ജലന്ധര്‍: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത മറ്റൊരു കന്യാസ്ത്രീക്കു കൂടി സ്ഥലംമാറ്റം. സിസ്റ്റര്‍ നീന റോസിനെയാണ് പഞ്ചാബിലെ ജലന്ധര്‍ രൂപതയിലേക്ക് സ്ഥലം മാറ്റിയത്.

ജനുവരി 26ന് ജലന്ധറില്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നാണ് സിസ്റ്റര്‍ നീന റോസിന് നല്‍കിയ സ്ഥലംമാറ്റ ഉത്തരവില്‍ പറയുന്നത്. മിഷണറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹം മദര്‍ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ റെജിന കടന്തോട്ടാണ് ഉത്തരവ് അയച്ചിരിക്കുന്നത്. സഭയ്ക്കെതിരായി സമരം നടത്തിയത് അച്ചടക്ക ലംഘനമാണെന്നും ഉത്തരവില്‍ പറയുന്നു.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ സമരം ചെയ്ത കുറവിലങ്ങാട് മഠത്തിലെ നാല് കന്യാസ്ത്രീകളെ കൂട്ടത്തോടെ സ്ഥലംമാറ്റിയിരുന്നു. സിസ്റ്റര്‍ ആല്‍ഫി പള്ളാശേരില്‍, സിസ്റ്റര്‍ അനുപമ കേളമംഗലത്തുവെളിയില്‍, സിസ്റ്റര്‍ ജോസഫൈന്‍ വില്ലൂന്നിക്കല്‍, സിസ്റ്റര്‍ അനിറ്റ ഉറുമ്പില്‍ എന്നിവരോടാണ് കുറവിലങ്ങാട് മഠത്തില്‍ നിന്നു മാറാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ ജോസഫൈന്‍ എന്നിവരോട് ബിഹാറിലെ മഠത്തിലേക്കു തിരിച്ചുപോകാനും സിസ്റ്റര്‍ അനുപമയോട് പഞ്ചാബിലെ മഠത്തിലേക്കു പോകാനും സിസ്റ്റര്‍ ആന്‍സിറ്റയോട് കണ്ണൂര്‍ പരിയാരത്തേക്കുള്ള മഠത്തിലേക്കു തിരിച്ചുപോകാനുമാണ് ഓര്‍ഡറില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇതിനു പിന്നാലെയാണ് സിസ്റ്റര്‍ നീന റോസിനെക്കൂടി സ്ഥലംമാറ്റിയിരിക്കുന്നത് അതേസമയം, പരാതിക്കാരിയായ കന്യാസ്ത്രീയെ മഠത്തില്‍ തന്നെ നിര്‍ത്തിയിരിക്കുകയാണ്. ജനുവരി മൂന്നിനാണ് സ്ഥലം മാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ