തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാത്സംഗം ചെയ്തതായി പരാതിപ്പെട്ട കന്യാസ്ത്രീയുമായി ബന്ധപ്പെട്ട രണ്ട് കേസുകള്‍ ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബിഷപ്പ് പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന കേസും പരാതിക്കാരിയുടെ ചിത്രം പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസിനെതിരായ കേസുമാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസ് പിന്‍വലിച്ചാല്‍ ഇടുക്കി- പത്തനംതിട്ട ജില്ലകളിലായി പത്തേക്കര്‍ സ്ഥലവും ഒരു മഠവും നിര്‍മിച്ചു തരാം എന്ന് ഫാദര്‍ എര്‍ത്തയില്‍ വാഗ്‌ദാനം നല്‍കിയതായാണ് ആദ്യ പരാതി. പിന്‍വലിച്ചില്ലായെങ്കില്‍ വലിയ ഭവിഷത്ത് നേരിടേണ്ടി വരുമെന്നും ഭീഷണിപ്പെടുത്തിയതായി പരാതിയില്‍ പറയുന്നു. പരാതിക്കാരിയെ കാണാന്‍ രണ്ട് തവണയാണ് ഫാദര്‍ കുറുവിലങ്ങാട് മഠത്തിലെത്തിയത്. നേരിട്ട് കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് തന്നെ ഫോണില്‍ ബന്ധപ്പെട്ടായിരുന്നു വാഗ്‌ദാനവും ഭീഷണിയും എന്ന് കന്യാസ്ത്രി വൈക്കം പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കുറുവിലങ്ങാട് പൊലീസ് സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്ത കേസില്‍ നേരത്തെ ഫാദര്‍ എര്‍ത്തയിലിനെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

കന്യാസ്ത്രീയുടെ ചിത്രം പുറത്തുവിട്ടതാണ് മിഷനറീസ് ഓഫ് ജീസസ് പിആര്‍ഒ സിസ്റ്റര്‍ ജെ.അമലയെ പ്രതിയാക്കിയുള്ള കേസ്. പരാതിക്കാരിയുടെ സഹോദരന്‍ നല്‍കിയ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്. മിഷനറീസ് ഓഫ് ജീസസിന്റെ പേരില്‍ പുറത്തുവിട്ട പത്രക്കുറിപ്പില്‍ ഉള്ളത് സിസ്റ്റര്‍ അമലയുടെ ഒപ്പാണോ എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ