തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷാ തീയതിയിൽ മാറ്റം. ജൂൺ 13 മുതൽ 30 വരെ പ്ലസ് വൺ പൊതുപരീക്ഷകൾ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ജൂൺ രണ്ട് മുതൽ ഏഴ് വരെ മോഡൽ പരീക്ഷകളും നടത്തും. ജൂലൈ രണ്ടിന് രണ്ടാം വർഷ ഹയർ സെക്കൻഡറി ക്ലാസുകൾ ആരംഭിക്കും.
ഇത്തവണ പ്ലസ് വൺ പരീക്ഷയ്ക്ക് ഫോക്കസ് ഏരിയ ഉണ്ടാകില്ലെന്ന് മന്ത്രി അറിയിച്ചു. അതിനെ കുറിച്ച് ആശങ്ക വേണ്ടെന്നും പരീക്ഷ തീയതി നീട്ടിയത് അതുകൊണ്ടാണെന്നും മന്ത്രി പറഞ്ഞു.
ജൂൺ ഒന്നിന് സ്കൂളുകളിൽ പ്രവേശനോത്സവം നടത്തും. തിരുവനതപുരത്ത് സംസ്ഥാനതല ഉദ്ഘാടനം നടക്കും. ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ ആരംഭിക്കും. മേയ് രണ്ടാം വാരം മുതൽ അധ്യാപകർക്ക് പരിശീലനം നൽകും. കോവിഡ് പ്രവർത്തനമാനദണ്ഡം അനുസരിച്ചാകും സ്കൂളുകൾ പ്രവർത്തിക്കുകയെന്നും മന്ത്രി പറഞ്ഞു.
പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായതായും മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. ഏപ്രിൽ 28ന് പാഠപുസ്തക വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തലസ്ഥാനത്ത് നടത്തും. സര്‍ക്കാര്‍ സ്കൂളുകളിലും 3365 എയിഡഡ് സ്കൂളുകളിലും അടക്കം ആകെ 7077 സ്കൂളുകളിലെ 9,58,060 കുട്ടികള്‍ക്ക് കൈത്തറി യൂണിഫോം നല്‍കും. സ്കൂളുകളിലെ യൂണിഫോം സ്കൂളിനും പിടിഎയ്ക്കും തീരുമാനിക്കാം. വിവാദമാകുന്ന യൂണിഫോമുകള്‍ ഒഴിവാക്കണമെന്ന് നിർദേശമുണ്ട്.
എസ്എസ്എൽസി പരീക്ഷയ്ക്കായി പരീക്ഷാ മാന്വൽ തയാറാക്കും. സ്കൂൾ നടത്തിപ്പിനായി സ്കൂൾ മാന്വലും തയാറാക്കും. 12,306 സ്കൂളുകളിൽ ഉച്ചഭക്ഷണം നൽകും. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം നേന്ത്രപഴവും ഒരു ദിവസം മുട്ടയും ഉണ്ടാകും. എല്ലാ സ്കൂളിലും പച്ചക്കറി തോട്ടങ്ങൾ ഒരുക്കും. കുട്ടികളിലെ ആത്മഹത്യ ഇല്ലാതാക്കാൻ പദ്ധതി തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.
Also Read: നിമിഷപ്രിയയുടെ മോചനം: 50 ദശലക്ഷം റിയാല്‍ ദയാധനമായി ആവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിന്റെ കുടുംബം