/indian-express-malayalam/media/media_files/uploads/2018/05/Shailaja-Lini.jpg)
കോഴിക്കോട്: നിപ്പ വൈറസ് ബാധയേറ്റ രോഗികളെ പരിചരിച്ചതിന് പിന്നാലെ രോഗബാധിതയാവുകയും കഴിഞ്ഞ ദിവസം മരിക്കുകയും ചെയ്ത നഴ്‌സ് ലിനിയുടെ കുടുംബത്തെ സർക്കാർ സഹായിക്കുമെന്ന് മന്ത്രി കെകെ ശൈലജ. ഇന്നലെയാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.
ലിനിയുടെ മരണം ഏറെ ദു:ഖകരമാണെന്ന് മന്ത്രി കെകെ ശൈലജ പറഞ്ഞു. "അവർ ജനങ്ങൾക്ക് വേണ്ടി സേവനം ചെയ്യുകയായിരുന്നു. ആ സേവനത്തിനിടെ അവർ എല്ലാവരെയും വിട്ടുപിരിഞ്ഞുവെന്നത് ഏറെ സങ്കടകരമാണ്. ലിനിയുടെ കുടുംബത്തെ സഹായിക്കാൻ സർക്കാർ സാധ്യമായതെല്ലാം ചെയ്യും," കെകെ ശൈലജ വ്യക്തമാക്കി.
നിപ്പ വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് സംശയിക്കുന്ന പന്തിരിക്കര സൂപ്പിക്കടക്ക് സമീപം വളച്ചുകെട്ടി വീട്ടിലെ കുടുംബാംഗങ്ങളെ പരിചരിച്ചതിന് പിന്നാലെയാണ് ലിനിക്ക് അസുഖം ബാധിച്ചത്. കോഴിക്കോട് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ദിവസ വേതന ജീവനക്കാരിയായിരുന്നു ലിനി.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇപ്പോൾ സർക്കാരിന് ധനസഹായമോ മറ്റ് ആനുകൂല്യങ്ങളോ പ്രഖ്യാപിക്കാനാവില്ല. സ്ഥിരം ജീവനക്കാരിയല്ലാത്തതിനാൽ ആശ്രിത നിയമനത്തിന് അർഹത ലഭിക്കില്ലെന്ന സംശയം ഉണ്ടായിരുന്നു. പ്രത്യേക ഉത്തരവിലൂടെ മാത്രമേ ലിനിയുടെ കുടുംബത്തിനെ സർക്കാരിന് സഹായിക്കാനാവൂ. ഇപ്പോഴത്തെ പ്രതിസന്ധി മറികടന്ന ശേഷം ലിനിയുടെ കുടുംബത്തിനുളള സഹായം പ്രഖ്യാപിക്കാമെന്നാണ് സർക്കാർ തീരുമാനം എന്നറിയുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.