ഇടുക്കി: നിപ ഉറവിടം കണ്ടെത്താന്‍ പൂനെ വൈറോളജി വിഭാഗം ഇടുക്കി തൊടുപുഴയിലെത്തി വവ്വാലുകളുടെ സ്രവം ശേഖരിച്ചു തുടങ്ങി. നിപ ബാധിതനായ വിദ്യാര്‍ഥി പഠിച്ചിരുന്ന കോളേജിന് സമീപത്തു നിന്നും തൊടുപുഴ, മുട്ടം പ്രദേശങ്ങളില്‍ നിന്നുമാണ് ശേഖരിച്ചു തുടങ്ങിയത്. വവ്വാലുകളെ പിടികൂടി സ്രവങ്ങള്‍ എടുക്കുന്നതിനായി അധികൃതര്‍ തൊടുപുഴ പ്രൈവറ്റ് ക്ലബിനടുത്ത് കെണികള്‍ സ്ഥാപിച്ചു.

പഴംതീനി വവ്വാലുകള്‍ താവളമടിച്ചിരിക്കുന്ന റബര്‍ തോട്ടത്തിലെത്തിയാണ് മൂന്ന് കെണികള്‍ സ്ഥാപിച്ചത്. തൊടുപുഴ കൂടാതെ മുട്ടത്തും വിദ്യാര്‍ഥിയുടെ നാടായ വടക്കന്‍ പറവൂരിലെ രണ്ടിടത്തുനിന്നും വൈറോളജി അധികൃതര്‍ വവ്വാലുകളുടെ സ്രവങ്ങള്‍ ശേഖരിക്കും. പത്ത് ദിവസത്തിലധികം സംഘം ഇവിടങ്ങളില്‍ ചെലവഴിക്കും. സംസ്ഥാനത്ത് ഈ വര്‍ഷം ഇതാദ്യമായാണ് പൂനെയില്‍ നിന്നുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തുന്നത്.

Read More: നിപ ബാധിതനായ യുവാവിന്റെ ആരോഗ്യനിലയില്‍ പുരോഗതി; ചികിത്സ തുടരും

നിപ ഭീതി അകലുന്നുവെങ്കിലും ഉറവിടം സംബന്ധിച്ച് വ്യക്തതയില്ലാത്തതിനാലാണ് ജാഗ്രത തുടരുന്നത്. നിപ ബാധിതനായ വിദ്യാര്‍ഥി പഠിച്ച കോളജിന് സമീപത്ത് നിന്നാണ് വവ്വാലുകളുടെ സ്രവം ശേഖരിക്കുന്ന നടപടികള്‍ ആരംഭിച്ചത്. പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്നുള്ള ശാസ്ത്രജ്ഞരും ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള വിദഗ്ധ സംഘവുമാണ് വവ്വാലുകളുടെ ശ്രവം ശേഖരിച്ചുവരുന്നത്. പത്ത് ദിവസം സംഘം ഇടുക്കി കേന്ദ്രീകരിച്ചും പീന്നീട് പറവൂരിലും ശ്രവം ശേഖരിക്കും. നൂറിലധികം വവ്വാലുകളെ പിടികൂടിയാകും ശ്രവം ശേഖരിക്കുക.

ഈ സാമ്പിളുകള്‍ പൂനൈയിലെത്തിച്ച് പരിശോധന നടത്തിയാല്‍ ഉറവിടം കണ്ടെത്താനാകുമെന്നാണ് വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതരുടെ പ്രതീക്ഷ. പൂനൈ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലെ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.എ.ബി.സുദീപ്, അസിസ്റ്റന്റ് ഡയറക്ടര്‍ എം.ബി.ഗോഖലെ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തൊടുപുഴയില്‍ പരിശോധനക്കായി എത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.