Latest Kerala News Highlights: തിരുവനന്തപുരം: പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന് ഗുരുക്കള്‍. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിന്‍ഡിക്കേറ്റില്‍ പരീക്ഷാ നടത്തിപ്പിനായി നിയമിക്കുന്ന സമിതിക്ക് പോലും ഉത്തര പേപ്പര്‍ വിളിച്ചു വരുത്താന്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ മാര്‍ക്ക് കൂട്ടി നല്‍കാനോ കുറച്ചു നല്‍കാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
മാര്‍ക്ക്ദാന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരെ വീണ്ടും രമേശ് ചെന്നിത്തല. തന്റെ ആരോപണങ്ങള്‍ വസ്തുതാപരമാണെന്നും മന്ത്രിയ്ക്ക് മറുപടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. അതുകൊണ്ടാണ് തന്റെ മകനെ കുറിച്ച് ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും ചെന്നിത്തല. കള്ളനെ കയ്യോടെ പിടിച്ചപ്പോഴുണ്ടായ പരിഭ്രമമാണ് മന്ത്രിയ്ക്കെന്നും അതുകൊണ്ടാണ് ഇതുപോലെ പലതും വിളിച്ചു പറയുന്നതെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരത്ത് അഞ്ചാം ക്ലാസുകാരിയെ പീഡിപ്പിച്ച അച്ഛനെ അറസ്റ്റ് ചെയ്തു. മാസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം. സ്കൂള്‍ അധികൃതരോട് കുട്ടി സംഭവത്തെ കുറിച്ച് തുറന്നു പറഞ്ഞതോടെയാണ് പുറത്തറിയുന്നത്. അച്ഛനെതിരെ പോക്സോ പ്രകാരം കേസെടുത്തു. അച്ഛനും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ അച്ഛന്റെ സുഹൃത്തുക്കളെ കുട്ടിയ്ക്ക് അറിയില്ല. ഇവര്‍ക്കായി അന്വേഷണം നടത്തി വരികയാണ്. സംസാരശേഷിയും കേള്‍വിയുമില്ലാത്ത അമ്മയേയും അച്ഛന് നിരന്തരം മര്‍ദ്ദിച്ചിരുന്നതായും കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.
ദേശീയപാതയില്‍ ക്വട്ടേഷൻ സംഘം വയനാട് സ്വദേശികളെ ആക്രമിച്ച് പതിനാല് ലക്ഷത്തിലധികം രൂപ തട്ടിയെന്നാരോപിച്ച കേസില്‍ വന്‍ വഴിത്തിരിവ്. ആക്രമിക്കപ്പെട്ട കാറിനുള്ളില്‍നിന്നുതന്നെ അന്വേഷണസംഘം പണം കണ്ടെത്തി. പരാതിക്കാർ പോലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് അന്വേഷണസംഘത്തിന്റെ ഇപ്പോഴത്തെ നിഗമനം. കണ്ടെടുത്ത പണത്തിന്റെ ഉറവിടം വ്യക്തമാക്കാന്‍ പരാതിക്കാരോട് പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണിപ്പോൾ.
കൂടത്തായി കൊലപാതക പരമ്പരയിലെ റോയിയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതി ജോളി അടക്കമുള്ള മൂന്ന് പ്രതികളെയും ജയിലേക്കയച്ചു. പ്രതികളുടെ റിമാന്‍ഡ് കാലാവധി അവസാനിച്ചതിനെ തുടര്‍ന്നാണിത്. ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെയാണ് ജയിലിലേക്ക് അയച്ചത്. ശനിയാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കും.
പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ അതുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും ഇടപെടാനോ പരിശോധിക്കാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്ന് ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ ഉപാധ്യക്ഷന്‍ രാജന് ഗുരുക്കള്‍. എം.ജി സര്‍വകലാശാലയിലെ മാര്‍ക്ക് ദാന വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സിന്‍ഡിക്കേറ്റില്‍ പരീക്ഷാ നടത്തിപ്പിനായി നിയമിക്കുന്ന സമിതിക്ക് പോലും ഉത്തര പേപ്പര്‍ വിളിച്ചു വരുത്താന്‍ അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു. പരീക്ഷാഫലം വന്നു കഴിഞ്ഞാല്‍ മാര്‍ക്ക് കൂട്ടി നല്‍കാനോ കുറച്ചു നല്‍കാനോ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ഏരൂരിൽ സ്കൂളിലെ മാലിന്യ ടാങ്കിലേക്ക് വീണ് അഞ്ച് കുട്ടികൾക്ക് പരിക്കേറ്റു. ഇവരെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏരൂർ എൽപി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥികളാണ് അപകടത്തിൽപെട്ടത്. രണ്ടു കുട്ടികളുടെ കൈയിലെയും കാലിലെയും എല്ലുകൾക്ക് പൊട്ടലുണ്ട്. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് മാറ്റും. ആരുടെയും പരിക്ക് ഗുരുതരമല്ല.
ജാതി-മത സംഘടനകൾ പരസ്യമായി വോട്ട് അഭ്യർഥിക്കുന്നത് ചട്ടലംഘനം തന്നെയാണെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. രാഷ്ട്രീയത്തിൽ ഇടപെടണമെങ്കിൽ രാഷ്ട്രീയ പാർട്ടിയായി രജിസ്റ്റർ ചെയ്യണം. ജാതിയും മതവും പറഞ്ഞ് ഇതൊരു കലാപ ഭൂമിയാക്കാന്‍ പാടില്ല. ഇത് ജാതി തെരഞ്ഞെടുപ്പല്ലെന്നും രാഷ്ട്രീയ തെരഞ്ഞെടുപ്പാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ജാതി പറഞ്ഞ് വോട്ട് പിടിക്കുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ പരാതി കിട്ടിയിട്ടില്ല. സമദൂരം ശരിദൂരമാക്കിയതാണ് പ്രശ്നമായതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ പറഞ്ഞാണ് എല്‍ഡിഎഫ് വോട്ടുപിടിക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഓരോ സമുദായ സംഘടനകള്‍ക്കും അവരുടേതായ നിലപാടുണ്ടാകും. അവര്‍ക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ട്. എൻഎസ്എസ് ഓഫീസിൽ പോയി അനുവാദം ചോദിച്ചല്ല രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. എൻഎസ്എസിന്റെ വോട്ടുപിടുത്തം സംബന്ധിച്ച പരാതി പരിശോധിക്കേണ്ടത് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ്. രാഷ്ട്രീയ പാർട്ടികൾക്ക് അതിനവകാശമില്ല. വിമോചന സമരത്ത കമ്മ്യൂണിസ്റ്റു പാർട്ടി അതിജീവിച്ചിട്ടുണ്ടെന്നും കാനം രാജേന്ദ്രന് പറഞ്ഞു.
കേരള ക്രിക്കറ്റ് അസോസിയേഷന് ഓംബുഡ്സ്മാന് സ്ഥാനത്ത് നിന്ന് നീക്കിയ കെ.സിഎയുടെ നടപടി പരിശോധിക്കണമെന്ന ജസ്റ്റീസ് വി രാംകുമാറിന്റെ ആവശ്യം നിലനില്‍ക്കുമോ എന്ന കാര്യം ഹൈക്കോടതി പരിശോധിക്കും .ഇക്കാര്യത്തില്‍ കോടതി ചൊവ്വാഴ്യ വിധി പറയും . ജസ്റ്റീസ് രാംകുമാറിന്റെ ആവശ്യത്തെ കെ.സി എ എതിര്‍ത്തതോടെയാണ് റിപ്പോര്‍ട്ടിലെ ആവശ്യത്തിന്റെ സാധുത പരിശോധിക്കാന്‍ കോടതി തിരുമാനിച്ചത് .
മാര്‍ക്ക്ദാന വിവാദത്തില്‍ പ്രതിഷേധവുമായി കെ.എസ്.യു. എംജി സര്‍വ്വകലാശാലയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിന് മുന്നിലാണ് പ്രതിഷേധം നടത്തിയത്. രണ്ട് മണിയോടെ പതിനഞ്ചോളം പ്രവര്‍ത്തകര്‍ ഓഫീസിന് മുന്നിലെത്തി മുദ്രാവാക്യം വിളിക്കുകയായിരുന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
സർക്കാർ ഓഫീസുകളിലെ പൊതു വിവരാവകാശ ഓഫീസർമാർ ഹിയറിങ്ങിൽ പങ്കെടുക്കാത്തതിനെതിരേ സംസ്ഥാന വിവരാവകാശ കമ്മിഷൻ. കാരണം കാണിക്കാതെ ഹാജരാകാതിരിക്കുന്നതു കുറ്റകരമാണെന്നും ഇതിനെതിരെ നടപടിയെടുക്കുമെന്നും കമ്മിഷൻ വ്യക്തമാക്കി. ഇന്ന് എറണാകുളം പിഡബ്ള്യുഡി റെസ്റ്റ് ഹൗസിൽ നടത്തിയ ഹിയറിങ്ങിൽനിന്നു വിട്ടുനിന്ന എറണാകുളം വില്ലേജ് ഓഫീസ്, കൊച്ചി കോർപറേഷൻ ഓഫീസ്, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ കമ്മിഷൻ ആസ്ഥാനത്തേക്കു വിളിച്ചുവരുത്തി വിശദീകരണം തേടും.
കൂടത്തായി കേസിലെ മുഖ്യപ്രതി ജോളിയുടെ അറസ്റ്റ് പൊലീസ് ഇന്ന് വീണ്ടും രേഖപ്പെടുത്തും. ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിലായിരിക്കും അറസ്റ്റ്. അതേസമയം, ജോളിയുടെ സുഹൃത്ത് റാണി ഇന്ന് വടകരയിലെ എസ്പി ഓഫീസില്‍ എത്തി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. ജോളിയും റാണിയും ഒരുമിച്ചുള്ള ഫോട്ടോ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
വർഷങ്ങളായി മുടങ്ങി കിടക്കുന്ന റോഡ് വികസനം കൊച്ചി നഗരത്തിൽ വലിയ ഗതാഗത പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. 300 കോടി രൂപയുടെ വികസന പദ്ധതി പ്രതിസസിയിലായിട്ട് വർഷങ്ങളായി. റോഡുവികസനം അകാരണമായി നീണ്ടുപോകുന്നതിൽ പരാതിപ്പെട്ട് ഫയൽ ചെയ്ത ഹരജിയിൽ ഒരു വർഷത്തിനകം പദ്ധതി പൂർത്തിയാക്കൻ ഹൈക്കോടതി സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. ഹൈക്കോടതിയുടെ ഉത്തരവു പ്രകാരം രണ്ടു മാസത്തിനകം റോഡുവികസനം പൂർത്തിയാക്കാനുള്ള അന്തിമ കർമ്മപദ്ധതി തയ്യാറാക്കേണ്ടതായിരുന്നു. എന്നാൽ അഞ്ചു മാസമായിട്ടും ഒരു നടപടിയുമായില്ല. തുടർന്നാണ് കോടതി അലക്ഷ്യ ഹരജി ഫയൽ ചെയ്തത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയ്ക്കും ജില്ലാ കലക്ടർക്കും മറുപടി നൽകാൻ മുന്നാഴ്ച
സമയം അനുവദിച്ചു ഹർജി അടുത്ത മാസം പരിഗണിക്കും.
സഭയ്ക്കെതിരേ നല്കിയ പരാതികള്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമായിരിക്കുമെന്ന ഭീഷണിയുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്ക് സഭാ നേതൃത്വത്തിന്റെ കത്ത്. എഫ്സിസി സുപ്പീരിയര്‍ ആന്‍ ജോസഫാണ് കത്തയച്ചത്. തന്നെ സന്യാസ സഭയില്‍നിന്നു പുറത്താക്കിയ നടപടി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി നല്കിയ അപ്പീല്‍ വത്തിക്കാന്‍ തള്ളിയതിനു പിന്നാലെയാണ് ഭീഷണിയുമായി സന്യാസ സമൂഹം രംഗത്തെത്തിയിരിക്കുന്നത്.
ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച എൻഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി യുഡിഎഫ് കണ്‍വീനറെ പോലെ പ്രവര്‍ത്തിക്കുകയാണ്. പാലായില്‍ തകര്‍ന്നടിഞ്ഞ യുഡിഎഫിന് ജീവന് കൊടുക്കാനാണ് എൻഎസ്എസിന്റെ ശ്രമമെന്നും കോടിയേരി പറഞ്ഞു.
തീരദേശ പരിപാലന നിയമം ലംഘിച്ച മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിന് മുന്നോടിയായി ഉടമകളുടെ നഷ്ടപരിഹാരം നിർണയിക്കുന്നതിനുള്ള ജസ്റ്റിസ് കെ.ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടെ യോഗം ഇന്ന് തുടരും. ഇതുവരെ 49 പേർക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നിർദ്ദേശമാണ് സമിതി സർക്കാരിന് നൽകിയിരിക്കുന്നത്. ഇന്നലെ മാത്രം 35 ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകാൻ സമിതി ശുപാർശ ചെയ്തിരുന്നു. ഇതിൽ മൂന്ന് പേർക്ക് മാത്രമാണ് 25 ലക്ഷം രൂപയ്ക്ക് ശുപാർശ ചെയ്തിട്ടുള്ളത്. ആകെ 241 പേർക്ക് നഷ്ടപരിഹാരത്തിന് അർഹത ഉണ്ടാകുമെന്നാണ് കണക്കാക്കപ്പെടുന്നത്.
എംജി സർവകലാശാലയിലെ മാർക്ക് ദാന വിവാദത്തിൽ മുൻവിധിയില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിസിയുടെ റിപ്പോർട്ട് വരട്ടെയെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരങ്ങളിൽ പെട്രോൾ വിലയും ഡീസൽ വിലയും ഇന്നും ലിറ്ററിനു 70 രൂപയ്ക്കു മുകളിലാണ്. സ്വർണവിലയിൽ ഇന്നു മാറ്റമില്ല. ഒരു ഗ്രാമിനു 3,560 രൂപയും പവനു 28,480 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും ഇതേ വിലയിലാണ് വ്യാപാരം നടന്നത്. ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നു 71.17 എന്ന നിലയിലാണ്. Read More
കോഴിക്കോട്ട് ഭാര്യയെയും രണ്ട് കുഞ്ഞുങ്ങളെയും തലാഖ് ചൊല്ലി ഉപേക്ഷിച്ച നാദാപുരം സ്വദേശി സമീറിനെതിരെ പൊലീസ് മുത്തലാഖ് നിരോധന നിയമപ്രകാരം കേസെടുത്തു. ഫാത്തിമ ജുവൈരിയയെന്ന 24 കാരിയും രണ്ട് മക്കളും അഞ്ച് ദിവസമായി സമീറിന്റെ വീടിന് മുന്നില്‍ സമരത്തിലാണ്. സിപിഐ നേതാവും രാജ്യസഭാ എംപിയുമായ ബിനോയ് വിശ്വം ജുവൈരിയക്ക് പിന്തുണ പ്രഖ്യാപിച്ചു.
കേരള മനസാക്ഷിയെ ഞെട്ടിച്ച കൂടത്തായി കൊലപാതക കേസിലെ മുഖ്യ പ്രതി ജോളി രണ്ടും മൂന്നും പ്രതികളായ മാത്യു, പ്രജികുമാർ എന്നിവരെ ഇന്ന് വൈകീട്ട് നാലിന് താമരശ്ശേരി ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. നാളെയാണ് പ്രതികളുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. പുതുതായി രജിസ്റ്റര്‍ ചെയ്ത അഞ്ചു കേസുകളുടെ അന്വേഷണത്തിന് പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നും പ്രോസിക്യൂഷന് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു. അതേസമയം, പൊലീസിനെക്കുറിച്ച് പരാതിയില്ലെന്നും ശാരീരിക, മാനസിക ബുദ്ധിമുട്ടുകളില്ലെന്നും മൂന്ന് പ്രതികളും കോടതിയില്‍ വ്യക്തമാക്കി. Read More
തുലാവർഷം ശക്തിപ്രാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്ത് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്. തിങ്കളാഴ്ച വരെ കനത്ത മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശിച്ചു. Read More
രോഗിയുമായി പോകുന്ന ആംബുലൻസിന് മാർഗതടസം സൃഷ്ടിച്ച സ്വകാര്യ ബസിനെതിരേ നടപടിയെടുത്ത് മോട്ടോർ വാഹനവകുപ്പ്. തൃശൂർ പാലിയേക്കരയിലാണ് സംഭവം. സംഭവത്തിൽ സ്വകാര്യ ബസിന് 10,000 രൂപ പിഴ ചുമത്തി. ഡ്രൈവർക്കെതിരേ കേസെടുക്കാനും നിർദേശം നൽകിട്ടുണ്ട്. ഡ്രൈവറെ റോഡ് സുരക്ഷാക്ലാസിൽ പങ്കെടുപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്.
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമ്മൽ NR-143 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. നിർമ്മൽ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 60 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. Read More