഷകള്‍ നടത്തുന്നത്. ഓരോ പരീക്ഷയും തമ്മിൽ അഞ്ച് ദിവസം വരെ ഇടവേളയുണ്ട്. വിഎച്ച്എസ്ഇ ഒന്നാം വര്‍ഷ പരീക്ഷ ഒക്ടോബര്‍ 13 നും പ്ലസ് വണ്‍ പരീക്ഷ 18 നും പൂർത്തിയാകും.

വിദ്യാർഥികൾക്ക് ഒരു പ്രവേശന കവാടത്തിലൂടെ മാത്രമേ പ്രവേശനം അനുവദിക്കൂ. പ്രവേശന കവാടത്തിൽ സാനിറ്റൈസർ നൽകാനും തെർമൽ സ്കാനർ ഉപയോഗിച്ച് ശരീരോഷ്മാവ് പരിശോധിക്കാനും സംവിധാനമുണ്ടാകും. അനധ്യാപക ജീവനക്കാർ, പിടിഎ അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, എസ്എസ്കെ ജീവനക്കാർ തുടങ്ങിയവരുടെ സേവനമാണ് ഇതിനായി ഉപയോഗിക്കുന്നത്. വിദ്യാർഥികൾക്ക് യൂണിഫോം നിർബന്ധമല്ല.

സ്കൂൾ വളപ്പിൽ കുട്ടികൾ സാമൂഹിക അകലം പാലിക്കണം. മാസ്ക് നിര്‍ബന്ധമായും ധരിക്കണം. കുട്ടികൾക്കു പരസഹായം കൂടാതെ പരീക്ഷാഹാളിൽ എത്തിച്ചേരാനായി പ്രവേശന കവാടത്തിൽ തന്നെ എക്സാം ഹാൾ ലേ ഔട്ട് പ്രദർശിപ്പിക്കും. പരീക്ഷയ്ക്ക് മുമ്പും ശേഷവും വിദ്യാർഥികൾ കൂട്ടം കൂടാന്‍ പാടില്ല.

ശരീരോഷ്മാവ് കൂടുതലുള്ളതും ക്വാറന്റൈനിൽ ഉള്ളതുമായ വിദ്യാർഥികള്‍ക്ക് പ്രത്യേക ക്ലാസ് മുറിയിലായിരിക്കും പരീക്ഷ. ക്ലാസ് മുറികളിൽ പേന, കാൽക്കുലേറ്റർ മുതലായവയുടെ കൈമാറ്റം അനുവദിക്കില്ല. പരീക്ഷാ കേന്ദ്രത്തിന് അകത്തും പുറത്തും വിദ്യാർത്ഥികൾ അനുവർത്തിക്കേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങൾ ഉൾപ്പെടുന്ന നോട്ടീസ് പ്രവേശനകവാടത്തിൽ പ്രദർശിപ്പിക്കും.

കോവിഡ് വ്യാപനം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ പരീക്ഷ നടത്തുന്നതിനെതിരെ ചില രക്ഷകര്‍ത്താക്കളും വിദ്യാര്‍ഥികളും കോടതിയെ സമീപിച്ചിരുന്നു. കോടതി ആദ്യ ഘട്ടത്തില്‍ പരീക്ഷ താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചു കൊണ്ട് പരീക്ഷ ഓഫ്‌ലൈനായി നടത്താന്‍ സുപ്രീം കോടതി അനുവാദം നല്‍കുകയായിരുന്നു.

Also Read: സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കും; കുട്ടികൾക്കായി ബയോ ബബിൾ സംവിധാനമൊരുക്കും

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala plus one examinations starts today

Next Story
സ്‌കൂളുകള്‍ നവംബര്‍ ഒന്നിന് തന്നെ തുറക്കും; കുട്ടികൾക്കായി ബയോ ബബിൾ സംവിധാനമൊരുക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com
X