തിരുവനന്തപുരം: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റികിന് സംസ്ഥാനത്ത് നിരോധനം. ഇന്ന് അര്‍ധരാത്രി മുതലാണ് നിരോധനം നിലവില്‍ വന്നത്. പ്ലാസ്റ്റിക് നിരോധനവുമായി എല്ലാവരും സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. പ്ലാസ്റ്റിക് നിരോധനത്തിനെതിരായ വ്യാപാരികളുടെ പ്രതിഷേധം നിലനില്‍ക്കുകയാണ്. അതേസമയം, പ്ലാസ്റ്റിക് ഉപയോഗിച്ചാലുള്ള ശിക്ഷാനടപടികള്‍ ഈ മാസം 15 വരെ ഉണ്ടാകില്ല. പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് കൂടുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

2020 ജനുവരി ഒന്നു മുതൽ പ്ലാസ്റ്റിക് നിരോധനം നിലവിൽ വരുമെന്ന് സർക്കാർ നേരത്തെ അറിയിച്ചിരുന്നു. ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന കവർ, പാത്രം, കുപ്പികൾ എന്നിവയുടെ ഉൽപ്പാദനവും വിതരണവും ഉപഭോഗവും തടയുന്നതാണു തീരുമാനം. നവംബറിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.

Read Also: Horoscope Today January 01, 2020: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം

പ്ലാസ്റ്റിക് സഞ്ചികൾ, പ്ലാസ്റ്റിക് ഷീറ്റ്, റെസ്റ്റോറന്റുകളിലും ആഘോഷങ്ങളിലും വലിയ രീതിയിൽ ഉപയോഗിക്കപ്പെടുന്ന പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂൺ, സ്ട്രോ, സ്റ്റെറർ, തെർമോക്കോൾ/സ്റ്റൈറോഫോം പ്ലേറ്റ്, കപ്പ്, പ്ലാസ്റ്റിക് ആവരണമുള്ള പേപ്പർ കപ്പ്, പ്ലേറ്റ് എന്നിവ നിരോധിച്ച പ്ലാസറ്റിക് ഉൽപ്പന്നങ്ങളിൽപ്പെടും.

ബാഗ്, ബൗൾ, നോൺ വൂവൺ ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങൾ, പ്ലൗസ്റ്റിക് കുടിവെള്ള പൗച്ച്, ബ്രാൻഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലീറ്ററിൽ താഴെയുള്ള കുടിവെള്ളക്കുപ്പികൾ, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികൾ (ഗാർബേജ് ബാഗ്) ഫ്ലക്സ്, ബാനർ എന്നിവയ്ക്കും നിരോധനമുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook