Kerala News 11th July Highlights: കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒരാഴ്ചക്കകം സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ തെളിവെടുപ്പിന്റെ ഭാഗമായി കമ്മീഷൻ അധ്യക്ഷൻ പീരുമേട് സബ് ജയിലിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനും സന്ദർശിച്ചു. ക്രൈം കേസുകളിൽ പ്രതികളായ 1129 പൊലീസുകാർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികൾ അടിയന്തരമായി അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ആനക്കൊമ്പ് കൈവശം വച്ച കേസിൽ നടൻ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ പിന്തുണ. ആനക്കൊമ്പ് കൈവശം വയ്ക്കാൻ മോഹൻലാലിന് അനുമതി നൽകിയതിനെ സർക്കാർ ഹൈക്കോടതിയിൽ ന്യായീകരിച്ചു. അനുമതി നൽകിയത് ശരിയായ തീരുമാനമാണെന്നും അവകാശം ക്രമപ്പെടുത്തി നൽകാൻ അധികാരമുണ്ടെന്നും സർക്കാർ വാദിച്ചു.
കേസിൽ മോഹൻലാലിന്റെ അഭിഭാഷകൻ വീണ്ടും സാവകാശം തേടി. സുപ്രീം കോടതി അഭിഭാഷകന് ഹാജരാവാൻ ഓഗസ്റ്റ് ആറ് വരെ സമയം തേടിയെങ്കിലും കോടതി അനുവദിച്ചില്ല. കേസ് അനന്തമായി നീട്ടാനാവില്ലന്നും ഈ മാസം തന്നെ പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. തിയ്യതി ഉടൻ തീരുമാനിക്കും.
Live Blog
Kerala News 11th July Highlights in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം
നെടുങ്കണ്ടം കസ്റ്റഡിമരണത്തിൽ പീരുമേട് ജയിൽ അധികൃതരുടെ വാദം പൊളിയുന്നു. രാജ്കുമാർ മരിച്ചത് ആശുപത്രിയിൽ എത്തിച്ചതിന് ശേഷമാണെന്ന് ആശുപത്രി സൂപ്രണ്ട് ക്രൈം ബ്രാഞ്ചിന് മൊഴി നൽകി. ആശുപത്രിയിൽ എത്തിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മരണം നടന്നിരിക്കുന്നത്. മെഡിക്കൽ റിപ്പോർട്ടിൽ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളതായും ആശുപത്രി സൂപ്രണ്ട് ക്രൈംബ്രാഞ്ചിന് നൽകിയ മൊഴിയിൽ പറയുന്നു.
അതേസമയം കേസിൽ കൂടുതൽ പൊലീസുകാരുടെ അറസ്റ്റിനൊരുങ്ങുകയാണ് ക്രൈംബ്രാഞ്ച്. കേസിലെ ഒന്നാം പ്രതിയായ എസ്ഐ സാബുവിനെ ചോദ്യം ചെയ്തതിൽ നിന്ന് രാജ്കുമാറിനെ മർദ്ദിച്ച മുഴുവൻ പൊലീകാരെക്കുറിച്ചും ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചുവെന്നാണ് സൂചന. സ്റ്റേഷൻ റെക്കോർഡുകളിൽ തിരിമറി നടത്തി തെളിവ് നശിപ്പിച്ചവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യും. സാമ്പത്തിക തട്ടിപ്പ് കേസില്‍ രാജ്കുമാറിന്റെ കൂട്ടുപ്രതികളായ ശാലിനിയേയും മഞ്ജുവിനേയും മർദ്ദിച്ച പൊലീസുകാരികൾക്കെതിരെയും ക്രൈംബ്രാഞ്ച് നടപടി സ്വീകരിക്കും.
2012 ജൂണിൽ മോഹൻലാലിന്റെ തേവരയിലെ വസതിയിൽ നിന്നാണ് ആദായ നികുതി വകുപ്പ് നാല് ആനക്കൊമ്പുകൾ പിടിച്ചെടുത്തത്. ആനക്കൊമ്പുകൾ വനം വകുപ്പിന് കൈമാറുകയും മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പ് കേസെടുക്കുകയും ചെയ്തിരുന്നു. 2015ൽ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് മോഹൻലാലിന് ആനക്കൊമ്പ് കൈവശം വയ്ക്കുന്നതിനുള്ള അനുമതി നൽകിയത്.
സഭാതർക്കത്തിൽ കുടുങ്ങി ഒരാഴ്ചയായി പരേതയുടെ മൃതദേഹം സംസ്കരിക്കാനാകാതെ കുടുംബാംഗങ്ങൾ. കായംകുളം കാദിശാ പള്ളി ഇടവകാംഗവും യാക്കോബായ വിശ്വാസിയുമായ കോട്ടയിൽ മറിയാമ്മ ഫിലിപ്പിന്റെ (84) മൃതദേഹം സംസ്ക്കരിക്കാൻ അനുമതി തേടി മകൻ മാത്യു ഫിലിപ്പ് സമർപ്പിച്ച ഉപഹർജി ഹൈക്കോടതി തള്ളുമെന്നായപ്പോൾ പിൻവലിച്ചു.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വീണ്ടും ഫോണുകള്‍ പിടികൂടി. ഒന്നാം ബ്ലോക്കില്‍ നടത്തിയ റെയ്ഡിലാണ് ഫോണുകൾ പിടികൂടിയത്. ഇതോടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും പിടികൂടിയ ഫോണുകളുടെ എണ്ണം 54 ആയി. കണ്ണൂരില്‍ ഒരാഴ്ച നീണ്ട റെയ്ഡില്‍ 44 ഫോണുകളാണ് പിടിച്ചെടുത്തത്.
പെരുമ്പാവൂര്‍ മേഖലയിൽ കഞ്ചാവ് വിൽപ്പന നടത്തി വന്ന ഇതര സംസ്ഥാനക്കാരനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. അസം സ്വദേശി ഇസാബ് അലിയാണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും രണ്ടു കിലോ കഞ്ചാവും കസ്റ്റഡിയിലെടുത്തു.
ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് കശുവണ്ടി വികസന വകുപ്പു മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ കേന്ദ്ര വാണിജ്യ വ്യവസായ റെയില്‍വേ മന്ത്രി പീയുഷ് ഗോയലുമായി കൂടിക്കാഴ്ച നടത്തി. കശുവണ്ടി ഇറക്കുമതി തീരുവ പൂര്‍ണമായും ഒഴിവാക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 2016ല്‍ അഞ്ച് ശതമാനമായിരുന്ന ഇറക്കുമതി തീരുവ 2018ല്‍ 2.5 ശതമാനമായി കുറച്ചിരുന്നു. അസംസ്കൃത കശുവണ്ടിയുടെ ലഭ്യത കശുവണ്ടി വ്യവസായത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായതിനാല്‍ തീരുവ ഇല്ലാതെ ഇറക്കുമതി ചെയ്താല്‍ മാത്രമേ ഈ വ്യവസായത്തിന് പിടിച്ചുനില്ക്കാന് കഴിയൂ. കശുവണ്ടി കയറ്റുമതി ഇന്‍സെന്റീവ് അഞ്ചു ശതമാനമായി പുനസ്ഥാപിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. നേരത്തെ അഞ്ചു ശതമാനമായിരുന്ന കയറ്റുമതി ഇന്‍സന്റീവ് 2015ല്‍ രണ്ടു ശതമാനമാക്കി കുറച്ചത് കശുവണ്ടി വ്യവസായത്തെ പ്രതികൂലമായി ബാധിച്ചതായും മന്ത്രി ചൂണ്ടിക്കാട്ടി.
സ്വർണവില കുതിച്ചുയരുന്നു. ഇന്ന് സ്വർണ വില വീണ്ടും സർവകാല റെക്കോർഡിലെത്തി. ഒരു പവന് 25,800 രൂപയാണ് ഇന്നത്തെ വില. ഇന്നലെ പവന് 25,520 രൂപയായിരുന്നു. ഇന്നു 280 രൂപയാണ് കൂടിയത്. ഒരു ഗ്രാമിന് 3,225 രൂപയാണ് ഇന്നത്തെ വില. ഇന്നലെ 3,190 രൂപയായിരുന്നു. Read More
നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ ഒരാഴ്ചക്കകം സര്‍ക്കാരിന് വിശദമായ റിപ്പോര്‍ട്ട് നല്‍കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക്. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ തെളിവെടുപ്പിന്റെ ഭാഗമായി കമ്മീഷൻ അധ്യക്ഷൻ പീരുമേട് സബ് ജയിലിലും നെടുങ്കണ്ടം പോലീസ് സ്റ്റേഷനും സന്ദർശിച്ചു. ക്രൈംകേസുകളിൽ പ്രതികളായ 1129 പൊലീസുകാർക്കെതിരെ സർക്കാർ സ്വീകരിച്ച നടപടികൾ അടിയന്തരമായി അറിയിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
ബന്ധുനിയമനത്തില്‍ മന്ത്രി കെ.ടി.ജലീലിനെതിരായി വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. മന്ത്രിക്കെതിരെ കേസെടുക്കാന്‍ അനുമതി തേടി ഗവര്‍ണറെ സമീപിച്ചിരിക്കുകയാണെന്നും അതിനാല്‍ ഹര്‍ജി പിന്‍വലിക്കുകയാണെന്നും ഹര്‍ജിക്കാരനായ യൂത്ത് ലീഗ് സെക്രട്ടറി പി.കെ.ഫിറോസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഹര്‍ജി തള്ളാന്‍ ജസ്റ്റിസ് പി.ഉബൈദ് തീരുമാനിച്ചത്. Read More
അനധികൃതമായി സ്ഥാപിച്ചിട്ടുളള ബോര്‍ഡുകള്‍/ബാനറുകള്‍/ഹോര്‍ഡിംഗ്സുകള്‍/ കൊടികള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിന്റെ പുരോഗതി വിലയിരുത്തുന്നതിന് ഹൈക്കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, ഇടുക്കി എന്നീ നാല് ജില്ലകളിലെ നോഡല്‍ ഓഫീസര്‍ ആയി നഗരകാര്യ മദ്ധ്യമേഖല ജോയിന്റ് ഡയറക്ടറെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവായി.
പൊതുജനങ്ങള്‍ക്ക് ഇതു സംബന്ധമായ പരാതികള്‍ റീജിയണല്‍ ജോയിന്റ് ഡയറക്ടറെ അറിയിക്കാം. വിലാസം – ആര്.എസ്. അനു, റിജിയണല്‍ ജോയിന്റ് ഡയറക്ടര്‍, നഗരകാര്യ മദ്ധ്യമേഖല ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, ബ്രോഡ്വേ, എറണാകുളം. ഇ മെയില്‍ – duarkochi@gmail.com. ഓഫീസ് ഫോണ്‍ – 0484-2361707, മൊബൈല്‍ – 9447964511, വാട്സ് ആപ് – 9447964511.
കായംകുളം കാദീശാ പള്ളി ഇടവകാംഗം മറിയാമ്മ ഫിലിപ്പിന്റെ സംസ്ക്കാരം നടന്നു. കാദീശാ പള്ളിക്ക് തൊട്ടടുത്ത് യാക്കോബായ വിഭാഗത്തിന്റെ കൈവശത്തിലുള്ള 5 സെന്റ് സ്ഥലത്തായിരുന്നു സംസ്കാരം. കാദി പള്ളി സെമിത്തേരിയില്‍ സംസ്കാരത്തിനു അനുമതി തേടി മറിയാമ്മയുടെ മകന് മാത്യു ഫിലിപ്പ് സമര്‍പ്പിച്ച ഹര്‍ജി, ഹൈക്കോടതിയുടെ പ്രതികൂല നിലപാട് കണ്ട് പിന്‍വലിച്ചിരുന്നു. കാദീശ പള്ളിയില്‍ യാക്കോബായ വിഭാഗം കയറിയാല്‍ തടയാന്‍ ഇരുന്നൂറോളം ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പള്ളിയില്‍ തമ്പടിച്ചിരുന്നു. വന്‍ പൊലീസ് സംഘവും പള്ളിക്ക് മുന്നില്‍ നിലയുറപ്പിച്ചിരുന്നു. മൂന്നാം തിയതി നിര്യാതയായ മറിയാമ്മയുടെ സംസ്കാരം തര്‍ക്കത്തെ തുടര്‍ന്ന് ഒരാഴ്ച കഴിഞ്ഞാണ് നടന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടയില്‍ മാന്ദാമംഗലം, വരിക്കോലി പള്ളികളില്‍ സമാന സംഭവങ്ങള്‍ അരങ്ങേറിയത് യാക്കോബായ വിശ്വാസികളില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട് .വരിക്കോലി പള്ളിയില്‍ യാക്കോബായ പക്ഷം എതിര്‍പ്പവഗണിച്ച് സംസ്ക്കാരം നടത്തുകയായിരുന്നു.
കാലവർഷം കേരളത്തിൽ വീണ്ടും ദുർബലപ്പെടുന്നതായി കാലാവസ്ഥ വകുപ്പ് റിപ്പോർട്ട്. കേരളത്തിലും ലക്ഷദ്വീപിലും ചിലയിടങ്ങളിൽ ഇന്ന് മഴ ലഭിച്ചു. കോഴിക്കോട് വടകരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 7 സെന്റിമീറ്റർ. കാസർകോട് കുട്ലുവിൽ 6 സെന്റിമീറ്ററും മലപ്പുറം കരിപ്പൂരിൽ 5 സെന്റിമീറ്ററും മഴ ലഭിച്ചു. ഇന്നലെ കോഴിക്കോട് വടകരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 7 സെന്റിമീറ്റർ. കണ്ണൂർ തലശേരിയിൽ 5 സെന്റിമീറ്റർ മഴ ലഭിച്ചു. Read More
എറണാകുളം നെട്ടൂരില്‍ അര്ജുന് എന്ന 20 വയസുകാരനെ കൊലപ്പെടുത്തിയ സംഭവത്തില്‍ അഞ്ച് പേര് പിടിയില്‍. നേരത്തെ പൊലീസ് പിടികൂടിയ നാല് പ്രതികള്‍ക്ക് പുറമേ പ്രായപൂര്‍ത്തിയാകാത്ത ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യം ചെയ്തു. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. നെട്ടൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമാണ് അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. കുമ്പളം മാന്നനാട്ട് വീട്ടില്‍ എം.എസ്. വിദ്യന്റെ മകനാണ് മരിച്ച അര്ജുന്. Read More
കോഴിക്കോട് ജില്ലയിലെ മുക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിന് അപേക്ഷ നല്‍കാനെത്തിയ കക്ഷികളോട് അപമര്യാദയായി പെരുമാറുകയും സേവനം നല്കുന്നതില് കാലതാമസം വരുത്തുകയും ചെയ്ത സബ് രജിസ്ട്രാര്‍ ഉള്‍പ്പെടെ 4 ജീവനക്കാരെ സസ്പെൻഡ് ചെയ്തു. മന്ത്രി ജി.സുധാകരനാണ് ഓഫീസർമാർക്കെതിരെ നടപടി സ്വീകരിച്ച വിവരം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. Read More
മഹാരാജസ് കോളജിൽ അഭിമന്യുവിന്റെ രക്തസാക്ഷി മണ്ഡപം സ്ഥാപിച്ചത് അനുമതിയില്ലാതെയാണന്ന് പ്രിൻസിപ്പൽ . രക്തസാക്ഷി മണ്ഡപത്തിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് 470 വിദ്യാർത്ഥികൾ ഒപ്പിട്ട നിവേദനം കിട്ടിയിട്ടുണ്ടന്നും നിവേദനം കോളജ്
ഗവേണിംഗ് കൗൺസിലിനു കൈമാറിയിരിക്കുകയാണന്നും പ്രിൻസിപ്പൽ ഹൈക്കോടതിയെ അറിയിച്ചു. ഗവേണി ഗ് കൗൺസിലിന് അക്കാദമിക് കാര്യങ്ങളിലാണ് അധികാരമെന്നും സർക്കാർ ഭൂമിയിലെ നിർമാണത്തിൽ തീരുമാനമെടുക്കാൻ എന്താണ് അധികാരമെന്നും കോടതി ആരാഞു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമാണ് വേണ്ടതെന്നും കോടതി ആവർത്തിച്ചു. സർക്കാർ നിലപാട് യഥാസമയം അറിയിക്കാത്തതിൽ ഡിവിഷൻ ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബഞ്ച് അതൃപ്തി പ്രകടിപ്പിച്ചു . കോളജ് വളപ്പിൽ അനുസ്മരണ മണ്ഡപങ്ങൾ സ്ഥാപിക്കുന്നതിൽ കോളജ് അധികൃതരും സർക്കാരും ജാഗ്രത പാലിക്കേണ്ടതുണ്ടന്ന് കോടതി ഓർമ്മിപ്പിച്ചു.
കേരളം നെയ്യാറിലേക്ക് രണ്ട് സിംഹങ്ങളെ വാങ്ങുന്നു. നെയ്യാർ സിംഹ സഫാരി പാർക്കിലേക്കാണ് രണ്ട് സിംഹങ്ങളെ എത്തിക്കുന്നത്. ഇതിന് സൂ അതോറിറ്റി ഇന്ത്യ അനുമതി നൽകിയിരിക്കുകയാണ്. ഗുജറാത്ത് സക്കര്‍ബര്‍ഗ് മൃഗശാലയില്‍നിന്നുമാണ് സിംഹങ്ങളെ വാങ്ങുന്നത്. 1984ല്‍ നാല് സിംഹങ്ങളുമായാണ് സിംഹ സഫാരി പാര്‍ക്ക് നെയ്യാറിലെ മരക്കുന്നം ദ്വീപില്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് സിംഹങ്ങള്‍ പെറ്റുപെരുകി. 17 സിംഹങ്ങള്‍ വരെയായപ്പോള്‍ പോറ്റാനുള്ള ചെലവും കൂടി. തുടര്‍ന്ന് സിംഹങ്ങളുടെ വംശവർധന തടയുക എന്ന തീരുമാനം മൃഗശാല അധികൃതര്‍ എടുത്തു. ഇതിനായി ആൺ സിംഹങ്ങളെ വന്ധ്യംകരിച്ചു. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് KN-273 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. വിശദമായ ഫലം വൈകീട്ട് നാലു മണിയോടെ http://www.malayalam.indianexpress.comൽ അറിയാം. കാരുണ്യ പ്ലസ് ലോട്ടറിയുടെ ടിക്കറ്റ് വില 40 രൂപയാണ്. ഒന്നാം സമ്മാനം എണ്‍പത് ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം 10 ലക്ഷവും മൂന്നാം സമ്മാനം ഒരു ലക്ഷവും വീതമാണ്. സമാശ്വാസ സമ്മാനം 8,000 രൂപയായിരിക്കും. Read More
യുവാവിന്റെ മൃതദേഹം ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കൊച്ചി നെട്ടൂര്‍ റെയില്‍വെ സ്റ്റേഷന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുമ്പളം സ്വദേശി അര്ജുന് (20) ആണ് കൊലപ്പെട്ടത്. നെട്ടൂരില്‍ കായലോരത്തെ കുറ്റിക്കാട്ടില്‍ ചെളിയില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അര്‍ജുന്റെ സുഹൃത്തുക്കളായ നാലുപേരെയാണ് കസ്റ്റഡിയിലെടുത്തത്. റെയില്‍വേ ക്വാര്‍ട്ടേഴ്സിന് പടിഞ്ഞാറുവശം കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചതുപ്പിലാണ് മൃതദേഹം കണ്ടെത്തിയത്. ആരും കടന്നു ചെല്ലാത്ത ചതുപ്പ് പ്രദേശമാണിത്. ബുധനാഴ്ച വൈകീട്ട് നാലരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. Read More
മൊറട്ടോറിയം നീട്ടാന്‍ വീണ്ടും ആര്‍ബിഐയെ സമീപിച്ചെന്ന് കാർഷിക മന്ത്രി വിഎസ് സുനില്‍കുമാര്‍. കാര്‍ഷിക കടങ്ങള്‍ക്കുള്ള മൊറട്ടോറിയം കാലാവധി നീട്ടുന്ന കാര്യം റിസര്‍വ് ബാങ്ക് ഗവര്‍ണറെ ബോധ്യപ്പെടുത്തിയെന്ന് കൃഷി മന്ത്രി പറഞ്ഞു. സെപ്തംബര്‍ 31 വരെ കാലാവധി നീട്ടണമെന്നാണ് ആവശ്യപ്പെട്ടത്. സംസ്ഥാന തല ബാങ്കിങ് സമിതിയുടെ ഇടപെടലിലെ വീഴ്ചയാണ് മൊറട്ടോറിയം കാലാവധി നീട്ടുന്നതിൽ അവ്യക്തത ഉണ്ടാവാൻ കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. Read More