തൃശൂർ: കൊറോണ വെെറസ് ബാധയുടെ പശ്ചാത്തലത്തിൽ വ്യാജ വാർത്തകൾ പ്രചരിപ്പിച്ച മൂന്ന് പേർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി മന്ത്രി കെ.കെ.ശെെലജ. വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊറോണ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ സ്വകാര്യ ആശുപത്രികൾക്കും നിർദേശം നൽകിയതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. തൃശൂർ കലക്ടറേറ്റിൽ സ്വകാര്യ ആശുപത്രികളുടെ യോഗവും സർക്കാർ ഡിപ്പാർട്ട്മെന്റുകളുടെ യോഗവും ചേർന്നു പ്രവർത്തനങ്ങൾ വിലയിരുത്തി.

പ്രതിരോധ പ്രവർത്തനങ്ങളിൽ സ്വകാര്യ ആശുപത്രികളേയും പങ്കാളികളാക്കും. സ്വകാര്യ ആശുപത്രികളിലും ഐസലേഷൻ വാർഡുകൾ തുടങ്ങും. ജനങ്ങൾ ജാഗ്രതാ നിർദേശങ്ങൾ പാലിക്കണമെന്നും ചൈനയിൽ നിന്നെത്തിയവർ ഒത്തുചേരലുകളിൽ പങ്കെടുക്കരുതെന്നും ആരോഗ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

എല്ലാതരത്തിലുള്ള​ പ്രതിരോധ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയവർ ചികിത്സ തേടാൻ മടിക്കരുത്. ചൈനയിൽ നിന്നെത്തുന്നവർ സർക്കാരിനെ അറിയിക്കണം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തിൽ നിന്ന് ഇതുവരെ അയച്ച സാമ്പിളുകളിൽ ഒരെണ്ണം മാത്രമാണ് പോസിറ്റീവ് ആയി വന്നതെന്നും ബാക്കിയെല്ലാം നെഗറ്റീവാണെന്നും മന്ത്രി പറഞ്ഞു. ആരോഗ്യമന്ത്രിക്കൊപ്പം മന്ത്രി സുനിൽ കുമാറും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.