Bishop Franco Mulakkal Arrested in Kerala Nun Rape Case: കൊച്ചി: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തി. രാത്രി 8 മണിയോടെയാണ് ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ബിഷപ്പിനെ വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോയതായി കോട്ടയം എസ്പി എസ് ഹരിശങ്കര്‍ പറഞ്ഞു. തുടർച്ചയായ മൂന്നാം ദിവസവും ചോദ്യം ചെയ്‌തതിന് ശേഷമാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അനധികൃതമായി തടവില്‍ വെക്കുക, ബലാത്സംഗം, അസ്വാഭാവിക ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തുക എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്.

അദ്ദേഹത്തെ തൃപ്പുണിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. തുടര്‍ന്ന് നെഞ്ച് വേദന ഉണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിച്ചു. കോട്ടയം പൊലീസ് ക്ലബ്ബിലേക്കുളള യാത്രാമധ്യേയാണ് അദ്ദേഹത്തിന് നെഞ്ച് വേദനയുണ്ടെന്ന് പരാതിപ്പെട്ടത്. നാളെ ബിഷപ്പിനെ പാലാ കോടതിയില്‍ ഹാജരാക്കും. തൃപ്പുണിത്തുറയില്‍ ആശുപത്രിയിലെത്തിച്ചപ്പോള്‍ ജനം കൂക്കിവിളിച്ചാണ് എതിരേറ്റത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്ന് തൃപ്പുണിത്തുറയില്‍ വെച്ച് അദ്ദേഹത്തിന് മരുന്നുകള്‍ നല്‍കിയിരുന്നു.

‘തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന ബിഷപ്പിന്റെ ആരോപണം തെറ്റാണെന്ന് തെളിയിക്കുന്ന തെളിവുകള്‍ പൊലീസിന്റെ പക്കലുണ്ട്. ഇതുവരെ ഉളള തെളിവുകളുടെ അടിസ്ഥാനത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തത്. ഇനിയും തെളിവുകള്‍ ശേഖരിക്കും. നാളെ അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡി അപേക്ഷ നല്‍കും. ബിഷപ്പ് പീഡനം നടത്തിയിട്ടുണ്ടെന്നതിനും തെളിവുണ്ട്. അദ്ദേഹം പറഞ്ഞത് കളളമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം എത്തിച്ചേര്‍ന്നത്,’ എസ്പി വ്യക്തമാക്കി.

കുറവിലങ്ങാട് മഠത്തിൽ കഴിയുന്ന പരാതിക്കാരിയായ കന്യാസ്ത്രീയുടെ മൊഴി പൊലീസ് സംഘം ഏഴാം തവണയും രേഖപ്പെടുത്തി. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായാണ് ക്രൈസ്തവ സഭയിലെ ഒരു ബിഷപ്പ് ലൈംഗിക പീഡന കേസിൽ അറസ്റ്റിലാകുന്നത്.

അറസ്റ്റിന് ശേഷം ബിഷപ്പ് ഫ്രാങ്കോയെ തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. കോടതിയിൽ ഹാജരാക്കുന്നതിന് മുന്നോടിയായി ബിഷപ്പിന്റെ റിമാന്റ് റിപ്പോർട്ടും പൊലീസ് തയ്യാറാക്കി. ബിഷപ്പിനെ അറസ്റ്റ് ചെയ്ത വിവരം കോട്ടയം എസ്‌പി ഹരിശങ്കർ മാധ്യമങ്ങളോട് വിശദീകരിച്ചു

ഇന്ന് രാവിലെ ഐജി വിജയ് സാഖറെയും അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം എസ്‌പി ഹരിശങ്കറും തമ്മിൽ രണ്ട് മണിക്കൂറോളം കൂടിക്കാഴ്ച നടത്തി. ഇതിന് ശേഷം എസ്‌പി ഹരിശങ്കർ തൃപ്പൂണിത്തുറ ഹൈടെക് സെൽ ഓഫീസിലേക്ക് മടങ്ങി.

ഒന്നാം ദിവസം ഏഴ് മണിക്കൂറും രണ്ടാം ദിവസം എട്ട് മണിക്കൂറുമാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്തത്. പ്രധാന ചോദ്യങ്ങളും ഉപചോദ്യങ്ങളും അടക്കം 200 ഓളം ചോദ്യങ്ങളാണ് ബിഷപ്പിനോട് ചോദിക്കാൻ അന്വേഷണ സംഘം തയ്യാറാക്കിയത്.

പല ചോദ്യങ്ങൾക്കും ഓർമ്മയില്ല, അറിയില്ല തുടങ്ങിയ മറുപടിയാണ് ബിഷപ്പ് നൽകിയതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. എന്നാൽ ബിഷപ്പ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി മറുപടി നൽകിയ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വേണ്ട പത്ത് ശതമാനത്തോളം കാര്യങ്ങളുണ്ടെന്നാണ് ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം എസ്‌പി ഹരിശങ്കർ പറഞ്ഞത്.

താൻ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചിട്ടില്ലെന്ന് ആവർത്തിച്ച് പറഞ്ഞ ബിഷപ്പ് ജലന്ധർ രൂപതയ്ക്ക് കീഴിലെ അധികാര തർക്കമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് പൊലീസിന് മറുപടി നൽകിയിരുന്നു. എന്നാൽ പൊലീസിന്റെ നിഗമനങ്ങളെ ശരിവയ്ക്കുന്ന സൂചനകൾ ബിഷപ്പിന്റെ പ്രസ്താവനയിൽ നിന്ന് ലഭിച്ചു. ഇതോടെയാണ് അറസ്റ്റ് ചെയ്യാനുളള തീരുമാനം വന്നത്.

കേസിന്റെ നാൾവഴികൾ

2018 ജൂൺ 27
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ബലാത്സംഗം ചെയ്തെന്ന് കന്യാസ്ത്രീ കോട്ടയം ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി

2018 ജൂൺ 29
പരാതി അന്വേഷിക്കാൻ വൈക്ക് ഡിവൈഎസ്‌പി സുഭാഷ് കുമാറിനെ ചുമതലപ്പെടുത്തി

2018 ജൂലൈ 05
ചങ്ങനാശ്ശേരി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കന്യാസ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

2018 ജൂലൈ 09
അന്വേഷണ സംഘം വീണ്ടും കന്യാസ്ത്രീയുടെ മൊഴി രേഖപ്പെടുത്തി

2018 ജൂലൈ 10
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജ്യം വിടാതിരിക്കാൻ ലുക്കൗട്ട് നോട്ടീസ് ഇറക്കി

2018 ജൂലൈ 12
മിഷനറീസ് ഓഫ് ജീസസിന്റെ കണ്ണൂരിലുളള മഠത്തിലെത്തി പൊലീസ് കന്യാസ്ത്രീകളുടെ മൊഴിയെടുത്തു

2018 ജൂലൈ 14
കന്യാസ്ത്രീ ആദ്യം പരാതി നൽകിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് വികാരി ഫാ.ജോസഫ് തടത്തിൽ എന്നിവരുടെ മൊഴിയെടുത്തു

2018 ജൂലൈ 19
കന്യാസ്ത്രീ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി നടത്തിയ 14 മിനിറ്റ് ഫോൺ സംഭാഷണം പുറത്ത്. കന്യാസ്ത്രീ പരാതി നൽകിയിട്ടില്ലെന്ന കർദ്ദിനാളിന്റെ വാദം പൊളിഞ്ഞു

2018 ഓഗസ്റ്റ് 13
അന്വേഷണ സംഘം ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്തു

2018 സെപ്റ്റംബർ 08
ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾ തെരുവിലിറങ്ങി

2018 സെപ്റ്റംബർ 10
കന്യാസ്ത്രീയുടെ പരാതിയിൽ പൊലീസ് എന്തു നടപടി സ്വീകരിച്ചുവെന്ന് സർക്കാരിനോട് ഹൈക്കോടതി

2018 സെപ്റ്റംബർ 11
കൂടുതൽ വെളിപ്പെടുത്തലുകളുമായി വത്തിക്കാന് കന്യാസ്ത്രീ കത്തെഴുതി

218 സെപ്റ്റംബർ 12
സെപ്റ്റംബർ 19 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ബിഷപ്പിന് പൊലീസ് നോട്ടീസ് അയച്ചു

2018 സെപ്റ്റംബർ 13
ബിഷപ്പിനെതിരായ കേസിലെ പൊലീസ് അന്വേഷമം തൃപ്തികരമെന്ന് ഹൈക്കോടതി

2018 സെപ്റ്റംബർ 15
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ചുമതലകളിൽനിന്ന് താൽക്കാലികമായി ഒഴിഞ്ഞു.

2018 സെപ്റ്റംബർ 19
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ തൃപ്പുണ്ണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരായി

2018 സെപ്റ്റംബർ 21
കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിലായി

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ