കോഴിക്കോട്: സംസ്ഥാനത്തെ ഏറെ വിറപ്പിച്ച നിപ്പ വൈറസ് ബാധയുടെ പിടിയിൽ നിന്നും കേരളം മുക്തമായതായി ആരോഗ്യവകുപ്പ്. നിപ്പ വൈറസ് ബാധ ഏൽക്കുകയും എന്നാൽ പിന്നീട് ഇതിൽ നിന്ന് രക്ഷപ്പെടുകയും ചെയ്ത മലപ്പുറത്തെയും കോഴിക്കോട്ടെയും രണ്ട് പേരെ വീട്ടിലേക്ക് അയച്ചേക്കും.
ഇക്കാര്യം വിദഗ്ധ സമിതിയുടെ അഭിപ്രായം പരിഗണിച്ച് തീരുമാനിക്കുമെന്ന് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് വ്യക്തമാക്കി. അതേസമയം ഇന്നലെ പുണെയിലെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ലഭിച്ച ഒൻപത് പരിശോധന ഫലങ്ങളും നെഗറ്റീവായിരുന്നു
ഇപ്പോൾ ഒൻപത് പേരാണ് നിപ്പ രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളത്. 2503 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. എന്നാൽ നിപ്പ വൈറസ് ബാധയില്ലെങ്കിലും 21 ദിവസം കൂടി നിരീക്ഷണം ആവശ്യമുണ്ട്. ഈ സാഹചര്യത്തില്‍ വിദഗ്‌ധ സമിതിയുടെ അഭിപ്രായം തേടിയാകും രോഗികളുടെ മറ്റ് കാര്യങ്ങൾ തീരുമാനിക്കുക.
നിപ്പ വൈറസ് ബാധമൂലം മരിച്ചവരുടെ കുടുംബങ്ങളെ ഒറ്റപ്പെടുത്തുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായി നേരിടുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്. അതേസമയം സോഷ്യൽ മീഡിയ വഴി വ്യാജ സന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ കർശന നടപടിയാണ് സർക്കാർ സ്വീകരിച്ചത്. വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിച്ച 22 പേര്‍ ഇതുവരെ അറസ്റ്റിലായി.