തിരുവനന്തപുരം: കോവളത്ത് മരിച്ച ലാത്വിയന്‍ വനിത ലിഗയുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ച് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്ത് ഞെരിച്ചാണ് കൊലപാതകം നടത്തിയതെന്ന് റിപ്പോര്‍ട്ട് പറയുന്നു. അതേസമയം, കൊല നടത്തിയത് ഒന്നിലധികം ആളുകള്‍ ചേര്‍ന്നാകാമെന്നും റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ ബലാത്സംഗം നടന്നോ എന്നത് വ്യക്തമല്ല. മൃതദേഹം ജീര്‍ണിച്ചതിനാല്‍ ഇത് പറയുക സാധ്യമല്ല.
കാല്‍മുട്ടു കൊണ്ടോ ഇരുമ്പു ദണ്ഡ് കൊണ്ടോ കഴുത്ത് ഞെരിച്ചാകാം കൊന്നതെന്നനാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തൂങ്ങിമരിച്ചാലുണ്ടാകുന്ന തരത്തിലുളള പരിക്കല്ല കഴുത്തിലുളളതെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ലിഗയുടെ കഴുത്തിലെ തരുണാസ്ഥികള്‍ പൊട്ടിയിട്ടുണ്ട്. കഴുത്ത് ഞെരക്കുമ്പാഴാണ് തരുണാസ്ഥികള്‍ പൊട്ടുന്നതെന്നാണ് വിവരം.
കൊല്ലപ്പെടുന്നതിന് തൊട്ടുമുമ്പ് അമിതമായ അളവില്‍ ലഹരി വസ്തുക്കള്‍ ലിഗയുടെ ശരീരത്തിലെത്തിയിരുന്നുവെന്നും പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ എന്ത് വസ്തുവാണ് ശരീരത്തിലെത്തിയതെന്ന് വ്യക്തമല്ല. രാസപരിശോധനാ ഫലം ലഭിച്ചാല്‍ മാത്രമേ ശരീരത്തിലെത്തിയ വസ്?തുവെന്താണെന്നതില്‍ വ്യക്തത ലഭിക്കൂ.
ഇരുകാലുകള്‍ക്കും ഒരേ രീതിയില്‍ മുറിവേറ്റിട്ടുമുണ്ട്. ലിഗയുടെ മൃതദേഹം കണ്ട വാഴമുറ്റത്ത് നിന്നും മുടിയിഴകള്‍ കിട്ടിയിരുന്നു. ഇവ ലിഗയുടേത് അല്ലെന്നാണ് സൂചന. മുടിയിഴകള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. വാഴമുട്ടത്തെ രണ്ടു ഫൈബര്‍ ബോട്ടുകള്‍ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
ദുരൂഹ സാഹചര്യത്തില്‍ മരിച്ച ലിഗ കണ്ടല്‍ക്കാട്ടിലെത്താന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോണി കണ്ടെത്തിയിരുന്നു. ലിഗയെ ഇവിടേക്ക് കൂട്ടിക്കൊണ്ടുവന്നവരെന്നു കരുതുന്ന അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബീച്ചില്‍ ലിഗയുടെ വിശ്വാസം നേടിയ പനത്തുറക്കാരനും അനധികൃത ടൂറിസ്റ്റ് ഗൈഡുമായ പുരുഷ ലൈംഗികതൊഴിലാളി പൂനംതുരുത്തിലേക്ക് വള്ളത്തില്‍ കൊണ്ടു പോയെന്നാണ് അനുമാനം. വാഴമുട്ടത്തെ ഒരു യോഗ പരിശീലകന്‍ ലിഗയ്ക്ക് കഞ്ചാവ് ചേര്‍ത്ത സിഗരറ്റ് നല്‍കിയതായും വിവരമുണ്ട്.