“സജീഷേട്ടാ, am almost on the way. നിങ്ങളെ കാണാന്‍ പറ്റുമെന്ന് തോന്നുന്നില്ല. sorry…
നമ്മുടെ മക്കളെ നന്നായി നോക്കണേ…
പാവം കുഞ്ചു. അവനെയൊന്ന് ഗള്‍ഫില്‍കൊണ്ടുപോകണം…
നമ്മുടെ അച്ഛനെ പോലെ തനിച്ചാവരുത്, please… with lots of love..”
നിപ്പ വൈറസ് ബാധിച്ച രോഗികളെ ചികിത്സിച്ച് സ്വന്തം ജീവന്‍ ത്യജിച്ച നഴ്സ് ലിനി ഭര്‍ത്താവ് സജീഷിനു എഴുതിയ അവസാനകുറിപ്പ് ഇങ്ങനെയാണ്. ലിനിയില്ലാത്ത ലോകത്തിരുന്ന് മക്കളെ തന്നാലാവും വിധം നന്നായി നോക്കുകയാണ് സജീഷ്. ഇന്നലെ വിദ്യാരംഭദിനത്തില്‍ ലിനിയുടേയും സജീഷിന്റെയും ഇളയമകന്‍ സിദ്ധാര്‍ഥ് അച്ഛന്റെ മടയിലിരുന്നു അക്ഷരലോകത്തേക്ക് ചുവടു വച്ചു. ലോകനാര്‍കാവില്‍ വച്ചാണ് സിദ്ധാര്‍ഥ് ഹരിശ്രീ കുറിച്ചത്. ഇവരുടെ മൂത്തമകന്‍ രിതുലിന്റെ ആദ്യാക്ഷരവും ഇവിടെ വച്ച് തന്നെയായിരുന്നു. ലിനിയുടെ ആഗ്രഹപ്രകാരം തന്നെയാണ് രണ്ടാമത്തെ മകനേയും ഇവിടെ ഹരിശ്രീ കുറിപ്പണം എന്നത്. അത് നടപ്പിലാക്കാനാണ് ശ്രമിക്കുന്നത് എന്ന് സജീഷ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന സജീഷിനു ലിനിയുടെ മരണശേഷം കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ ജോലി നല്‍കി. ജീവിച്ചു കൊതി തീരാതെ രണ്ടു കുഞ്ഞു മക്കളെയും തന്നിലേൽപ്പിച്ച് കൊണ്ട് ലിനി യാത്രയായ ലിനിയുടെ ത്യാഗപൂർണ്ണമായ വിടവാങ്ങലിൽ മനസ്സ് അർപ്പിച്ചുകൊണ്ട് എന്റെ രണ്ടു മക്കളെയും ഹൃദയത്തോട് ചേർത്തുവച്ച് ലിനിയുടെ ആഗ്രഹങ്ങൾ പോലെ അവരെയും കുടുംബത്തെയും താൻ സംരക്ഷിക്കുമെന്ന് തീരുമാനിച്ചു എന്ന് സജീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു. കിട്ടിയ ആദ്യ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന് കൈമാറി മാതൃക കാട്ടി സജീഷ്. ലിനി ആശുപത്രിയില്‍ കിടക്കുമ്പോള്‍ നേര്‍ന്നിരുന്നത് പ്രകാരം മകന് പറശ്ശിനിക്കടവില്‍ വച്ച് ചോറൂണ് നല്‍കുകയും ചെയ്തിരുന്നു കുടുംബം.
Read More: ലിനിയുടെ ആഗ്രഹം നിറവേറി; മകന് പറശ്ശിനിക്കടവില്‍ ചോറൂണ്