കൊച്ചി: അന്തരിച്ച നടി കെപിഎസി ലളിതയ്ക്ക് വിടചൊല്ലി കേരളം. സംസ്കാരം വടക്കാഞ്ചേരി എങ്കക്കാട്ടെ ‘ഓർമ്മ’യില്‍ നടന്നു. വീട്ടുവളപ്പിൽ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. രാവിലെ തൃപ്പൂണിത്തറ ഫ്ലാറ്റിലും എട്ട് മുതൽ 11.30 വരെ ലായം കൂത്തമ്പലത്തിലും തുടര്‍ന്ന് തൃശൂരിലെ സംഗീത നാടക അക്കാദമി ഹാളിലും മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു.
ലായം കൂത്തമ്പലത്തിൽ മലയാള സിനിമയിലെ താരങ്ങളും പ്രവർത്തകരും ഉൾപ്പെടെ ആയിരങ്ങളാണ് പ്രിയനടിയെ ഒരുനോക്ക് കാണാൻ എത്തിയത്. നടൻ പൃഥ്വിരാജ്, ജയസൂര്യ, ജനാർദ്ദനൻ, മല്ലിക സുകുമാരൻ, ഹരിശ്രീ അശോകൻ, ഗായകൻ എം.ജി ശ്രീകുമാർ, നിർമാതാവ് ആന്റണി പെരുമ്പാവൂർ, സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ, എറണാകുളം ജില്ലാ കളക്ടർ ജാഫർ മാലിക്, ഹൈബി ഈഡൻ എംപി തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.
ഇന്നലെ രാത്രിയാണ് കെപിഎസി ലളിത അന്തരിച്ചത്. മകൻ സിദ്ധാർഥ് ഭരതന്റെ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലായിരുന്നു അന്ത്യം. ഏറെനാളായി രോഗബാധിതയായി ചികിത്സയിലായിരുന്നു. നടന് മമ്മൂട്ടി, മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ദിലീപ്, കാവ്യ മാധവൻ, മഞ്ജു പിള്ള, ടിനി ടോം, ബാബുരാജ്, ശ്രുതി ലക്ഷ്മി, സരയൂ, സംവിധായകന് ബി.ഉണ്ണികൃഷ്ണന്, എൽഡിഎഫ് കൺവീനർ എ. വിജയരാഘവൻ എന്നിവര്‍ തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിലെത്തി അന്ത്യാഞ്ജലി അര്‍പ്പിച്ചു.
Also Read: ‘വാത്സല്യത്തോടെയുള്ള ആ ചേര്‍ത്തുപിടിക്കല്‍..;’ കെപിഎസി ലളിതയുടെ ഓര്‍മയില്‍ മഞ്ജു വാര്യര്‍
മലയാള സിനിമ കണ്ട ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളായ കെപിഎസി ലളിത ജനിച്ചുവളർന്നത് കായംകുളത്താണ്. മഹേശ്വരിയമ്മ എന്നാണ് യഥാർത്ഥ പേര്. പത്തു വയസുമുതൽ നാടകങ്ങളിൽ അഭിനയിച്ചു തുടങ്ങി. ഗീതയുടെ ബാലി എന്ന നാടകത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് പ്രശസ്ത നാടകഗ്രൂപ്പായ കെപിഎസിയിൽ ചേർന്നു. അതോടെ മഹേശ്വരിയമ്മ കെപിഎസി ലളിതയെന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.
കെ.എസ്.സേതുമാധവൻ സംവിധാനം ചെയ്ത ‘കൂട്ടുകുടുംബം’ എന്ന ചിത്രത്തിലൂടെയായിരുന്നു കെപിഎസി ലളിതയുടെ സിനിമാ അരങ്ങേറ്റം. 1978-ൽ സംവിധായകൻ ഭരതനെ വിവാഹം ചെയ്ത് സിനിമയിൽ നിന്നും ഒരിടവേളയെടുത്ത ലളിത കാറ്റത്തെ കിളിക്കൂട്(1983) എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരികെയെത്തി. മലയാളത്തിലും തമിഴിലുമായി അറുനൂറോളം ചിത്രങ്ങളിൽ ലളിത ഇതിനകം വേഷമിട്ടു. മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരവും സംസ്ഥാന ചലച്ചിത്ര പുരസ്കാരവും ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തി.