കോഴിക്കോട്: കുടിയേറ്റക്കാരെ പുറത്താക്കാന്‍ വാളെടുത്ത ഡോണള്‍ഡ് ട്രംപിന്റെ നാട്ടില്‍നിന്നെത്തിയ ‘വെള്ളക്കാരെ’ തുരത്താന്‍ കഴിയാതെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും കര്‍ഷകര്‍. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ വ്യാപകമായ അല്യൂറോഡിക്കസ് റൂജിയോ പെര്‍ക്കുലേറ്റസ് വിഭാഗത്തില്‍പ്പെട്ട റുഗോസ് സ്‌പൈറലിങ് വെള്ളീച്ചയാണ് കര്‍ഷര്‍ക്കു പുതിയ തലവേദനയാകുന്നത്.

തെങ്ങും വാഴയും ഉള്‍പ്പെടെ കേളരത്തിലെയും തമിഴ്‌നാട്ടിലെയും 17 പ്രധാന കാര്‍ഷിക-ഫലവര്‍ഗ സസ്യങ്ങളിലാണു വെള്ളീച്ചയുടെ ഉപദ്രവം സ്ഥിരീകരിച്ചത്. പ്ലാവ്, മാവ്, പേര, പുളി തുടങ്ങിയവയിലെല്ലാം വെള്ളീച്ച സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.

Vellicha

റുഗോസ് സ്‌പൈറലിങ് വെളളീച്ച തെങ്ങോലയില്‍ മുട്ടയിട്ട നിലയില്‍.

രണ്ടു മില്ലിമീറ്റര്‍ വലുപ്പം മാത്രമുള്ളതാണു ഈ വെള്ളീച്ചകള്‍. വിളകളുടെ ഇലകളുടെ അടിഭാഗത്ത് വൃത്തത്തില്‍ മുട്ടക്കൂട്ടം നിക്ഷപിക്കുകയാണ് ഇവ ചെയ്യുന്നത്. വെള്ളീച്ചകളും കുഞ്ഞുങ്ങളും ഇലകളില്‍ പറ്റിപ്പിടിച്ച് അവയുടെ നീരൂറ്റികുടിക്കും. ഇതുകാരണം ഇലകളില്‍ മഞ്ഞളിപ്പുണ്ടാവുന്നു. വെള്ളീച്ചകളുടെ വിസര്‍ജ്യം പതിക്കുന്ന ഇലകളില്‍ കരിംപൂപ്പ് രോഗം പടരും.

Read More: കേരളത്തെ എന്തിനാണ് വെയിലത്ത് നിർത്തുന്നത്

റുഗോസ് സ്‌പൈറലിങ് വെള്ളീച്ചകളുടെ ആക്രമണത്തെത്തുടര്‍ന്നു കറുത്തനിറത്തിലായ തെങ്ങോല

റുഗോസ് സ്‌പൈറലിങ് വെളളീച്ചകളുടെ ആക്രമണത്തെത്തുടര്‍ന്നു കറുത്തനിറത്തിലായ തെങ്ങോല

അമേരിക്കന്‍ ഉപഭൂഖണ്ഡത്തിലെ ബെലൈസിലാണു 2004 ല്‍ ആദ്യമായി റൂഗോസ് സ്‌പൈറലിങ് വെള്ളീച്ചയെ കണ്ടെത്തിയത്. 2009ല്‍ ഇവ ഫ്‌ളോറിഡയില്‍ തെങ്ങുകളില്‍ വ്യാപകമായി. ഈ സ്ഥലങ്ങളില്‍നിന്നുള്ള വിള-സസ്യ വ്യാപാരത്തിന്റെ ഭാഗമായിട്ടായിരിക്കും പുതിയ ഇനം വെള്ളീച്ച ഇന്ത്യയിലെത്തിയതെന്നാണ് കാര്‍ഷികശാസ്ത്രജ്ഞരുടെ നിഗമനം.

പേരയിലയില്‍ പറ്റിപ്പിടിച്ച റുഗോസ് സ്‌പൈറലിങ് വെളളീച്ചക്കൂട്ടം.

പേരയിലയില്‍ പറ്റിപ്പിടിച്ച റുഗോസ് സ്‌പൈറലിങ് വെളളീച്ചക്കൂട്ടം.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ പാലക്കാട്, പൊള്ളാച്ചി മേഖലകളിലെ തെങ്ങുകളിലാണ് ഈ ഇനത്തിലുളള വെള്ളീച്ചകളുടെ ശല്യം ഇന്ത്യയില്‍ കണ്ടെത്തിയത്. എന്നാല്‍ ഇവ പുതിയ ഇനം ആണോയെന്നു സ്ഥിരീകരിക്കാന്‍ ആ സമയത്ത് കഴിഞ്ഞിരുന്നില്ല. സ്വദേശി ഇനം വെള്ളീച്ചയായ അലെറോഡിക്കസ് ഡിസ്‌പേഴ്‌സസ് ആയിരിക്കാം ഇവ സംശയത്തിലായിരുന്നു കൃഷിശാസ്ത്രജ്ഞര്‍. സെപ്റ്റംബറില്‍ തിരുവനന്തപുരം വെള്ളയാണി കാര്‍ഷിക കോളജിലെ കീടനിയന്ത്രണ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. എസ്.ഷനാസിന്റെ നേതൃത്വത്തിലുള്ള സംഘമാണു പുതിയ വെള്ളീച്ച റൂഗോസ് സ്‌പൈറലിങ് ആണെന്നു സ്ഥിരീകരിച്ചത്. ഇതേ കോളജിലെ ജോസഫ് ജേക്കബ്, ടോം ജോസഫ്, ജി. അഞ്ജു കൃഷ്ണന്‍ എന്നീ കൃഷിശാസ്ത്രഞ്ജരും ഉദ്യമത്തില്‍ പങ്കാളികളായി.

റുഗോസ് സ്‌പൈറലിങ് വെളളീച്ചകളുടെ ആക്രമണത്തെത്തുടര്‍ന്നു കറുത്തനിറത്തിലായ വാഴയില.

റുഗോസ് സ്‌പൈറലിങ് വെള്ളീച്ചകളുടെ ആക്രമണത്തെത്തുടര്‍ന്നു കറുത്തനിറത്തിലായ വാഴയില.

ഇന്നിപ്പോള്‍ സംസ്ഥാനത്തിന്റെ മിക്കഭാഗങ്ങളിലും കുടിയേറിയ വെള്ളീച്ചയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥാ മാറ്റമാണു പുതിയ ഇനം വെള്ളീച്ചകള്‍ക്ക് അനുകൂല ഘടകമാകുന്നത്. കഴിഞ്ഞവര്‍ഷമുണ്ടായ മഴയിലെ കുറവാണ് വെള്ളീച്ചകള്‍ പെട്ടെന്നു പെരുകാന്‍ ഇടയാക്കിയതെന്നു കൃഷിശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

വെള്ളീച്ചകള്‍ പടര്‍ന്നുപിടിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ നിലവില്‍ അമിത ആശങ്കയുടെയോ കടുത്ത കീടനാശിനി പ്രയോഗങ്ങളുടെയോ ആവശ്യമില്ലെന്നു ഡോ. എസ്.ഷനാസും വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചറല്‍ കോളജിലെ കീടനിയന്ത്രണ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. ബെറിന്‍ മാത്യവും പറയുന്നു. അതേസമയം, കീടത്തിന്റെ ആക്രമണം കാരണം തെങ്ങിലെയും വാഴയിലെയും ഉത്പാദനം കുറയുന്നതായാണു കര്‍ഷകരുടെ പരാതി.

റൂഗോസ് സ്‌പൈറലിങ് വെള്ളീച്ചകളെ കണ്ടെത്തിയ സസ്യങ്ങളില്‍ മിത്രകീടങ്ങളുടെ ധാരാളമുണ്ട്. ഇവ പൊതുവെ പ്രതിരോധശേഷി കുറഞ്ഞ പുതിയ ഇനം വെള്ളീച്ചകളെ നശിപ്പിച്ചുകൊള്ളും. ഇതുകാരണം വെള്ളീച്ച ബാധ രണ്ടുമാസം കഴിയുമ്പോഴേക്കും സ്വഭാവികമായും ഇല്ലാതാകും. അതുകൊണ്ടു കാര്യമായ ഉത്പാദനഷ്ടമുണ്ടാകില്ലെന്നും ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.

റുഗോസ് സ്‌പൈറലിങ് വെളളീച്ചകളുടെ ആക്രമണത്തെത്തുടര്‍ന്നു കറുത്തനിറത്തിലായ തെങ്ങോല

റുഗോസ് സ്‌പൈറലിങ് വെള്ളീച്ചകളുടെ ആക്രമണത്തെത്തുടര്‍ന്നു കറുത്തനിറത്തിലായ തെങ്ങോല

പ്രതിരോധ മരുന്നുകള്‍ ആവശ്യമാണെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കിയ വെര്‍ട്ടിസീലിയം ഉപയോഗിക്കാം. ഇത് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി വെള്ളീച്ച ബാധയുള്ള ചെടികളുടെ ഇലയുടെ അടിയില്‍ നന്നായി തളിക്കുക. കഞ്ഞിവെള്ളം നേര്‍പ്പിച്ചും തളിക്കാം. രാസകീടനാശിനികള്‍ അടുത്തുള്ള വിളകളില്‍ പോലും തളിക്കരുത്. രാസകീടനാശികളുടെ സാന്നിധ്യം റൂഗോസ് സ്‌പൈറലിങ്ങിന്റെ പ്രതിരോധം കൂട്ടാന്‍ ഇടയാക്കുമെന്നും ഇത് ഇടവിളക്കൃഷി വ്യാപകമായ കേരളത്തില്‍ അപകടരമായ സാഹചര്യം സൃഷ്ടിക്കുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിപ്പ് നല്‍കുന്നു.

അതേസമയം, വെള്ളീച്ചകള്‍ രോഗാണുവാഹകര്‍ കൂടിയായതിനാല്‍ മുളക്, തക്കാളി, വാഴ തുടങ്ങിയ സസ്യങ്ങളില്‍ പുതിയ രോഗങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യതകള്‍ ഏറെയാണ്. ഈ സാഹചര്യം കൃഷിശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചുവരികയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ