കൊച്ചി: പഞ്ചാബിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച ജലന്ധർ രൂപത വൈദികൻ ഫാ.കുര്യാക്കോസിന്റെ സംസ്കാര ചടങ്ങിനെത്തിയ സിസ്റ്റർ അനുപമയ്ക്ക് എതിരെ പ്രതിഷേധം. ചേർത്തല പളളിപ്പുറം സെന്റ് മേരീസ് ഫൊറോന പളളി കോമ്പൗണ്ടിലാണ് ഒരു വിഭാഗം സിസ്റ്റർ അനുപമയ്ക്ക് എതിരെ പ്രതിഷേധിച്ചത്.

ഫാ.കുര്യാക്കോസിന്റെ സംസ്കാര ചടങ്ങിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കാൻ ശ്രമിക്കുമ്പോഴായിരുന്നു പ്രതിഷേധം. പളളി കോമ്പൗണ്ടിലോ പളളി ഓഫീസിലോ വച്ച് സംസാരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞാണ് പ്രതിഷേധക്കാർ രംഗത്ത് വന്നത്. ഫാ.കുര്യാക്കോസിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ സിസ്റ്റർ അനുപമ ചേർത്തലയിലേക്ക് വന്നതിന് പിന്നിൽ മനഃപൂർവ്വം പ്രശ്നം ഉണ്ടാക്കാനുളള ശ്രമമാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

മുൻപ് ഇടവകാംഗമായ വൈദികൻ മരിച്ചപ്പോൾ സിസ്റ്റർ അനുപമ ഇവിടെ വന്നിട്ടില്ലെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ താൻ ജലന്ധർ രൂപതാംഗമാണെന്ന് പറഞ്ഞ സിസ്റ്റർ അനുപമ, ഫാ.കുര്യാക്കോസ് കാട്ടുതറ തന്നെ മകളെ പോലെയാണ് കണ്ടിരുന്നതെന്നും പറഞ്ഞു. കന്യാസ്ത്രീയായി ജലന്ധറിലെത്തിയപ്പോൾ മുതൽ മകളെ പോലെ പെരുമാറിയ വൈദികന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് താനെത്തിയതെന്നും പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചിട്ടില്ലെന്നും അവർ പറഞ്ഞു.

ഇത് പറഞ്ഞ് സിസ്റ്റർ അനുപമ പൊട്ടിക്കരഞ്ഞു. ഭയന്ന് പിന്മാറില്ലെന്നും, എന്തിനാണ് ഇടവകാംഗങ്ങളായ ചിലർ പ്രതിഷേധിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അവർ പറഞ്ഞു. എന്നാൽ ഇടവകാംഗങ്ങളായ മറ്റൊരു വിഭാഗം സിസ്റ്റർ അനുപമയുടെ രക്ഷയ്ക്ക് എത്തി. ഒന്നുകൊണ്ടും ഭയക്കേണ്ടതില്ലെന്നും കൂടെയുണ്ടെന്നും ഇവർ അനുപമയ്ക്ക് ഉറപ്പുനൽകി. കന്യാസ്ത്രീയെ ആശ്വസിപ്പിച്ച ഇവരും മറുവിഭാഗവും തമ്മിൽ വാക്കുതർക്കത്തിനും പളളി അങ്കണം വേദിയായി.

കത്തോലിക്ക സഭയെ പിടിച്ചുലച്ച കന്യാസ്ത്രീ പീഡന കേസിൽ ജലന്ധർ അതിരൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് 15 ദിവസം സിസ്റ്റർ അനുപമയുടെ നേതൃത്വത്തിൽ കൊച്ചി ഹൈക്കോടതി ജംങ്ഷനിൽ സമരം നടന്നിരുന്നു. നിരവധി തവണ മാധ്യമപ്രവർത്തകരോട് വിഷയത്തിൽ സിസ്റ്റർ അനുപമ സംസാരിച്ചിരുന്നു. ഇതാണ് ഒരു വിഭാഗത്തെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.