scorecardresearch

യാക്കോബായ സഭയിൽ വിമത നീക്കം: നടപടിയുടെ വടിയെടുത്ത് പാത്രിയാര്‍ക്കീസ്

യാക്കോബായ സഭയിലെ വിമത നീക്കങ്ങളും അസ്വരസ്യങ്ങളും വിശ്വാസികളെ ആശങ്കയിലാഴ്ത്തിരിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ

യാക്കോബായ സഭയിലെ വിമത നീക്കങ്ങളും അസ്വരസ്യങ്ങളും വിശ്വാസികളെ ആശങ്കയിലാഴ്ത്തിരിക്കുന്നതിനിടെയാണ് പുതിയ സംഭവവികാസങ്ങൾ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
jacobite, Malankara Jacobite Syrian Orthodox Church,,Patriarch,bava

കോട്ടയം: അസ്വാരസ്യങ്ങളും തമ്മിലടിയും തുടരുന്ന യാക്കോബായ സഭയില്‍ പാത്രിയാര്‍ക്കീസ് ബാവയ്‌ക്കെതിരെ വിമതനീക്കം നടത്താന്‍ ശ്രമിച്ച ആറു മെത്രാപ്പോലീത്തമാര്‍ക്കെതിരേ നടപടി. കഴിഞ്ഞ ദിവസം പലസ്തീനില്‍ മോര്‍ അപ്രം കരീം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവയുടെ നേതൃത്വത്തില്‍ കൂടിയ പ്രത്യേക സൂനഹോസിലാണ് വിമതശബ്‌ദം ഉയര്‍ത്താന്‍ ശ്രമിച്ച ആറു ബിഷപ്പുമാരെ സസ്‌പെന്‍ഡു ചെയ്യാന്‍ തീരുമാനിച്ചത്. മോര്‍ ക്ലീമിസ് യൂജിന്‍ കപ്ലാന്‍( പാര്‍ട്രിയാര്‍ക്കല്‍ വികാരിയാറ്റ് ഓഫ് വെസ്റ്റേണ്‍ യുഎസ്എ), മോര്‍ സേവേറിയോസ് മല്‍ക്കി മുറാദ്( പാര്‍ട്രിയാര്‍ക്കല്‍ വികാരിയാറ്റ് ഓഫ് ഇസ്രയേല്‍, ജോര്‍ദാന്‍, പാലസ്തീന്‍), മോര്‍ സേവേറിയോസ് സസില്‍ സൗമി(പാര്‍ട്രിയാര്‍ക്കല്‍ വികാരിയാറ്റ് ഓഫ് ബെല്‍ജിയം, ഫ്രാന്‍സ്, ലക്‌സംബര്‍ഗ്), മോര്‍ മിലിത്തിയോസ് മല്‍ക്കി മല്‍ക്കി(പാര്‍ട്രിയാര്‍ക്കല്‍ വികാരിയാറ്റ് ഓഫ് ഓസ്‌ട്രേലിയ ആന്‍ഡ് ന്യൂസിലന്‍ഡ്) ബെര്‍ക്കുലോമസ് നഥാനിയേല്‍ (പാര്‍ട്രിയാര്‍ക്കല്‍ വികാരിയാറ്റ് ഓഫ് അറേബ്യന്‍ ഗള്‍ഫ്) മോര്‍ ഇസ്താത്തിയോസ് മക്കാറോ മക്കാറൂഹ(മുന്‍ ആര്‍ച്ചുബിഷപ്പ് നസ്രായീല്‍, സിറിയ) എന്നിവരാണ് സസ്‌പെന്‍ഡു ചെയ്യപ്പെട്ട മെത്രാപ്പോലീത്തമാര്‍.

Advertisment

കഴിഞ്ഞ കുറേക്കാലങ്ങളായി യാക്കോബായ സഭയില്‍ ഒരു വിഭാഗം മെത്രാപ്പോലീത്തമാര്‍ പാത്രിയാർക്കീസിനെതിരായി പ്രവർത്തിക്കുന്നുവെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന വിവരം. മോര്‍ ക്ലീമിസ് യൂജിന്‍ കപ്ലാനെ പാത്രിയാര്‍ക്കീസാക്കാന്‍ ലക്ഷ്യമിട്ടാണ് വിമത ബിഷപ്പുമാര്‍ നീക്കം നടത്തിയതെന്നാണ് സഭാ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഇതിന്റെ ഭാഗമായി പാത്രിയാര്‍ക്കീസ് ബാവയുടെ അനുമതിയില്ലാതെ ഒരു വൈദികനെ വാഴിക്കുകയും ചെയ്തു. എന്നാല്‍ തന്റെ അനുമതിയില്ലാതെ വൈദികനെ വാഴിച്ചതു റദ്ദാക്കിയ പാര്‍ത്രിയാര്‍ക്കീസ് ബാവ സഭയുടെ ഭരണഘടനയും പരമ്പരാഗത വിശ്വാസവും തകര്‍ക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനം അനുവദിക്കില്ലെന്നും മുന്നറിയിപ്പു നല്‍കിയ ശേഷമാണ് വിമത പ്രവര്‍ത്തനം നടത്തിയ ബിഷപ്പുമാര്‍ക്കെതിരേ നടപടിയെടുത്തത്.

അതേസമയം പാത്രിയാര്‍ക്കീസ് ബാവയ്‌ക്കെതിരേ നടക്കുന്ന വിമത പ്രവര്‍ത്തനങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഒരു വിഭാഗത്തിന്റെ പിന്തുണയും ഉണ്ടെന്നാണ് സഭയുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങള്‍ പുറത്തുവിടുന്ന വിവരം. എന്നാല്‍ സര്‍വ സമ്മതനായി തെരഞ്ഞെടുക്കപ്പെട്ട പാത്രിയാര്‍ക്കീസ് ബാവയ്‌ക്കെതിരേ വിമതനീക്കം നടത്തുന്നത് യാതൊരു കാരണവശാലും വിജയിക്കില്ലെന്നും ഇത്തരക്കാരെ ഔഗേന്‍ കാതോലിക്ക നടത്തിയ നീക്കം പൊളിച്ച് സഭ രണ്ടായതുപോലുള്ള കാര്യങ്ങള്‍ ആവര്‍ത്തിക്കാനേ ഇടവരുത്തുകയുള്ളുവെന്നും  മുതിര്‍ന്ന വൈദികന്‍ പറയുന്നു.

"1964-ല്‍ ദേവലോകം അരമനയില്‍ വാഴിച്ച ഔഗേന്‍ കാതോലിക്ക 1970-ല്‍ പാത്രിയാര്‍ക്കീസ് ബാവയെ അംഗീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞു പത്രസമ്മേളനം നടത്തി. എന്നാല്‍ പിന്നീടു കൂടിയ മാനേജിംഗ് കമ്മിറ്റി ഔഗേന്‍ കാതോലിക്കയുടെ തീരുമാനം തള്ളിപ്പറയുകയും 1958-ല്‍ യോജിക്കാന്‍ തീരുമാനിച്ച യാക്കോബായ -ഓര്‍ത്തഡോക്‌സ് ഐക്യം ഇതോടെ ശിഥിലമാവുകയും ചെയ്തു. പാത്രിയാര്‍ക്കീസ് ബാവയെ തള്ളിപ്പറഞ്ഞതാണ് വീണ്ടും സഭ രണ്ടാകാന്‍ ഇടയാക്കിയത്. മലങ്കര പാരമ്പര്യമനുസരിച്ച് പാത്രിയാര്‍ക്കീസ് ബാവയെ അനുസരിച്ചും വിധേയയപ്പെട്ടുമാണ് വിശ്വാസികളും മെത്രാപ്പോലീത്തമാരും പ്രവര്‍ത്തിക്കേണ്ടത്. അതുകൊണ്ടു തന്നെ പാത്രിയാര്‍ക്കീസ് ബാവയ്‌ക്കെതിരേ വിമത നീക്കം നടത്തി കാര്യങ്ങല്‍ നേടാമെന്നു കരുതുന്നവരുടെ സ്വപ്‌നം ഒരു കാലത്തും പൂവണിയില്ല."  വൈദികന്‍ കൂട്ടിച്ചേര്‍ക്കുന്നു.

Advertisment

കേരളത്തിലെ സംഭവവികാസങ്ങള്‍ പാര്‍ത്രിയാര്‍ക്കീസ് ബാവയെ ധരിപ്പിക്കാനും തീമോത്തിയോസിനെതിരേ കര്‍ശന നടപടി ആവശ്യപ്പെടാനും ലക്ഷ്യമിട്ട് അടുത്ത ആഴ്ച കേരളത്തില്‍ നിന്നുള്ള ഒരുവിഭാഗം മെത്രാപ്പോലീത്തമാര്‍ പാത്രിയാര്‍ക്കീസിനെ കാണാന്‍ പോകാന്‍ തീരുമാനിച്ചിരുന്നതായാണ് വിവരം. എന്നാല്‍ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഈ യാത്ര അനിശ്ചിതത്വത്തിലായതാണ് സൂചന. വിമത നീക്കങ്ങളെല്ലാം തിരിച്ചറിഞ്ഞ പാത്രിയാര്‍ക്കീസ് ബാവ കര്‍ശന നടപടിയെടുത്തതോടെ കേരളത്തില്‍ നിന്നുള്ള ഒരു വിഭാഗം ഉള്‍പ്പടെയുള്ളവര്‍ വിമത നീക്കം തത്ക്കാലത്തേയ്ക്ക് മരവിപ്പിച്ചു. ഒരു കാലത്ത് കെട്ടങ്ങിയിരുന്ന വിമതനീക്കവും അസ്വാരസ്യങ്ങളും വീണ്ടും യാക്കോബായ സഭയില്‍ മറനീക്കി പുറത്തുവന്നത്  വിശ്വാസികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

Jacobite Patriarch Syriac Orthodox Church

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: