scorecardresearch
Latest News

നവകേരള നിര്‍മ്മിതിയില്‍ മലയാളികളുടെ ഐക്യത്തിന് വലിയ പങ്കുണ്ടെന്ന് മുഖ്യമന്ത്രി

Kerala Piravi Day 2018: ലോകത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ഭാഷാ – സാംസ്‌കാരിക പഠന – പ്രവര്‍ത്തന കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഒരു ശൃംഖലയെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി

pinarayi vijayan, cpm, ie malayalam

Kerala Piravi Dinam: തിരുവനന്തപുരം: മലയാളികളുടെ ഐക്യം ഏറെ ആവശ്യമുള്ള ഈ കാലഘട്ടത്തില്‍ ഭാഷാടിസ്ഥാനത്തില്‍ കേരളീയരെ ഒരു വേദിയില്‍ സംഘടിപ്പിക്കുന്ന മലയാളം മിഷന്റെ ഭൂമിമലയാളം പോലെയുള്ള പദ്ധതികള്‍ക്ക് നവകേരളനിര്‍മിതിയില്‍ വലിയ പങ്കുവഹിക്കാനുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പ്രളയാനന്തര കേരളം സാക്ഷ്യം വഹിച്ചത് മനസുകളുടെ അപൂര്‍വമായ ഒരുമയുടെ കാഴ്ച്ചയ്ക്കാണ്. മലയാളി എന്ന ഭാഷാസമൂഹത്തിന്റെ ഐക്യവും സാധ്യതകളും നാടിന്റെ സര്‍വതോമുഖമായ വികാസത്തിനുവേണ്ടി ഉപയോഗിക്കേണ്ടതുണ്ട്. ലോകത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് ഭാഷാ – സാംസ്‌കാരിക പഠന – പ്രവര്‍ത്തന കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കാനുള്ള ഒരു ശൃംഖലയെ നമുക്ക് ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മലയാളം മിഷന്‍ ഭാഷാപ്രചരണ പരിപാടിയായ ഭൂമിമലയാളം ക്യാംപെയ്‌നും ലോകമലയാളദിനാചരണവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മലയാളം മിഷന്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി. ലോകത്ത് എവിടെയായാലും നമ്മുടെ അടിസ്ഥാനപരമായ മേല്‍വിലാസം മലയാളി എന്നതാണ്. അതുകൊണ്ടുതന്നെ ഭാഷയ്ക്കും ഭാഷാബോധത്തിനും വലിയ പ്രാധാന്യമുണ്ട്. നമുക്ക് ലോകത്തിന്റെ മുന്നില്‍ അഭിമാനത്തോടെ നില്‍ക്കാന്‍ കരുത്തുപകരുന്ന അതിസമ്പന്നമായ ഒരു ഭാഷയും സംസ്‌കാരവുമാണുള്ളത്. എന്തിന്റെ പേരിലായാലും അതിനെ കൈവെടിഞ്ഞാല്‍ വേരുകളറ്റ ഒരു സമൂഹമായി നമ്മള്‍ മാറുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ആറ് ഭൂഖണ്ഡങ്ങളിലായി അന്‍പതോളം രാജ്യങ്ങളില്‍ നവംബര്‍ ആദ്യവാരം ലോകമലയാളദിനാചരണം നടക്കും. വരും ദിവസങ്ങളിലും കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ള മലയാളി സംഘടനകളുടെ പങ്കാളിത്തം ഭൂമിമലയാളം പദ്ധതിയിലുണ്ടാകും. നിലവില്‍ മലയാളം മിഷന്‍ പ്രവര്‍ത്തിക്കുന്ന വിദേശരാജ്യങ്ങള്‍ കൂടാതെ, മിഷന്റെ പ്രവര്‍ത്തനങ്ങള്‍ അനവധി രാജ്യങ്ങളില്‍ പുതിയതായി ആരംഭിക്കാനുള്ള സാധ്യതകളും ഇതിനകം തുറന്നുകഴിഞ്ഞു.

മലയാളം മിഷന്റെ ഭൂമിമലയാളം പ്രതിജ്ഞ തയ്യാറാക്കിയ പ്രവാസി മലയാളി കൂടിയായ കവി കെ സച്ചിദാനന്ദനെ മുഖ്യമന്ത്രി ചടങ്ങില്‍ ആദരിച്ചു. കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാ വര്‍മ്മയുടെ കാല്‍ച്ചിലമ്പ് എന്ന പുസ്തകം മുഖ്യമന്ത്രി കവയിത്രി സുഗതകുമാരിക്ക് നല്‍കി പ്രകാശിപ്പിച്ചു. മന്ത്രി എകെ ബാലനായിരുന്നു ചടങ്ങിന്റെ അധ്യക്ഷന്‍.

Read Here: Kerala Piravi 2019 Messages, Greetings: കേരള പിറവി ആശംസകൾ കൈമാറാം

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala piravi dinam malayalam day celebration in kerala