തിരുവനന്തപുരം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിക്ക് പരിഹാരവുമായി സംസ്ഥാന സര്‍ക്കാര്‍. പ്ലസ് വണ്ണിന് സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റ് കൂടി വര്‍ധിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞു. സീറ്റ് വര്‍ധനവിലൂടെയും അഡ്മിഷന്‍ ലഭിക്കാത്തവര്‍ക്കായി സപ്ലിമെന്ററി അലോട്ട്മെന്റ് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താത്കാലിക ബാച്ചുകള്‍ അനുവദിക്കുമെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
പരിപൂര്‍ണ്ണമായി ഒഴിഞ്ഞു കിടക്കുന്ന ബാച്ചുകള്‍ കണ്ടെത്തി ആവശ്യമുള്ള ജില്ലയിലേക്ക് മാറ്റും. നിലവില്‍ 20 ശതമാനം സീറ്റ് വര്‍ധനവ് ഏര്‍പ്പെടുത്തിയ ജില്ലയില്‍ സീറ്റിന്റെ ആവശ്യകത ഉണ്ടാകുകയാണെങ്കില്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ 10 ശതമാനം സീറ്റുകള്‍ കൂടി അനുവദിക്കുന്നതാണ്. മുന്‍പ് മാര്‍ജിനല്‍ സീറ്റ് വര്‍ധനവ് നല്‍കാത്ത ജില്ലയാണെങ്കില്‍ ആവശ്യകത പഠിച്ച് എല്ലാ സര്‍ക്കാര്‍ സ്കൂളുകളിലും സീറ്റ് വര്‍ധനവ് അനുവദിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അടിസ്ഥാന സൗകര്യമുള്ള അപേക്ഷിക്കുന്ന എയ്ഡഡ് / അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി (മാര്‍ജിനല്‍ വര്‍ധനവിന്റെ 20 ശതമാനം മാനേജ്മെന്റ് സീറ്റും ബാക്കിയുള്ള സീറ്റുകള്‍ പൊതുമെറിറ്റ് സീറ്റായും) 20 അല്ലെങ്കില്‍ 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കും. സീറ്റ് വര്‍ധനവിലൂടെ പരിഹരിക്കപ്പെടാത്തപക്ഷം സപ്ലിമെന്ററി അലോട്ട്മെന്റിന് ലഭിക്കുന്ന അപേക്ഷകളെ അടിസ്ഥാനപ്പെടുത്തി താത്കാലിക ബാച്ചുകള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.
സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചതിനു ശേഷം സയന്‍സ്, ഹ്യുമാനിറ്റീസ്, കൊമേഴ്സ്
എന്നീ വിഷയങ്ങളില്‍ കോഴ്സ് അടിസ്ഥാനത്തില്‍ എത്ര പേര്‍ക്കാണ് സീറ്റ് ലഭിക്കേണ്ടത് എന്ന്
വ്യക്തമാകും. ഇത് അനുസരിച്ച് കണക്കെടുത്തതിന് ശേഷമായിരിക്കും സീറ്റ് വര്‍ധനവ് നടത്തുക. എന്നാല്‍ കൂട്ടികള്‍ ഏറ്റവും കൂടുതല്‍ താത്പര്യപ്പെടുന്ന സയന്‍സ് ഗ്രൂപ്പില്‍ വേണ്ടി വന്നാല്‍ താത്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതും പരിഗണനയിലുണ്ട്.
പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനകരമാകുന്നതിനായി വയനാട് ജില്ലയിലെ നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂളിലും ഗവണ്‍മെന്റ് മോഡല്‍ റെസിഡെന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ഗേള്‍സ് കല്‍പ്പറ്റയിലും ഒരോ ഹ്യുമാനിറ്റീസ് ബാച്ച് കൂടി അനുവദിക്കും. മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്ക് പോലും അഡ്മിഷന്‍ ലഭിക്കാത്ത സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ഇതിനെതിരെ പ്രതിപക്ഷം വലിയ വിമര്‍ശനം നടത്തിയിരുന്നു.