കോട്ടയം: കന്യാസ്ത്രീ പീഡനക്കേസില്‍ ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കുറ്റപത്രം ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡിജിപി അനുമതി നല്‍കി. കുറ്റപ്പത്രം വൈകുന്നതിനെതിരെ കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ പങ്കെടുക്കുന്ന സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ ഇന്ന് കൊച്ചിയില്‍ നടക്കാനിരിക്കെയാണ് തീരുമാനം.

നേരത്തെ കോട്ടയം എസ്പിയെ കണ്ട് കേസില്‍ കുറ്റപത്രം വൈകുന്നതില്‍ കന്യാസ്ത്രീകള്‍ പ്രതിഷേധം അറിയിച്ചിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാമെന്നാണ് കൂടിക്കാഴ്ചയില്‍ എസ്പി ഉറപ്പുനല്‍കിയത്. എന്നാല്‍ അതിന് ശേഷം രണ്ടാഴ്ച പിന്നിട്ട ശേഷവും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് വീണ്ടും സമരരംഗത്തേക്കിറങ്ങാന്‍ കന്യാസ്ത്രീകള്‍ തീരുമാനിച്ചത്.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 നാണ് ജലന്തര്‍ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തത്. മൂന്നു മാസം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു അറസ്റ്റ്. എന്നാല്‍ അറസ്റ്റു ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. അന്വേഷണം സംഘം കുറ്റപത്രം തയ്യാറാക്കി ഒരു മാസം കഴിഞ്ഞിരുന്നെങ്കിലും ഇപ്പോഴാണ് അത് സമര്‍പ്പിക്കാനുള്ള അനുമതി ഡിജിപി നല്‍കുന്നത്.

കുറ്റപ്പത്രം നവംബറില്‍ തന്നെ തയ്യാറാക്കിയെന്നാണ് അന്വേഷണ സംഘംഅവകാശപ്പെടുന്നത്. എന്നാല്‍ കേസിലെ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതോടെ നടപടിക്രമങ്ങള്‍ പിന്നെയും താമസിക്കുകയായിരുന്നു.

ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കഴിഞ്ഞ സെപ്റ്റംബര്‍ ആദ്യവാരം കൊച്ചി വഞ്ചി സ്‌ക്വയറിലെത്തി പതിനഞ്ച് ദിവസം കന്യാസ്ത്രീമാര്‍ സമരം നടത്തിയിരുന്നു. ബലാത്സംഗം നേരിട്ട കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീമാര്‍ സമരമിരുന്നതോടെ പൊതുസമൂഹവും പിന്തുണയുമായെത്തിയിരുന്നു. ബിഷപ്പിന്റെ അറസ്റ്റുണ്ടായെങ്കിലും തുടര്‍നടപടികള്‍ക്ക് വേഗതയുണ്ടായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.