/indian-express-malayalam/media/media_files/uploads/2018/05/liny-11qlini-famiy-horz.jpg)
പേരാമ്പ്ര: ലിനി തനിക്ക് അവസാനമായി എഴുതിയ കത്ത് സജീഷ് തന്റെ ഫോണ്‍ കവറിന്റെ അകത്ത് ഭദ്രമായി വെച്ചിട്ടുണ്ട്. ഭാര്യയുടെ അവസാന നിശ്വാസത്തിന്റെ ചൂടുളള ആ കത്ത് ഇനിയെന്നും, എവിടെ പോയാലും സജീഷിനൊപ്പം ഉണ്ടാകും. 'സജീഷേട്ടാ ഐ ആം ഓള്‍മോസ്റ്റ് ഓണ്‍ ദി വേ. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. സോറി. നമ്മുടെ മക്കളെ നന്നായി നോക്കണേ. പാവം കുഞ്ഞു അവനെ ഒന്ന് ഗള്‍ഫില്‍ കൊണ്ടുപോകണം. നമ്മുടെ അച്ഛനെപ്പോലെ തനിച്ചാവരുത്. പ്ലീസ്, വിത്ത് ലോട്‌സ് ഓഫ് ലവ്, ഉമ്മ’; കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എമര്‍ജന്‍സി ഐസിയുവില്‍ കിടന്നുകൊണ്ട് 33കാരിയായ ലിനി ഭര്‍ത്താവിന് അവസാനമായി എഴുതിയ ചുളുങ്ങിയ കടലാസിലെ വാക്കുകള്‍.
ബഹ്റൈനില്‍ ഒരു ചെറിയ കമ്പനിയില്‍ അക്കൗണ്ടന്റായ സജീഷ് ചൊവ്വാഴ്ച്ച ചെമ്പനോടയിലെ വീട്ടില്‍ ഏകനായി ഇരിക്കുകയാണ്. നിപ വൈറസ് ജീവനെടുത്ത 10 പേരില്‍ ഒരാളാണ് ലിനി. വൈറല്‍ പനി ബാധിച്ച് മരിച്ച പേരാമ്പ്ര സ്വദേശികളായ സഹോദരന്‍മാരില്‍ ഒരാളായ മുഹമ്മദ് സാബിത്തിനെ ശുശ്രൂഷിച്ച പേരാമ്പ്ര് താലൂക്ക് ആശുപത്രിയിലെ നഴ്‌സ്. നിപ വൈറസ് എന്ന പേര് കേട്ടു തുടങ്ങുന്നതിന് മുമ്പ് ആ വൈറസ് ബാധിച്ചെത്തിയ രോഗിയെ ഒരു നിമിഷം പോലും വിശ്രമിക്കാതെ പരിചരിച്ച ലിനി ഒടുവില്‍ ആ വൈറസിന്റെ അടുത്ത ഇരയായി മാറുകയായിരുന്നു. വവ്വാലില്‍ നിന്നാണ് പടര്‍ന്നതെന്ന് കരുതുന്ന വൈറസിന്റെ പിടുത്തത്തില്‍ ഇതുവരെ മരണസംഖ്യ 10 ആയി.
'സാബിത്ത് മരിച്ചെന്ന് അറിഞ്ഞപ്പോള്‍ അവള്‍ വളരെ ദുഖിതയായിരുന്നു. കാരണം തനിക്ക് ചെയ്യാന്‍ കഴിയുന്നതിന്റെ പരമാവധി അവള്‍ അദ്ദേഹത്തെ രക്ഷിക്കാന്‍ ചെയ്തിരുന്നു. ഒരു രോഗിക്ക് ഒരു ഡ്യൂട്ടി നഴ്സ് ചെയ്യേണ്ടതിനേക്കാളും അപ്പുറം അവള്‍ ജോലി ചെയ്യാറുണ്ട്. എങ്കിലും അദ്ദേഹത്തിന് വൈറസ് ബാധയാണെന്ന് അവള്‍ അറിഞ്ഞിരുന്നില്ല', സജീഷ് പറഞ്ഞു.
സാബിത്തിന്റെ മരണശേഷമാണ് പനിയെ തുടര്‍ന്ന് ലിനിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. 'വൈറസ് മറ്റുളളവരിലേക്ക് പടരുന്നത് കൊണ്ട് തന്നെ ഒറ്റപ്പെട്ട വാര്‍ഡില്‍ കിടത്തിയാല്‍ മതിയെന്ന് ലിനിയാണ് ആശുപത്രി അധികൃതരോട് പറഞ്ഞത്. ഞായറാഴ്ച്ച വരെ ലിനി തന്നെയാണ് സ്വന്തമായി മരുന്നുകള്‍ എടുത്ത് കഴിച്ചത്. അന്ന് എല്ലാവരേയും തിരിച്ചറിയുകയും ചെയ്തിരുന്നു', ലിനിയുടെ ബന്ധു അനില്‍ പറഞ്ഞു.
/indian-express-malayalam/media/media_files/uploads/2018/05/letter.jpg)
'അവള്‍ക്ക് നഴ്സിംഗ് വളരെ ഇഷ്ടമായിരുന്നു. രോഗികളെ അത്രയും നന്നായി അവള്‍ നോക്കാറുണ്ട്, അത്കൊണ്ട് തന്നെയാണ് ഇളയ മകനെ പ്രസവിച്ചതിന് നാല് മാസം കഴിഞ്ഞപ്പോള്‍ വീണ്ടും അവള്‍ ആശുപത്രിയിലേക്ക് തിരികെ പോയത്', വാക്കുകള്‍ ഇടറി സജീഷ് പറഞ്ഞു.
സജീഷ് സംസാരിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് മുഖത്ത് മാസ്ക് ധരിച്ച് കൊണ്ട് ലിനിയുടെ അമ്മ നിലവിളിച്ച് വീടിന് അടുത്തുളള അരുവിയുടെ നേരെ ഓടിപ്പോയത്. കുടുംബാംഗങ്ങള്‍ ഓടി വന്ന് അവരെ പിടിച്ച് അകത്തേക്ക് കൊണ്ടു പോവുമ്പോഴഉം അവര്‍ കുതറുകയായിരുന്നു. 'അപസ്മാര രോഗിയാണവര്‍. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് അവര്‍ക്ക് ഭര്‍ത്താവിനെ നഷ്ടമായത്, ഇപ്പോള്‍ മകളും നഷ്ടമായി, എന്താ ചെയ്യാ', സജീഷ് ഇടര്‍ച്ചയോടെ പറഞ്ഞു.
അമ്മയെ കാത്തിരിക്കുന്ന രണ്ട് മുഖങ്ങളുമുണ്ട് ചെമ്പനോടയിലെ ആ വീട്ടില്‍. രണ്ട് വയസ്സുകാരന്‍ സിദ്ധാര്‍ഥും അഞ്ചുവയസ്സുകാരന്‍ റിഥുലും. 'അമ്മ എവിടെയെന്ന് ദിവസങ്ങളായി അവര്‍ അന്വേഷിക്കുന്നുണ്ട്. സിദ്ദാര്‍ഥ് ഇടക്കിടെ അമ്മയെ അന്വേഷിച്ച് കരയുകയും ചെയ്യും. രാത്രിയാണ് ഏറേയും കരയുക. മൂത്ത മകനോട് അമ്മ ഇനി തിരിച്ചു വരില്ലെന്ന് പറഞ്ഞു. ശരി, എന്നാണ് അവന്‍ തലയാട്ടിക്കൊണ്ട് തിരിച്ചു പറഞ്ഞതെങ്കിലും ഞാന്‍ പറഞ്ഞതിന്റെ പൊരുള്‍ എന്താണെന്ന് അവന് മനസ്സിലായോ എന്ന് എനിക്കറിയില്ല', സജീഷ് പറഞ്ഞു.
ഇവിടെ നിന്നും ഏകദേശം 20 കിലോമീറ്ററോളം അകലെയുളള താലൂക്ക് ആശുപത്രി ഇപ്പോള്‍ ആളൊഴിഞ്ഞ് കിടക്കുകയാണ്. വൈറസ് പകരുമെന്ന് കരുതി മിക്കവരം ഡിസ്ചാര്‍ജ് വാങ്ങി ഒഴിയുകയായിരുന്നു. ഒരാഴ്ച്ച മുമ്പ് നൂറോളം പേരെ പ്രവേശിപ്പിച്ച ആശുപത്രിയിലിപ്പോള്‍ രണ്ട് രോഗികള്‍ മാത്രമാണുളളത്. ഇത്തരം ഭീതിജനകമായ സാഹചര്യങ്ങളില്‍ ധൈര്യത്തോടെ പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്ന് ഹെഡ് നഴ്സായ ശാന്ത പറഞ്ഞു.
'പേടിയുണ്ട്, പക്ഷെ എന്താ ചെയ്യാ. ധൈര്യം സംഭരിച്ചു വന്നു. വേറെ നിവൃത്തി ഇല്ലല്ലോ', ശാന്ത പറഞ്ഞു.
ലിനിയെ കുറിച്ചുളള ചോദ്യത്തിന് വൈകാരികമായാണ് ശാന്ത പ്രതികരിച്ചത്, 'ഞങ്ങള്‍ ഒരുമിച്ച് മിക്കപ്പോഴും രാത്രി ഷിഫ്റ്റുകള്‍ എടുത്തിട്ടുണ്ട്. വളരെ നല്ലൊരു നഴ്സായിരുന്നു അവള്‍. രോഗികളെ അത്രയും കാര്യമായി അവള്‍ നോക്കിയിരുന്നു', നിറകണ്ണുകളോടെ ശാന്ത പറഞ്ഞു നിര്‍ത്തി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.