കൊച്ചി: കുമ്പസാര രഹസ്യം വെളിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ ഓര്‍ത്തഡോക്സ് സഭയിലെ ഒരു വൈദികന്‍ കീഴടങ്ങി. ബലാത്സംഗ കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യു ആണ് കീഴടങ്ങിയത്. ബന്ധുവീട്ടിലെത്തിയ ഇദ്ദേഹം കൊല്ലം ഡിവൈഎസ്പി ജോബി ചെറിയാനെ വിവരം അറിയിച്ച് കീഴടങ്ങുകയായിരുന്നു. തുടര്‍ന്ന് വൈദികന്റെ അറസ്റ്റ് രേഖപ്പെടുത്തി. യുവതിയുടെ ഇടവകയിലെ വികാരിയായിരുന്ന ഇയാളോടാണ് യുവതി ആദ്യമായി കുമ്പസാരം നടത്തിയത്.

2009 ല്‍ ഫാ. ജോബ് മാത്യുവിന് മുമ്പിലാണ് യുവതി കുമ്പസാരം നടത്തിയിരുന്നത്. എന്നാല്‍ കുമ്പസാര രഹസ്യം പുറത്തറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ഫാ. ജോബ് മാത്യു യുവതിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചു. 2012 വരെ പീഡനം തുടര്‍ന്നു.

തുടര്‍ന്ന് ഇക്കാര്യം ജോബ് മാത്യു മറ്റ് വൈദികരോട് പങ്കുവെക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഇവരും കുമ്പസാര രഹസ്യവും, ഫാ. ജോബുമായുള്ള ലൈംഗിക ബന്ധവും പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നുമാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്.

ജോബ് മാത്യു

മറ്റ് വൈദികര്‍ക്കായുളള തിരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. ഒന്നാം പ്രതിഫാ. സോണി വര്‍ഗീസും അന്വേഷണ സംഘത്തിനോ കോടതിക്കോ മുമ്പില്‍ കീഴടങ്ങിയേക്കും അഭിഭാഷകരുടെ നിയമോപദേശം തേടിയാണ് വൈദികര്‍ കീഴടങ്ങാന്‍ തീരുമാനിച്ചത്.

മുന്‍കൂര്‍ ജാമ്യം തേടി വൈദികര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു.
കേസിൽ വൈദികർക്കെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി ഇന്നലെ ഉന്നയിച്ചത്. ഓർത്തഡോക്സ് വൈദികര്‍ വേട്ടമൃഗങ്ങളെ പോലെ പെരുമാറിയെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. വൈദികർ നൽകിയ മുൻകൂർ ജാമ്യാപേക്ഷകൾ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ വിമർശനം. യുവതിയുടെ മതവിശ്വാസം ദുരുപയോഗം ചെയ്യുകയാണ് വൈദികര്‍ ചെയ്തതെന്നും കോടതി വ്യക്തമാക്കി. വീട്ടമ്മയുടെ മൊഴി തള്ളിക്കളയാനാകില്ലെന്നും ഹൈക്കോടതി അറിയിച്ചു.

കോഴഞ്ചേരി തെക്കേമല മണ്ണിൽ ഫാ.ജോൺസൺ വി.മാത്യു, ഡൽഹി ഭദ്രാസനത്തിലെ ഫാ. ജെയ്സ് കെ.ജോർജ്, ഫാ.സോണി വർഗീസ്, ഫാ.ജോബ് മാത്യു എന്നിവരുടെ ഹർജികളാണ് തള്ളിയത്. അന്വേഷണ ഉദ്യോഗസ്ഥർക്ക് അറസ്റ്റും മറ്റ് നടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. കേസ് ഡയറി വിശദമായി പരിശോധിച്ചതിന് ശേഷമാണ് പ്രതികളെ അറസ്റ്റു ചെയ്യാൻ ആവശ്യമായ വസ്തുതകൾ ഉണ്ടെന്ന് മനസ്സിലാക്കിയത്.

കോടതിയുടെ മാനദണ്ഡങ്ങൾ‌ പ്രതികളുടെ ആവശ്യങ്ങൾക്ക് എതിരാണെന്നും കോടതി നിരീക്ഷിച്ചു. മാനഭംഗം, സ്ത്രീത്വത്തെ അപമാനിക്കൽ എന്നീ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് വൈദികര്‍ക്കെതിരെ ക്രൈംബ്രാഞ്ച് കേസ് എടുത്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.