തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ വരും ദിവസങ്ങളിൽ കനത്ത കാറ്റിനും മഴയ്ക്കും സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ചുഴലിക്കാറ്റായി തമിഴ്‌നാടിന്റെ തെക്കൻതീരത്തെത്താൻ സാധ്യതയുണ്ട്. പടിഞ്ഞാറ് ദിശയിൽ സഞ്ചരിക്കുന്ന ന്യൂനമർദ്ദം ഡിസംബർ രണ്ട് ബുധനാഴ്‌ചയോടെ തെക്കൻ തമിഴ്‌നാട് തീരത്ത് കരയിൽ പ്രവേശിക്കാനാണ് സാധ്യത. തെക്കൻ തമിഴ്‌നാട്, ശ്രീലങ്ക, തിരുവനന്തപുരം തീരം വഴി അറബിക്കടലിൽ പ്രവേശിച്ചേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം.

കേരളത്തിൽ ചൊവ്വാഴ്ചമുതൽ മൂന്നുദിവസം കനത്തമഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകി. ഇടുക്കി മുതൽ തെക്കോട്ടുള്ള ജില്ലകളിലാണ് മഴയും കാറ്റും ശക്തമാവുന്നത്. ഡിസംബർ രണ്ടിന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ടും ഇടുക്കിയിൽ റെഡ്അലേർട്ടും പ്രഖ്യാപിച്ചു. മൂന്നിന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്.

അടുത്ത അഞ്ച് ദിവസവും സംസ്ഥാനത്ത് ഇടിയോടുകൂടി ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. കേരളത്തിലും മാഹിയിലും ഈ ദിവസങ്ങളിലെല്ലാം ഇടിമിന്നൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡിസംബർ ഒന്ന് മുതൽ ഇടിയോടുകൂടിയ ശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. 7 മുതൽ 11 സെന്റിമീറ്റർ മഴയാണ് ഡിസംബർ 1, 2, 3 തീയതികളിൽ പ്രതീക്ഷിക്കുന്നത്.

എഴുപത് കിലോമീറ്റ‍ർ വരെ വേഗതയിൽ കാറ്റ് വീശിയേക്കും. പൊതുജനങ്ങളോട് ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. ചൊവ്വാഴ്ച മുതല്‍ കടൽ അതിപ്രക്ഷുബ്ധമാകുവാൻ സാധ്യതയുള്ളതിനാല്‍ ഇന്ന് മുതൽ കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി.

Read More: Kerala Weather: ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.