കാക്കനാട് : ജനുവരി മാസം പൂര്‍ത്തിയാകുന്നതോടെ സംസ്ഥാനത്ത് 1,05,000 പേര്‍ക്ക് പട്ടയം നല്‍കുമെന്ന്  റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍.  സര്‍ക്കാര്‍ അധികാരത്തിലേറി  രണ്ടര വര്‍ഷത്തിനുളളിലാണ് ഇത്രയും പേർക്ക് പട്ടയ വിതരണം പൂർത്തിയാക്കുന്നത്.

ഭൂമിയില്ലാത്തവര്‍ക്ക് ഭൂമിയെന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രഖ്യാപിത നിലപാടാണ് ഈ വിജയത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. എറണാകുളത്ത് തൃക്കാക്കര കമ്യൂണിറ്റി ഹാളിൽ പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 82 ലക്ഷത്തിലധികം ആളുകള്‍ ഭൂമിയുടെ ഉടമകളാണ്.  രാജ്യത്ത് മറ്റൊരു സംസ്ഥാനത്തും ഇത്രയും പേർക്ക് ഭൂമിയില്ല. പല വകുപ്പുകളിലായി പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് പലർക്കും പട്ടയം നൽകാൻ വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവർക്കും പട്ടയം എന്ന ലക്ഷ്യത്തിലെത്താൻ സർക്കാർ പരമാവധി ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. എറണാകുളത്ത് 2019 ജൂണ്‍ മാസം പൂർത്തിയാകും മുൻപ് അടുത്ത പട്ടയമേളയ്ക്കുള്ള തയാറെടുപ്പുകള്‍ നടത്താനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

എറണാകുളത്ത് ഏഴു താലൂക്കുകളിലായി 358 പതിവ് പട്ടയങ്ങള്‍, 223 എല്‍ടി പട്ടയങ്ങള്‍, 112 ദേവസ്വം പട്ടയങ്ങള്‍, 55 ഇനാം പട്ടയങ്ങള്‍, മൂന്ന് കൈവശ രേഖകള്‍ എന്നിവയാണ് വിതരണം ചെയ്തത്.  ചേരാനെല്ലൂര്‍ വില്ലേജിലെ വടുതല ജനകീയറോഡ് കോളനി നിവാസികളായ 167 കുടുംബങ്ങള്‍ക്കും പട്ടയം ലഭിച്ചു.

കണയന്നൂര്‍ താലൂക്കില്‍ 190 എല്‍എ പട്ടയങ്ങള്‍, 57 എല്‍ടി പട്ടയങ്ങള്‍, 26 ദേവസ്വം പട്ടയങ്ങള്‍, 20 ഇനാം പട്ടയം. കൊച്ചിയില്‍ എട്ട് എല്‍എ പട്ടയങ്ങള്‍, 22 എല്‍ടി പട്ടയങ്ങള്‍, 19 ദേവസ്വം പട്ടയങ്ങള്‍, 35 ഇനാം പട്ടയം, പറവൂര്‍ രണ്ട് എല്‍എ പട്ടയങ്ങള്‍, 18 എല്‍ടി പട്ടയങ്ങള്‍, 20 ദേവസ്വം പട്ടയങ്ങള്‍, ആലുവ 23 എല്‍എ പട്ടയങ്ങള്‍, 32 എല്‍ടി പട്ടയങ്ങള്‍, 11 ദേവസ്വം പട്ടയങ്ങള്‍, കുന്നത്തുനാട് 53 എല്‍എ പട്ടയങ്ങള്‍, 35 എല്‍ടി പട്ടയങ്ങള്‍, 16 ദേവസ്വം പട്ടയങ്ങള്‍, മൂന്ന് കൈവശരേഖ, മൂവാറ്റുപുഴ 26 എല്‍എ പട്ടയങ്ങള്‍, 37 എല്‍ടി പട്ടയങ്ങള്‍, 18 ദേവസ്വം പട്ടയങ്ങള്‍, കോതമംഗലം 56 എല്‍എ പട്ടയങ്ങള്‍, 22 എല്‍ടി പട്ടയങ്ങള്‍, രണ്ട് ദേവസ്വം പട്ടയങ്ങള്‍ വീതമാണ് വിതരണം ചെയ്തത്. കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടെ ജില്ലയില്‍ 2001 പട്ടയങ്ങള്‍ വിതരണം ചെയ്‌തുകഴിഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.