കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീകള്‍ക്ക് സ്ഥലം മാറ്റം. സിസ്റ്റർ ആല്‍ഫി പള്ളാശേരില്‍, സിസ്റ്റര്‍ അനുപമ കേളമംഗലത്തുവെളിയില്‍, സിസ്റ്റര്‍ ജോസഫൈന്‍ വില്ലൂന്നിക്കല്‍, സിസ്റ്റര്‍ അനിറ്റ ഉറുമ്പില്‍ എന്നിവരോടാണ് കുറവിലങ്ങാട് മഠത്തില്‍ നിന്നു മാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്

പഞ്ചാബ്, ബിഹാര്‍, കണ്ണൂര്‍ എണ്ണിടങ്ങളിലേക്കാണ് ഇവര്‍ക്ക് സ്ഥലം മാറ്റം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് പ്രതികാര നടപടിയാണെന്നും തങ്ങള്‍ പോകില്ലെന്നും ഇവിടെ തന്നെ നില്‍ക്കുമെന്നും സിസ്റ്റര്‍ അനുപമ പ്രതികരിച്ചു. പരാതിക്കാരിയായ കന്യസ്ത്രീയെ ഒറ്റപ്പെടുത്താനും കേസ് അട്ടിമറിക്കാനുമുള്ള നീക്കമാണ് ഇപ്പോഴത്തെ സ്ഥലംമാറ്റ ഉത്തരവിനു പിന്നിലെന്നും സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.

സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ ജോസഫൈന്‍ എന്നിവരോട് ബിഹാറിലെ മഠത്തിലേക്കു തിരിച്ചുപോകാനും സിസ്റ്റര്‍ അനുപമയോട് പഞ്ചാബിലെ മഠത്തിലേക്കു പോകാനും സിസ്റ്റര്‍ ആന്‍സിറ്റയോട് കണ്ണൂര്‍ പരിയാരത്തേക്കുള്ള മഠത്തിലേക്കു തിരിച്ചുപോകാനുമാണ് ഓര്‍ഡറില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. അതേസമയം, പരാതിക്കാരിയായ കന്യാസ്ത്രീയെയും മറ്റൊരു കന്യാസ്ത്രീയായ സിസ്റ്റര്‍ നിന റോസിനെയും കുറവിലങ്ങാട് മഠത്തില്‍ തന്നെ നിലനിര്‍ത്തിയിട്ടുമുണ്ട്.

മുൻപ് 2018ൽ ട്രാൻസ്ഫർ നൽകിയിട്ടും ഇവർ പോകാൻ തയ്യാറായില്ലെന്നും എന്നാൽ ഇനി അത് ആവർത്തിക്കാൻ അനുവദിക്കില്ലെന്നും ഉത്തരവിൽ പറയുന്നു. മിഷണറീസ് ഇന്‍ ജീസസ് സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെജിന കടന്തോട്ടാണ് റിമൈന്‍ഡര്‍ ഓര്‍ഡറായി വീണ്ടും സ്ഥലം മാറ്റ ഉത്തരവ് ഇറക്കിയിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍ തിരിച്ചു കേരളത്തിലെത്താനുള്ള എല്ലാ സൗകര്യവും സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിക്കൊടുക്കുമെന്നും സ്ഥലം മാറ്റ ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

മിഷണറീസ് ഓഫ് ജീസസിന്റെ സ്വാഭാവിക നടപടി മാത്രമാണെന്ന് വിശദീകരിച്ചാണ് മദര്‍ ജനറല്‍ നാലുപേരെയും കുറുവിലങ്ങാട് മഠത്തില്‍നിന്നും സ്ഥലംമാറ്റിയിരിക്കുന്നത്. പരസ്യ സമരത്തിനിറങ്ങി സഭയുടെ ചട്ടങ്ങൾ ലംഘിച്ചതിനാണ് ട്രാൻസ്ഫർ എന്നും കത്തിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.