തിരുവനന്തപുരം: കേരള സംസ്ഥാന ബജറ്റ് നിയമസഭ അംഗങ്ങൾക്ക് ലഭിക്കും മുൻപ് സോഷ്യൽ മീഡിയകളിൽ എത്തിയ സംഭവത്തിൽ ധനമന്ത്രിയെ കുറ്റപ്പെടുത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യകത അതിന്റെ പവിത്രതയാണെന്നും ഇത് നഷ്ടപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ പൂർണ്ണ ഉത്തരവാദിത്തം ധനമന്ത്രിക്കാണെന്ന് അദ്ദേഹം ആരോപിച്ചു.
ബജറ്റ് സോഷ്യൽ മീഡിയകളിൽ എത്തിയെന്ന് ആരോപിച്ച് സഭ വിട്ട ശേഷമാണ് പ്രതിപക്ഷ നേതാവ് മാധ്യമപ്രവർത്തകർക്ക് മുന്നിലെത്തിയത്. ബജറ്റ് രേഖകൾ ധനമന്ത്രി അവതരിപ്പിച്ച ശേഷം മാത്രമേ സാധാരണ അംഗങ്ങൾക്ക് ലഭിക്കാറുള്ളൂ. ഇതിന് ശേഷമാണ് മാധ്യമപ്രവർത്തകർക്ക് ഇത് നൽകാറുള്ളത്. വിശദമായ ബജറ്റ് രേഖ, പിന്നീട് എംഎൽഎ ഹോസ്റ്റലിൽ അംഗങ്ങൾക്ക് എത്തിക്കാറാണ് പതിവ്.
പുറത്തായ ബജറ്റിന്റെ പകർപ്പ്, മാധ്യമങ്ങൾക്ക് മുന്നിൽ രമേശ് ചെന്നിത്തല വായിച്ചു. ഇതിന് ശേഷമാണ് സംസ്ഥാനം ഇതുവരെ കണ്ടിട്ടില്ലാത്ത സാഹചര്യമാണ് കണ്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്. ധനമന്ത്രിയുടെ ഓഫീസിൽ മാത്രമേ ബജറ്റ് ഉണ്ടാവുകയുള്ളൂ. ഇത് ചോർന്നത് അവിടെ നിന്നാണെന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. 10.24 നാണ് ബജറ്റ് വിവരങ്ങൾ പുറത്തെത്തിയതെന്നും ഇക്കാര്യത്തിൽ ഗൗരവതരമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.