scorecardresearch

Kerala News 18th July Highlights: നാളെ സംസ്ഥാന വ്യാപകമായി കെ‌എസ്‌യു പഠിപ്പുമുടക്കും

Kerala News 18th July Highlights: പിഎസ്‍സി പരീക്ഷാ ക്രമക്കേടുകളിലും യൂണിവേഴ്‍സിറ്റി പരീക്ഷാ ക്രമക്കേടുകളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കെ‌‌എസ്‌യു നിരാഹാര സമരം നടത്തുന്നത്

Kerala News 18th July Highlights: നാളെ സംസ്ഥാന വ്യാപകമായി കെ‌എസ്‌യു പഠിപ്പുമുടക്കും
പ്രതീകാത്മക ചിത്രം

Kerala News 18th July Highlights: തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി നാളെ (വെള്ളിയാഴ്ച) കെ‌എസ്‌യു പഠിപ്പുമുടക്കുന്നു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികൂല നിലപാടില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നത്.

പിഎസ്‍സി പരീക്ഷാ ക്രമക്കേടുകളിലും യൂണിവേഴ്‍സിറ്റി പരീക്ഷാ ക്രമക്കേടുകളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കെ‌‌എസ്‌യു നിരാഹാര സമരം നടത്തുന്നത്. ഹയര്‍ സെക്കന്‍ഡറി തലംവരെയുള്ള സ്കൂളുകളെ പഠിപ്പ് മുടക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി സംഘടനാ നേതൃത്വം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

അതേസമയം, ഉത്തരക്കടലാസ് പുറത്ത് പോയ സംഭവം കേരള സർവകലാശാല അന്വേഷിക്കും. അന്വേഷണത്തിന് ഉപസമിതി രൂപീകരിച്ചു. ഉത്തരക്കടലാസ് ചോർന്നതിന്റെ എല്ലാ വശങ്ങളും കമ്മിറ്റി പരിശോധിക്കും. എങ്ങനെ അധികൃതരിൽനിന്ന് ഉത്തരക്കടലാസ് വിദ്യാർഥികൾക്ക് കിട്ടിയെന്ന് അന്വേഷിക്കും. ചുരുങ്ങിയ സമയത്തിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടും.

Read More: Kerala Weather Live: സംസ്ഥാനത്ത് മഴ കനക്കുന്നു

കൊയിലാണ്ടിയിൽ ഗ്യാസ് ടാങ്കർ ലോറിയും മീൻ ലോറിയും കൂട്ടിയിടിച്ച് രണ്ട് മരണം. രണ്ടു വാഹനത്തിന്റെയും ഡ്രൈവമാരാണ് മരിച്ചത്. മലപ്പുറം തിരുനാവായ സ്വദേശി ജാഫര്‍(42), തമിഴ്‌നാട് സ്വദേശി രാജേന്ദ്രന്‍ (48) എന്നിവരാണ് മരിച്ചത്. പൊലീസും ഫയര്‍ഫോഴ്‌സും ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും ചേർന്നാണ് ലോറിക്കുള്ളില്‍ കുടുങ്ങിയവരെ പുറത്തെടുത്തത്.

Live Blog














20:22 (IST)18 Jul 2019





















സംസ്ഥാന വ്യാപകമായി നാളെ കെ‌എസ്‌യു പഠിപ്പുമുടക്കുന്നു

സംസ്ഥാന വ്യാപകമായി നാളെ (വെള്ളിയാഴ്ച) കെ‌എസ്‌യു പഠിപ്പുമുടക്കുന്നു. സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ നടത്തുന്ന നിരാഹാര സമരത്തോട് സര്‍ക്കാര്‍ സ്വീകരിക്കുന്ന പ്രതികൂല നിലപാടില്‍ പ്രതിഷേധിച്ചാണ് പഠിപ്പ് മുടക്കുന്നത്. പിഎസ്‍സി പരീക്ഷാ ക്രമക്കേടുകളിലും യൂണിവേഴ്‍സിറ്റി പരീക്ഷാ ക്രമക്കേടുകളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കെ‌‌എസ്‌യു നിരാഹാര സമരം നടത്തുന്നത്. ഹയര്‍ സെക്കന്‍ഡറി തലംവരെയുള്ള സ്കൂളുകളെ പഠിപ്പ് മുടക്കലില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളതായി സംഘടനാ നേതൃത്വം വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

19:32 (IST)18 Jul 2019





















ശക്തമായ കാറ്റിന് സാധ്യത; മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കുക

കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത. കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കുക. കടലില്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കേരള, ലക്ഷദ്വീപ്, മാലിദ്വീപ് തീരങ്ങളില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമോ അതിപ്രക്ഷുബ്ധമോ ആകാന്‍ സാധ്യത. മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ പോകരുത്.

19:12 (IST)18 Jul 2019





















കത്തിയും കഠാരയുമല്ല എസ് എഫ് ഐയുടെ ആയുധമെന്ന് വിപി സാനു

യൂണിവേഴ്‌സിറ്റി കോളേജിലെ മുന്‍ എസ്എഫ്‌ഐ യൂണിറ്റല്ല യഥാര്‍ഥ എസ്എഫ്‌ഐ എന്ന് അഖിലേന്ത്യാ അധ്യക്ഷന്‍ വി.പി.സാനു. മുന്‍ യൂണിയന്‍ ഭാരവാഹികളാണ് സംഘര്‍ഷമുണ്ടാക്കിയത്. അവര്‍ എസ്എഫ്‌ഐക്കാരല്ലെന്ന് വിദ്യാര്‍ഥികള്‍ തന്നെ പറഞ്ഞു. അതാണ് സംഘടനയുടെ വിജയം. തെറ്റ് ചെയ്തവര്‍ക്കെതിരെ സംഘടന കര്‍ശന നടപടിയാണ് എടുത്തിട്ടുള്ളത്. വിദ്യാര്‍ഥികളുടെ വികാരം മനസിലാക്കിയാണ് പുതിയ യൂണിറ്റിന് യൂണിവേഴ്‌സിറ്റി കോളേജില്‍ രൂപം നല്‍കിയതെന്നും വി.പി.സാനു യൂണിവേഴ്‌സിറ്റി കോളേജില്‍ പറഞ്ഞു. യൂണിവേഴ്‌സിറ്റി കോളേജിലെ എസ്എഫ്‌ഐ നടത്തിയ ജാഥയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഭിമന്യു ചുമരില്‍ കൊത്തിയിട്ട ‘വിപ്ലവം തുലയട്ടെ’ എന്ന മുദ്രാവാക്യമാണ് എസ്എഫ്‌ഐയുടെ ആയുധം. അല്ലാതെ കത്തിയും കഠാരയുമല്ല. അതാണ് എസ്എഫ്‌ഐ കാരണം ഒരു അമ്മയുടെയും കണ്ണുനീര് വീഴാതിരിക്കാന്‍ കാരണമെന്നും സാനു പറഞ്ഞു.

19:11 (IST)18 Jul 2019





















മാധ്യമവാർത്തകൾ നിഷേധിച്ച് മുഖ്യമന്ത്രി

താന്‍ പറയാത്ത കാര്യമാണ് മാധ്യമങ്ങള്‍ വലിയ തലക്കെട്ടായി നല്‍കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസ് സേന ആര്‍എസ്എസിന്റെ ഏജന്റുമാരായി പ്രവര്‍ത്തിച്ചു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും തെറ്റായ രീതിയിലുള്ള വ്യാഖ്യാനമാണിതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ മുഖ്യമന്ത്രി പൊലീസിനെതിരെ വിമര്‍ശനമുന്നയിച്ചു എന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍, മുഖ്യമന്ത്രി ഇത് നിഷേധിച്ചു.

17:42 (IST)18 Jul 2019





















ആന്തൂര്‍ വിഷയം; കെട്ടിട നിര്‍മാണത്തില്‍ നിയമലംഘനങ്ങളും വീഴ്ചകളും ഉണ്ടായിരുന്നതായി സര്‍ക്കാര്‍

ആന്തൂരിലെ സാജന്റെ ആത്മഹത്യയില്‍ നഗരസഭയെ പിന്തുണച്ച് സര്‍ക്കാര്‍. ഹൈക്കോടതിയില്‍ സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് പിഴവ് പറ്റിയിട്ടില്ലെന്നും നിര്‍മാണത്തിലെ അപാകതകളടക്കം പലപ്പോഴായി അപേക്ഷനെ അറിയിച്ചിരുന്നെന്നും സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ അറിയിച്ചു. ആന്തൂരിലെ വ്യവസായി സാജന്റെ ആത്മഹത്യയിൽ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് തദ്ദേശ ഭരണവകുപ്പ് മറുപടി സത്യവാങ്മൂലം നൽകിയത്.

17:01 (IST)18 Jul 2019





















മൺസൂൺ ബംപർ നറുക്കെടുപ്പ് പൂർത്തിയായി, ഒന്നാം സമ്മാനം കണ്ണൂരിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബംപർ ലോട്ടറിയായ മൺസൂൺ ബംപർ BR 68 ന്റെ ഫലം പ്രഖ്യാപിച്ചു. ME 174253 (കണ്ണൂർ) എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 5 കോടി ലഭിച്ചത്. രണ്ടാം സമ്മാനമായ 10 ലക്ഷം MA 346416 (മലപ്പുറം), MB 496638 (എറണാകുളം), MC 297201 (കാസർകോട്), MD 347667 (വയനാട്), ME 350468 (കാസർകോട്) എന്നീ ടിക്കറ്റുകൾക്കാണ്. Read More

16:39 (IST)18 Jul 2019





















കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്ത്

കൊച്ചി: ഉള്‍പ്പോരില്‍ ആടിയുലഞ്ഞ് എറണാകുളം-അങ്കമാലി അതിരൂപത. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. വിമത വൈദികര്‍ അതിരൂപത ആസ്ഥാനത്ത് പ്രാര്‍ഥനാ ഉപവാസ സമരം ആരംഭിച്ചു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി എറണാകുളം-അങ്കമാലി അതിരൂപതയുടെ അധ്യക്ഷ സ്ഥാനം ഒഴിയണമെന്നും അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള പുതിയ അധ്യക്ഷനെ വേണമെന്നുമാണ് ഉപവാസ സമരം നടത്തുന്ന വൈദികരുടെ ആവശ്യം. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും വൈദികര്‍ പറയുന്നു. പള്ളികളിലെ ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും പ്രതിഷേധം നടത്തുന്ന വൈദികര്‍ പറഞ്ഞിട്ടുണ്ട്.

16:10 (IST)18 Jul 2019





















കേരളത്തിൽ ജൂലൈ 22 വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

കേരളത്തിലും ലക്ഷദ്വീപിലും പലയിടത്തും മഴ. കേരളത്തിൽ ആലപ്പുഴ ചേർത്തലയിലും കോട്ടയത്തുമാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 6 സെന്റിമീറ്റർ. ലക്ഷദ്വീപിലെ അമിനിയൽ 14 സെന്റിമീറ്ററും മിനിക്കോയിയിൽ 8 സെന്റിമീറ്ററും മഴ ലഭിച്ചു. Read More

15:47 (IST)18 Jul 2019





















സീൽ കണ്ടെത്തിയത് ക്രിമിനൽ കുറ്റമെന്ന് സിൻഡിക്കേറ്റ്

ഉത്തരക്കടലാസ് കണ്ടെത്തിയ സംഭവം ഗൗരവത്തോടെ കാണുന്നുവെന്ന് സിൻഡിക്കേറ്റ്. തിരിമറി, മോഷണം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെടും. ഫിസിക്കൽ എജ്യൂക്കേഷൻ ഡയറക്ടറുടെ സീൽ വ്യാജമായി ഉണ്ടാക്കിയത് ക്രിമിനൽ കുറ്റമാണ്. വ്യാജസീൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആവശ്യപ്പെടും. ഉത്തരക്കടലാസ് കൈകാര്യം ചെയ്യുന്നതിൽ കോളേജിന് വീഴ്ചയുണ്ടായി. വീഴ്ച സംബന്ധിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പിന് രേഖാമൂലം കത്ത് നൽകും. പ്രിൻസിപ്പൽമാരുടെയും ചീഫ് സൂപ്രണ്ടുമാരുടെയും യോഗം വിളിക്കാനും സിൻഡിക്കേറ്റ് തീരുമാനിച്ചു. ഈ മാസം 26 നാണ് യോഗം.

15:11 (IST)18 Jul 2019





















ഉത്തരക്കടലാസ് പുറത്ത് പോയ സംഭവം; കേരള സർവകലാശാല അന്വേഷിക്കും

ഉത്തരക്കടലാസ് പുറത്ത് പോയ സംഭവം കേരള സർവകലാശാല അന്വേഷിക്കും. അന്വേഷണത്തിന് ഉപസമിതി രൂപീകരിച്ചു. ഉത്തരക്കടലാസ് ചോർന്നതിന്റെ എല്ലാ വശങ്ങളും കമ്മിറ്റി പരിശോധിക്കും. എങ്ങനെ അധികൃതരിൽനിന്ന് ഉത്തരക്കടലാസ് വിദ്യാർഥികൾക്ക് കിട്ടിയെന്ന് അന്വേഷിക്കും. ചുരുങ്ങിയ സമയത്തിൽ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടും.

14:56 (IST)18 Jul 2019





















മൃതദേഹം സംസ്കരിക്കുന്നതിനെ ചൊല്ലി ഓർത്തഡോക്സ് – പാത്രിയാർക്കീസ് വിഭാഗങ്ങൾ തമ്മിൽ വീണ്ടും തർക്കം

മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് – പാത്രിയാർക്കീസ് വിഭാഗങ്ങൾ തമ്മിൽ വീണ്ടും തർക്കം. പിറവം പള്ളി ഇടവക അംഗവും ഓർത്തഡോക്സ് വിഭാഗക്കാരിയുമായ മണ്ഡപത്തിൽ ഏലിയാമ്മ (93) യുടെ സംസ്കാരത്തിനു അനുമതി തേടി മകൻ കുര്യാക്കോസാണ് കോടതിയെ സമീപിച്ചിട്ടുള്ളത്. ഹർജി കേൾക്കുന്നതിൽ നിന്ന് ജസ്റ്റിസ് സി.കെ.അബ്ദുൾ റഹീം അടങ്ങുന്ന ബഞ്ച് ഒഴിവായി. ഹർജി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിട്ടു. തർക്കം ലീഗൽ സർവീസ് അതോറിറ്റിയുടെ മധ്യസ്ഥതയിൽ പരിഹരിക്കാമെന്ന നിർദേശം ജസ്റ്റിസ് സി.കെ.അബ്ദുൾ റഹിം മുന്നോട്ടു വച്ചെങ്കിലും ഓർത്തഡോക്സ് പക്ഷം എതിർത്തു. സുപ്രീം കോടതി തീർപ്പാക്കിയ വിഷയത്തിൽ ആർക്കും ഇടപെടാനാവില്ലെന്ന് ഓർത്തഡോക്സ് പക്ഷം വ്യക്തമാക്കി. സംസ്കാരം തങ്ങളുടെ വൈദികൻ നടത്തിക്കൊടുക്കാമെന്ന് യാക്കോബായ പക്ഷം അറിയിച്ചു. 16 ന് ആണ് ഏലിയാമ്മ നിര്യതയായത്.

13:53 (IST)18 Jul 2019





















കെഎസ്ആർടിസി ബസിലും പരസ്യം വേണ്ട: ഹൈക്കോടതി

വാഹനങ്ങളിൽ പരസ്യങ്ങളും എഴുത്തുകളും പതിപ്പിക്കുന്നതിനെതിരെ ഹൈക്കോടതി. കെഎസ്ആർടിസി ഉൾപ്പടെയുള്ള വാഹനങ്ങളിൽ പരസ്യങ്ങൾ പാടില്ലെന്ന് കോടതി നിർദ്ദേശിച്ചു. പൊതുജന സുരക്ഷ അപകടത്തിലാക്കിക്കൊണ്ടുള്ള പരസ്യത്തിലൂടെ അധികവരുമാനമുണ്ടാക്കരുതെന്നും ജസ്റ്റിസ് അനിൽ കെ നരേന്ദ്രന്‍റെ ബെഞ്ച് പറഞ്ഞു. നിർത്തിയിട്ട കെഎസ്ആർടിസി ബസിന് പിന്നിലിടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്‍തിരുന്നു. ഇതിനെതിരെ ഡ്രൈവർ കെ എം സജി സമർപ്പിച്ച ഹർജി പരിഗണിക്കവേയാണ് കോടതിയുടെ ഉത്തരവ്. Read More

11:45 (IST)18 Jul 2019





















കസ്റ്റഡി മരണത്തിന് കാരണക്കാരായ പൊലീസുകാരെ പിരിച്ചുവിടണം: മനുഷ്യാവകാശ കമ്മീഷൻ

ലോക്കപ്പ് മർദ്ദനങ്ങൾക്കും കസ്റ്റഡി  മരണങ്ങൾക്കും ഇടവരുത്തുന്ന പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടുന്നത് ഉൾപ്പെടെയുള്ള മാതൃകാപരമായ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്ന്  സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ  അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് സർക്കാരിന് നിർദ്ദേശം നൽകി.  നെടുങ്കണ്ടം കസ്റ്റഡി മരണത്തിന്റെ പശ്ചാത്തലത്തിൽ പീരുമേട് സബ്ജയിലിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനിലും നടത്തിയ സന്ദർശനത്തിന്  ശേഷം ആഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നൽകിയ നിർദ്ദേശത്തിലാണ് ഇക്കാര്യമുള്ളത്. 

11:42 (IST)18 Jul 2019





















Kerala Weather Live: സംസ്ഥാനത്ത് മഴ കനക്കുന്നു

കേരളത്തിൽ മഴ ശക്തിപ്രാപിക്കുന്നു. ജൂലൈ 18 ന് ഇടുക്കി, മലപ്പുറം എന്നീ ജില്ലകളിലും ജൂലൈ 19 ന് ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലും, ജൂലൈ 20 ന് ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം എന്നീ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചു. റെഡ് അലര്‍ട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ജാ​ഗ്ര​ത പാ​ലി​ക്കാ​നും ക്യാ​മ്പു​ക​ൾ ത​യ്യാ​റാ​ക്കു​ന്ന​തു​ൾ​പ്പെ​ടെയുളള മു​ന്നൊ​രു​ക്ക​ത്തി​നു​മാ​ണ്​ നി​ർ​ദേ​ശം. Read More

11:02 (IST)18 Jul 2019





















Monsoon Bumper Lottery 2019: മൺസൂൺ ബംപർ നറുക്കെടുപ്പ് ഇന്ന്; കോടിപതിയെ കാത്ത് കേരളം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അടുത്ത ബംപർ ലോട്ടറിയായ മൺസൂൺ ബംപർ BR 68 ന്റെ നറുക്കെടുപ്പ് ഇന്ന് നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് തിരുവനന്തപുരം ഗോർക്കി ഭവനിൽവച്ചാണ് നറുക്കെടുപ്പ്. രണ്ട് മണി മുതൽ ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നറുക്കെടുപ്പ് ലൈവായി ലഭിക്കും. Read More

10:37 (IST)18 Jul 2019





















Kerala Karunya Plus KN-274 Lottery Result: കാരുണ്യ പ്ലസ് KN-274 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-274 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. വൈകുന്നേരം മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാകും. Read More

10:10 (IST)18 Jul 2019





















യൂണിവേഴ്സിറ്റി കോളേജ് സംഘർഷം; പ്രതികളെ ഇന്ന് തെളിവെടുപ്പിനായി കോളേജിലെത്തിക്കും

യൂണിവേഴ്സിറ്റി കോളേജിൽ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികളെ ഇന്ന് തെളിവെടുപ്പിന് എത്തിക്കും. യൂണിവേഴ്സിറ്റി കോളേജിലാണ് ഒന്നാം പ്രതി ശിവരഞ്ജിത്തിനെയും രണ്ടാം പ്രതി നസീമിനെയും പൊലീസ് തെളിവെടുപ്പിനായി എത്തിക്കുന്നത്. അഖിലിനെ കുത്താന്‍ ശിവരഞ്ജിത്ത് ഉപയോഗിച്ച ആയുധവും കണ്ടെത്തേണ്ടതുണ്ട്. Read More

Kerala News 18th July Highlights: തിരുവനന്തപുരം: വൈദ്യുതി മന്ത്രി എംഎം മണിയെ ആശുപത്രിയില്‍. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് മന്ത്രിയിപ്പോൾ. എന്നാൽ മന്ത്രിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെട്ടാനില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി അഖിൽ ചന്ദ്രനെ വധിക്കാൻ ശ്രമിച്ച കേസിലെ മുഖ്യ പ്രതി ശിവരഞ്‌ജിത്തിനെതിരെ രണ്ട് കേസുകൾ കൂടി. ഉത്തര കടലാസ് മോഷ്‌ടിച്ചതിനും വ്യാജ സീൽ നിർമ്മിച്ചതിനുമാണ് പൊലീസ് കേസെടുത്തത്.

ഇയാളുടെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഉത്തരക്കടലാസുകളും സീലും കണ്ടെത്തിയിരുന്നു. അതേസമയം അറിയാവുന്ന ചോദ്യങ്ങൾക്ക് മാത്രം ഉത്തരം എഴുതിയാണ് പിഎസ് സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതെന്നാണ് ശിവരഞ്‌ജിത്ത് പൊലീസിന് നൽകിയ മൊഴി. സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ചാണ് അന്വേഷണം നടത്തുന്നത്.

അതേസമയം തന്നെ കുത്തിയത് ശിവരഞ്ജിത് തന്നെയെന്ന് അഖിൽ മൊഴി നൽകിയിട്ടുണ്ട്. പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അഖിലിനെ ആശുപത്രിയിലെത്തി കണ്ടാണ് പൊലീസ് മൊഴിയെടുത്തത്. നസീം പിടിച്ച് നിര്‍ത്തിയപ്പോള്‍ ശിവരഞ്ജിത് കുത്തുകയായിരുന്നുവെന്നാണ് അഖിലിന്റെ മൊഴി. ക്യാമ്പസിലിരുന്ന് പാട്ട് പാടിയതാണ് പ്രകോപനത്തിന് ഇടയാക്കിതെന്നും അഖില്‍ മൊഴിയില്‍ പറയുന്നു. എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയെ അനുസരിക്കാത്തവരുണ്ടായിരുന്നു. ഇവരോട് കമ്മിറ്റിയിലുള്ളവര്‍ക്ക് വിരോധമുണ്ടായിരുന്നുവെന്നും അഖില്‍ പറയുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala news today malayalam live updates 2019 july 18 weather crime traffic train airport