കൊച്ചി: ദേശീയ പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് എല്ലാ സംസ്ഥാനങ്ങളോടും തടങ്കൽ കേന്ദ്രങ്ങൾ നിർമിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശിച്ചത് ഏറെ വിവാദമായിരുന്നു. കേരളത്തിലും തടങ്കൽ പാളയങ്ങൾ തുടങ്ങുമെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ, അത്തരം വാർത്തകളും പ്രചാരണങ്ങളും തെറ്റാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേരളത്തിൽ തടങ്കൽ പാളയങ്ങൾ നിർമിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. തടങ്കൽ പാളയങ്ങൾ നിർമിക്കുന്നതുമായി ബന്ധപ്പെട്ട് മുൻ സർക്കാരുകൾ തുടങ്ങിവച്ച നടപടികളെല്ലാം നിർത്തിവച്ച് ഇപ്പോഴത്തെ സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

കേരളത്തിലും തടങ്കൽ കേന്ദ്രങ്ങൾ വരുന്നു എന്ന് ‘ദി ഹിന്ദു’ ദേശീയ ദിനപത്രമാണ് റിപ്പോർട്ട് ചെയ്‌തത്.  ജയിലിൽ കഴിയുന്ന വിദേശികളെ പാര്‍പ്പിക്കാന്‍ തടങ്കല്‍ കേന്ദ്രം നിര്‍മിക്കുന്നതിനുളള സാമൂഹ്യനീതി വകുപ്പിനാണ്. ഇതിന് മുന്നോടിയായി ജയിലുകളില്‍ കഴിയുന്ന വിദേശികളുടെ വിവരം നൽകാൻ സാമൂഹിക നീതി വകുപ്പ് ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ദി ഹിന്ദു റിപ്പോർട്ട് ചെയ്‌തിരുന്നു. ഇതു ലഭിച്ചാലുടൻ തടങ്കല്‍ കേന്ദ്രം നിർമിക്കാനുളള നീക്കവുമായി വകുപ്പ് മുന്നോട്ടുപോകുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

ഏഴുവര്‍ഷം മുമ്പ് 2012 ഓഗസ്റ്റിൽ തടങ്കൽ പാളയങ്ങൾ സ്ഥാപിക്കണം എന്ന് കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനത്തെയും ആഭ്യന്തര സെക്രട്ടറിമാരെ ഒരു കത്ത് മുഖേന അറിയിച്ചു. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുകയോ, വിസ, പാസ്പോര്‍ട്ട് കാലാവധി തീര്‍ന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുകയോ ചെയ്യുന്ന വിദേശികളെയും, ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി അവരുടെ രാജ്യത്ത് തിരിച്ചുപോകുന്നതിനുള്ള നിയമനടപടികള്‍ക്കായി കാത്തിരിക്കുന്ന വിദേശികളെയും രാജ്യം വിടുന്നതുവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ ഇത്തരം തടങ്കൽ പാളയങ്ങൾ സ്ഥാപിക്കണമെന്നാണ് കേന്ദ്രം ആവശ്യപ്പെട്ടത്. ഇതിനായുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കണമെന്നായിരുന്നു കത്തിൽ ആവശ്യപ്പെട്ടിരുന്നത്.

Read Also: ക്രിസ്‌മസ് തലേന്ന് നടന്നത് 71.5 കോടിയുടെ മദ്യവില്‍പ്പന, നെടുമ്പാശേരി ഒന്നാമത്

ഈ കത്തിന്റെ അടിസ്ഥാനത്തില്‍ 2015 നവംബര്‍ നാലിന് ആഭ്യന്തര വകുപ്പ് യോഗം വിളിച്ചുചേര്‍ത്തു. പൊലീസ് മേധാവി അടക്കം പങ്കെടുത്ത യോഗത്തിൽ തടങ്കൽ പാളയങ്ങൾ നിർമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനമെടുക്കുകയായിരുന്നു. അവ സാമൂഹ്യ നീതി വകുപ്പിന്റെ കീഴിലാവണമെന്നും ആവശ്യമായ കെട്ടിടം വകുപ്പ് കണ്ടെത്തണമെന്നും തീരുമാനിച്ചു. പ്രവര്‍ത്തനത്തിനാവശ്യമായ സ്റ്റാഫിനെ പൊലീസ് വകുപ്പ് നിശ്ചയിക്കണമെന്നും തീരുമാനിച്ചു. തടങ്കൽ പാളയങ്ങൾ സ്ഥാപിക്കുന്നതിനാവശ്യമായ ശുപാര്‍ശ സമര്‍പ്പിക്കാന്‍ 2016 ഫെബ്രുവരി 29ന് സാമൂഹ്യനീതി വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി.

തുടര്‍ന്ന് പ്രസ്തുത ആവശ്യത്തിനായി സാമൂഹ്യനീതി ജില്ലാ ഓഫീസറും ജില്ലാ പൊലീസ് സൂപ്രണ്ടും ചേര്‍ന്ന മാനേജിങ് കമ്മിറ്റിയെ ചുമതലപ്പെടുത്താമെന്നും നിശ്ചയിച്ചു. ഇത് സംബന്ധിച്ച് എത്രപേരെ പാര്‍പ്പിക്കേണ്ടിവരും എന്നതുള്‍പ്പെടെയുടെ വിവരങ്ങള്‍ സാമൂഹ്യനീതി വകുപ്പ് ഡയറക്ടറോട് സെക്രട്ടറിയേറ്റിലെ സാമൂഹ്യനീതി വകുപ്പ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഈ വിശദാംശങ്ങള്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയോടും ചോദിച്ചു. ഇതു സംബന്ധിച്ച ഒരു വിവരവും റെക്കോര്‍ഡ്‌സ് ബ്യൂറോ ഇതുവരെ നല്‍കിയിട്ടില്ല. നേരത്തെ അയച്ച കത്തുമായി ബന്ധപ്പെട്ട റിമൈന്‍ഡറുകള്‍ തുടര്‍ച്ചയായി കേന്ദ്രസര്‍ക്കാരില്‍ നിന്ന് വകുപ്പുകള്‍ക്ക് വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതു സംബന്ധിച്ച യാതൊരു ഫയലും ഈ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരാരും കണ്ടിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 2012 മുതല്‍ മുന്‍ സര്‍ക്കാര്‍ ആരംഭിച്ച നടപടിക്രമങ്ങള്‍ ഇന്നത്തെ സാഹചര്യം കണക്കിലെടുത്ത് നിര്‍ത്തിവയ്ക്കുന്നതിന് സര്‍ക്കാര്‍ ഉത്തരവിടുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.