/indian-express-malayalam/media/media_files/uploads/2022/07/Arun-1200.jpg)
ജർമ്മനിയിലെ ഗോട്ടിംഗനിലെ തടാകത്തിൽ മുങ്ങിമരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം ഒരാഴ്ച കഴിഞ്ഞിട്ടും നാട്ടിലെത്തിക്കാൻ കഴിയാതെ കുടുംബവും സുഹൃത്തുക്കളും. ഗോട്ടിംഗനിലെ (യുഎംജി) യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിൽ പിഎച്ച്ഡി വിദ്യാർത്ഥി ആയിരുന്ന അരുൺ സത്യൻ കഴിഞ്ഞ ജൂൺ 25 ന് (ശനിയാഴ്ച) ആണ് റോസ്ഡോർഫർ ബാഗർസി തടാകത്തിൽ മുങ്ങിമരിച്ചത്. കൊച്ചി സ്വദേശിയാണ്.
കഴിഞ്ഞ ആഴ്ച മൂന്ന് മണിയോടെ റോസ്ഡോർഫർ ബാഗർസി തടാകം കാണാൻ പോയ അരുണിനെ കാണാതാവുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അരുണിന്റെ ബാഗും മറ്റും തടാകത്തിന് സമീപം കണ്ടത്. തുടർന്ന് നടത്തിയ തിരച്ചിലിൽ മൃതദേഹം ലഭിക്കുകയായിരുന്നു എന്നാണ് പൊലീസ് റിപ്പോർട്ട് പറയുന്നത്.
അതേസമയം, സംഭവം നടന്ന് ഒരാഴ്ച കഴിഞ്ഞിട്ടും മൃതദേഹം വീട്ടിലേക്ക് കൊണ്ടുവരാൻ കഴിയാത്തതിന്റെ വിഷമത്തിലാണ് കുടുംബവും സുഹൃത്തുക്കളും. ആദ്യം തന്നെ അരുണിന്റെ സുഹൃത്ത് മയങ്കും മറ്റുള്ളവരും ജർമ്മനിയിലെ ഹാംബർഗിലുള്ള ഇന്ത്യൻ കോൺസുലേറ്റുമായി ബന്ധപ്പെടുകയും ഇക്കാര്യം അവരെ അറിയിക്കുകയും ചെയ്തിരുന്നു.
മൃതദേഹം നാട്ടിലേക്ക് അയക്കുന്നത് പരിശോധിക്കാമെന്ന് കോൺസുലേറ്റ് അധികൃതർ അറിയിച്ചു. എന്നാൽ ആശുപത്രിയും പൊലീസും വിശദാംശങ്ങൾ നൽകാതെ വന്നതോടെ തങ്ങൾക്ക് അരുണിന്റെ വീട്ടുകാരുടെ പവർ ഓഫ് അറ്റോർണി വാങ്ങേണ്ടി വന്നതായും അവർ പറയുന്നു.
മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് ആവശ്യമായ തുക കണ്ടെത്തുന്നതിനായി അരുണിന്റെ സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ ശ്രമം നടക്കുകയാണ്.. എന്നാൽ വിവിധ വകുപ്പുകൾ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിലെ കാലതാമസം, പേപ്പർവർക്കുകളുടെ അഭാവം, സ്ഥാപനങ്ങളുടെ അവധി തുടങ്ങിയവ കാരണം മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഇഴയുകയാണ്.
തന്റെ കുടുംബവും സുഹൃത്തുക്കളും പ്രാദേശികമായി എല്ലാ അധികൃതരിലും സമ്മർദ്ദം ചെലുത്തുന്നുണ്ടെന്ന് അരുണിന്റെ സഹോദരൻ അതുൽ പറഞ്ഞു. വിദേശകാര്യ സഹമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിരുന്നുവെന്നും, കേരളത്തിൽ നിന്നുള്ള ഒരു മന്ത്രി ജർമ്മനിയിലെ കോൺസുലേറ്റ് ജനറലിന്റെ ഓഫീസിൽ നേരിട്ട് വിളിച്ചിരുന്നതായും അതുൽ പറഞ്ഞു.
അതേസമയം അരുണിന്റെ മൃതദേഹം എപ്പോൾ നാട്ടിലെത്തിക്കുമെന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്ക് ഇതുവരെ കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.