Latest Kerala News Highlights: കോഴിക്കോട്: കോഴിക്കോട് കാരശ്ശേരിയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. ആസിഡ് ഒഴിച്ചശേഷം അക്രമി യുവതിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
കാരശ്ശേരി ആനയാത്ത് അമ്പല പരിസരത്തുവെച്ചാണ് ആക്രമണമുണ്ടായത്. കാരശ്ശേരി സ്വദേശി സ്വപ്നയ്ക്കു നേരെയാണ് ആക്രമണമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ സ്വപ്നയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ജോലി കഴിഞ്ഞ് തിരിച്ചുവരവെയാണ് ആക്രമണമുണ്ടായത്. അക്രമി യുവതിയുടെ ആദ്യഭര്ത്താവാണെന്നാണ് സൂചന. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Kerala News Highlights: Kerala Weather, Traffic, Politics News Highlights
മദ്യപർ ഓടിക്കുന്ന കാറുകൾ പരിശോധിക്കാത്തത് എന്തെന്ന് മനുഷ്യാവകാശ കമ്മീഷൻ. ക്ലബുകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും മദ്യപിച്ച് രാത്രികാലങ്ങളിൽ കാറോടിക്കുന്നവരെ തടഞ്ഞു മദ്യപരിശോധന നടത്താത്തത് എന്തു കൊണ്ടാണെന്നു മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ചോദിച്ചു. അർധരാത്രിയിലും അതിനു ശേഷവും ഓടുന്ന കാറുകളിലെ ഡ്രൈവർമാർക്ക് മദ്യപരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി. ശ്രീറാം വെങ്കിട്ടരാമൻ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മനുഷ്യാവകാശ പ്രവർത്തകനായ രാഗം റഹിം പരാതി സമർപ്പിച്ചത്. സംസ്ഥാന പൊലീസ് മേധാവിയും ഗതാഗത കമ്മീഷണറും നാലാഴ്ചക്കുള്ളിൽ മറുപടി സമർപ്പിക്കണണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു.
Live Blog
Kerala news today in Malayalam with Highlights of weather, traffic, train services and airlines – കേരള വാർത്തകൾ തത്സമയം
ഇന്നലെ അർദ്ധരാത്രി 12 മണിയോട് അടുത്താണ് അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിനെതിരെ സിപിഎം ഗവര്‍ണര്‍ ആര്.എസ്.എസിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്ന് സിപിഎം ആരോപിച്ചു. കേരള സര്‍വകലാശാലാ സെനറ്റിലേക്ക് സംഘപരിവാര്‍ ആഭിമുഖ്യമുളളവരെ നിയമിച്ചെന്നാണ് ആരോപണം. സെനറ്റിലേക്കുള്ള രണ്ടു സിപിഎം പ്രതിനിധികളെ ഒഴിവാക്കി പകരം ആര്‍എസ്എസ് ആഭിമുഖ്യമുള്ളവരെ ഗവര്‍ണര്‍ നിയമിച്ചു. ഷിജു ഖാനെയും അഡ്വ ജി. സുഗുണനേയുമാണ് ഒഴിവാക്കിയത്.
അമിതവേഗത്തിൽ വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമന്റെയും വഫ ഫിറോസിന്റെയും ലൈസൻസ് റദ്ദാക്കും. ഇതിന് വേണ്ട നടപടികൾ മോട്ടോർ വാഹനവകുപ്പ് തുടങ്ങി. വഫയുടെ കാറിന്റെ റജിസ്ട്രേഷനും റദ്ദാക്കും. കാറിൽ കൂളിംഗ് ഫിലിം ഒട്ടിച്ചതടക്കമുള്ള ഒരു പിടി നിയമലംഘനങ്ങളും കണ്ടെത്തിയിട്ടുണ്ട്.
ചാവക്കാട് കോണ്‍ഗ്രസ് പ്രവര്ത്തകന് നൗഷാദിനെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍. എസ്ഡിപിഐ പ്രവര്‍ത്തകനായ മുബീന് ആണ് പിടിയിലായത്. നിരവധി കേസുകളില്‍ പ്രതിയായ മുബീന് കൊലപാതകത്തില്‍ നേരിട്ട് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്.
റേഷന്‍ കാര്‍ഡിലെ എല്ലാ അംഗങ്ങളുടെയും ആധാര്‍ ആഗസ്റ്റ് 31 നകം റേഷന്‍ കാര്‍ഡുമായി ബന്ധിപ്പിക്കണം എന്ന് എറണാകുളം സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു. റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിച്ചിട്ടില്ലാത്ത അംഗങ്ങളുടെ വിവരങ്ങള്‍ അതതു റേഷന്‍ കടകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇവര്‍ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവയുമായി റേഷന്‍കടയില്‍ ചെന്ന് ആധാര്‍ ബന്ധിപ്പിക്കണം. റേഷന്‍ കടക്കു പുറമെ, അക്ഷയ കേന്ദ്രങ്ങളിലും ആധാര്‍ ബന്ധിപ്പിക്കുന്നതിനുളള സൗകര്യം ഒരുക്കിയിട്ടുണ്ട്. സിവില്‍ സപ്ലൈസ് വകുപ്പിന്റെ https://epos.kerala.gov.in /SRC-Trans-Int.jsp എന്ന പോര്‍ട്ടലില്‍ റേഷന്‍കാര്‍ഡ് നമ്പര്‍ നല്കി, ഈ വര്‍ഷത്തിലെ ഏതെങ്കിലും മാസം തെരഞ്ഞെടുത്ത് സബ്മിറ്റ് എന്നതില്‍ ക്ലിക്ക് ചെയ്താല്‍ റേഷന്‍ കാര്‍ഡിലെ അംഗങ്ങളുടെ ആധാര്‍ ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് അറിയാവുന്നതാണ്.
വാഹനാപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമനൊപ്പം കാറിലുണ്ടായിരുന്ന വഫ ഫിറോസിനേയും പ്രതി ചേർത്തു. അപകടരമായ രീതിയില്‍ വാഹനമോടിക്കലിനെ പ്രോത്സാഹിപ്പിച്ചെന്നാണ് കുറ്റം. ഇവരെ ജാമ്യത്തില്‍ വിട്ടയച്ചു.
മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ ഉത്തരവാദികളായ ആരും നിയമത്തിനു മുന്നിൽ നിന്നു രക്ഷപ്പെടാതിരിക്കാൻ എല്ലാ കാര്യങ്ങളും ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തിൽ വിട്ടുവീഴ്ച അനുവദിക്കില്ല. മാധ്യമപ്രവർത്തകരുടെ തൊഴിൽ സാഹചര്യങ്ങളിലെ അപകട പരിരക്ഷ കൂടുതൽ ഉറപ്പാക്കാൻ വേണ്ട നടപടികളെക്കുറിച്ച് ആലോചിക്കും.
താന്‍ പാര്‍ട്ടി ചെയര്‍മാനായി പ്രവര്‍ത്തിക്കുന്നത് തടഞ്ഞുള്ള ഉത്തരവ് തുടരുമെന്ന കോടതി വിധിയുടെ പകര്‍പ്പ് കിട്ടിയതിന് ശേഷം തുടര്‍നടപടികളെക്കുറിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തീരുമാനമെടുക്കുമെന്ന് ജോസ് കെ മാണി. തെരഞ്ഞെടുപ്പ് കമ്മീഷനാണ് അന്തിമ തീരുമാനം കൈകൊള്ളേണ്ടത്. അതേസമയം ഔദ്യോഗിക പക്ഷത്തേക്ക് വരണമെന്ന് തന്നെയാണ് തോമസ് ഉണ്ണിയാടനോട് പറയാനുള്ളതെന്ന് ജോസ് കെ മാണി വ്യക്തമാക്കി.
കോഴിക്കോട് മുക്കത്തിനടുത്ത് കാരശ്ശേരിയിൽ യുവതിയ്ക്ക് നേരെ അക്രമി ആസിഡൊഴിച്ചു. കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്ത് വച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം യുവതിയെ അക്രമി കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജാശുപത്രിയിലേക്ക് എത്തിച്ചു
ശ്രീറാം വെങ്കിട്ടരാമനെ ഇന്ന് സ്വകാര്യ ആശുപത്രിയിൽ നിന്ന് മാറ്റില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റുന്നതിനെ തൽക്കാലം ആരോഗ്യകാര്യങ്ങൾ ചൂണ്ടിക്കാട്ടി ഡോക്ടർമാർ എതിർത്തെന്നാണ് സൂചന. ശ്രീറാം വെങ്കിട്ടരാമന്റെ വിരലടയാളം രേഖപ്പെടുത്താൻ പൊലീസിന് കഴിഞ്ഞില്ല. ഒരു കൈയിൽ ഡ്രിപ്പും മറ്റൊരു കൈയിൽ മുറിവുമായതിനാൽ വിരലടയാളം രേഖപ്പെടുത്താൻ ഡോക്ടർ അനുവദിച്ചില്ല
ഒറ്റമശ്ശേരി ഇരട്ടക്കൊല കേസില്‍ അഞ്ച് പ്രതികള്‍ക്ക് ജീവപര്യന്തം കഠിന തടവ്. പ്രതികള്‍ മൂന്ന് ലക്ഷംരൂപ പിഴയടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. പിഴത്തുകയില്‍ രണ്ടുലക്ഷം രൂപ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നല്‍കണം. ഹിമാലയ ചിട്ടിഫണ്ടുമായി ബന്ധപ്പെട്ട് കണിച്ചുകുളങ്ങരയില്‍ നടന്നതിന് സമാനമായ കൊലപാതക കേസിലാണ് വിധി. മൂന്ന് പ്രതികളെ വെറുതെവിട്ടു.
ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിന്റെ മൃതദേഹം രാത്രിയോടെ മലപ്പുറത്തെ വീട്ടിലെത്തിക്കും. തുടർന്ന് വീട്ടിനടുത്തുളള ഷാദുലി ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. അതിനുശേഷം സംസ്കാര ചടങ്ങുകൾക്കായി വടകര ചെറുവണ്ണൂരിലെ മലയിൽ മഖാമിലേക്ക് കൊണ്ടുപോകും.
മാധ്യമപ്രവര്ത്തകന് കെ.എം.ഷീറിന്റെ മൃതദേഹം തിരുവനന്തപുരം പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്, ഇ ചന്ദ്രശേഖരന്, വി എസ് സുനില്‍കുമാര്‍, വി എസ് ശിവകുമാര്‍ എംഎല്‍എ, കാനം രാജേന്ദ്രന്, എ സമ്പത്ത് തുടങ്ങിയവർ അന്തിമോപചാരമര്‍പ്പിച്ചു
യുവമാധ്യമ പ്രവര്ത്തകന് ബഷീർ വാഹനമിടിച്ചു മരിച്ച സംഭവവുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ ഉണ്ടായ വീഴ്ചയെക്കുറിച്ചു അന്വേഷിക്കണം. കുറ്റക്കാര്‍ ആരായാലും അവര്‍ക്കെതിരെ മുഖംനോക്കാതെ നടപടി വേണം. അടുത്ത കാലത്തുണ്ടായിരുന്ന ഉണ്ടായ നിരവധി സംഭവങ്ങളില്‍ പോലീസിന്റെ വീഴ്ച പ്രകടമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
മാധ്യമപ്രവർത്തകൻ അപകടത്തിൽ മരിച്ച സംഭവത്തിൽ ശ്രീറാം വെങ്കട്ടരാമനൊപ്പമുണ്ടായിരുന്ന സ്ത്രീയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.
കൊച്ചി സര്‍വ്വകലാശാലയും ബാംഗ്ലൂര്‍ രാമന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി വികസിപ്പിച്ചെടുത്ത പ്രകാശ നിയന്ത്രണ സ്വഭാവമുള്ള ഇരുമ്പു കാന്തിക നാനോ കണങ്ങളുടെ കണ്ടുപിടുത്തത്തിനും അവയുടെ ഉപയോഗത്തിനും പേറ്റന്റ് ലഭിച്ചു. ഭാരത സര്‍ക്കാരിന്റെ 1970-ലെ പേറ്റന്റ് ആക്ട് അനുസരിച്ചാണ് കണ്ടുപിടുത്തത്തിന് പേറ്റന്റ് ലഭിച്ചത്. കൊച്ചി സര്‍വ്വകലാശാലയിലെ യുജിസി-ബിഎസ്ആര്‍ ഫാക്കല്‍റ്റിയും നാനോമാഗ്നറ്റിക് ശാസ്ത്രഞ്ജനുമായ പ്രൊഫ. എം.ആര് അനന്തരാമന്, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഓഫ് കേരളയിലെ ഫിസിക്സ് വിഭാഗം മേധാവി ഡോ. സ്വപ്ന എസ്. നായര്‍, ബാംഗ്ലൂര്‍ രാമന് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. റെജി ഫിലിപ്പ് എന്നിവരാണ് ഗവേഷണ സംഘത്തിലുള്ളത്.
മാധ്യമപ്രവർത്തകന്റെ മരണത്തിനിടയാക്കിയ അപകടത്തിൽ കാർ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നുളളതിന് കൂടുതൽ ദൃക്സാക്ഷികൾ. അമിത വേഗതയിലാണ് കാർ എത്തിയതെന്നും വാഹനം ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമനാണെന്നും ദൃക്സാക്ഷി ജിത്തു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകടത്തിൽപെട്ട ബഷീറിനെ തന്റെ സ്കൂട്ടറിൽ കയറ്റി വിടാൻ ശ്രീറാം ശ്രമിച്ചുവെന്നും ജിത്തു പറഞ്ഞു. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 407 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം KX 746198 (ആലപ്പുഴ) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം KO 533059 (തൃശൂർ) ടിക്കറ്റിനാണ്. ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിലോ ഔദ്യോഗിക അറിയിപ്പുമായോ ഒത്തു നോക്കേണ്ടതാണ്. Read More
കേരളത്തിൽ കാലവർഷം ശക്തിപ്പെടുന്നില്ല. കേരളത്തിൽ ഏതാനും ഇടങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്. ലക്ഷദ്വീപിൽ മഴ പെയ്തതുമില്ല. വയനാട് വൈത്തിരിയിൽ 4 സെന്റിമീറ്ററും കണ്ണൂർ ഇരിക്കൂറിൽ 3 സെന്റിമീറ്ററും മഴ ലഭിച്ചു. അടുത്ത 5 ദിവസം (ഓഗസ്റ്റ് 3 മുതൽ 7വരെ) കേരളത്തിൽ പരക്കെ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ റിപ്പോർട്ട്. Read More
കേരള കോൺഗ്രസ് (എം) ചെയർമാനായി ജോസ് കെ.മാണിയെ തിരഞ്ഞെടുത്ത നടപടിക്ക് കോടതിയിൽ തിരിച്ചടി. ജോസ് കെ.മാണിയെ തിരഞ്ഞെടുത്തത് വിലക്കിയ തൊടുപുഴ മുൻസിഫ് കോടതി ഉത്തരവ് ഇടുക്കി കോടതി സ്ഥിരപ്പെടുത്തി. ചെയർമാൻ തിരഞ്ഞെടുപ്പ് യോഗത്തിലെ നടപടികൾ നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയാണ് മുൻസിഫ് രശ്മി രവീന്ദ്രന്റെ ഉത്തരവ്.
ബാങ്ക് മാനേജരെ മാനഭംഗം ആരോപിച്ച് കള്ളക്കേസിൽ കുടുക്കി മർദിച്ച കേസിൽ വനിതാ പൊലീസ് ഓഫീസറും ഭർത്താവും പത്ത് ലക്ഷം നഷ്ടപരിഹാരം നൽകി. തൊടുപുഴ സബ് കോടതിയിൽ ഐപിഎസ് ഉദ്യോഗസ്ഥ ആർ.നിശാന്തിനി, വനിതാ പൊലീസ് ഓഫീസർ പി.ഡി.പ്രമീള, ഭർത്താവ് ബിജു എന്നിവരിൽ നിന്ന് 25 ലക്ഷം രൂപ നഷ്ടപരിഹാരം തേടി ബാങ്ക് മാനേജർ നൽകിയ നഷ്ട പരിഹാര കേസാണ് ഒത്ത് തീർന്നത്. നിശാന്തിനി ജോലിയുടെ തുടക്കത്തിൽ തൊടുപുഴയിൽ എഎസ്പി ആയിരിക്കെ തൊടുപുഴ യൂണിയൻ ബാങ്ക് മാനേജർ ആയിരുന്ന പേഴ്സി ജോസഫിനെ കള്ളക്കേസിൽ കുടുക്കി ക്രൂരമായി മർദിച്ചതാണ് കേസിനാസ്പദം. പേഴ്സി ജോസഫിനെ വനിതാ പൊലീസുകാരെ ഉപയോഗിച്ചു കള്ളക്കേസിൽ കുടുക്കിയെന്നാണ് നിശാന്തിനിക്കെതിരെയുള്ള ആരോപണം.
സര്‍വേ വകുപ്പ് ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി എം.എം.മണി. മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടത്തിലാണ് മന്ത്രിയുടെ പ്രതികരണം. Read More
മഴ ശക്തമായില്ലെങ്കിൽ ഈ മാസം 16 മുതൽ ലോഡ്ഷെഡിങ് ഏർപ്പെടുത്തേണ്ടി വരുമെന്ന് കെഎസ്ഇബി. 16 ന് കെഎസ്ഇബി യോഗം ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കെഎസ്ഇബി ചെയര്മാന് എൻ.എസ്.പിള്ള അറിയിച്ചു. ഈ മാസം നല്ല മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാലാണ് 16 ന് സ്ഥിതി വിലയിരുത്താൻ യോഗം ചേരാൻ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. Read More
എ.സമ്പത്തുമായി യുഡിഎഫ് സഹകരിക്കില്ലെന്ന് യുഡിഎഫ് കൺവീനർ ബെന്നി ബെഹനാൻ. സമ്പത്തിന്റെ നിയമനത്തോട് യോജിപ്പില്ല. സർക്കാർ അധികാരത്തിലെത്തി മൂന്ന് വർഷത്തിന്ശേഷം എന്തിനാണ് ഇത്തരമൊരു നിയമനമെന്നും ബെന്നി ബെഹനാൻ ചോദിച്ചു.
എ.എൻ.ഷംസീർ എംഎൽഎയുടെ കാർ കസ്റ്റഡിയിലെടുത്തു. വടകരയിലെ സ്വതന്ത്ര സ്ഥാനാർഥിയും മുൻ സിപിഎം നേതാവുമായിരുന്ന സി.ഒ.ടി.നസീറിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് കാർ കസ്റ്റഡിയിൽ എടുത്തത്. എംഎൽഎ ബോർഡ് വച്ച കാറാണ് കസ്റ്റഡിയിൽ എടുത്തത്. സഹോദരന്റെ പേരിലുളള കാറാണ് എംഎൽഎ ഉപയോഗിച്ചിരുന്നത്. ഈ വാഹനത്തിലാണ് ഗൂഢാലോചന നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
മൂന്നാർ കൈയ്യേറ്റങ്ങളൊഴുപ്പിക്കാൻ ഇങ്ങിത്തിരിച്ച യുവ ഐഎഎസ് ഓഫീസർക്ക് കേരളം കൈയ്യടിച്ചത് ഏതാനും വർഷങ്ങൾ മുമ്പായിരുന്നു. കട്ടത്താടിയും വച്ച് ബുള്ളറ്റുമോടിച്ച് നടക്കാറുള്ള ദേവികുളം സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ കേരളത്തിലെ ചെറുപ്പക്കാരുടെ ഹീറോ ആയി മാറിയത് വളരെ പെട്ടെന്നായിരുന്നു. നാഷണൽ മെഡിക്കൽ എൻട്രൻസിൽ 770-ാം റാങ്കോടെയാണ് ശ്രീറാം വെങ്കിട്ടരാമൻ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം നേടിയിരുന്നു. ബിരുദം നേടിയതിന് ശേഷം പ്രത്യേക പരിശീലനത്തിന് പോകാതെ രണ്ട് തവണ സിവിൽ പരീക്ഷ എഴുതി. 2013ൽ രണ്ടാം റാങ്ക് തിളക്കത്തോടെ സിവിൽ സർവ്വീസിൽ എത്തി. Read More
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 407 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് ഇന്ന്. ഉച്ച കഴിഞ്ഞാണ് നറുക്കെടുപ്പ് ആരംഭിക്കുക. മൂന്ന് മണി മുതൽ ഫലം ലൈവായി അറിയാം. നാല് മണി മുതൽ ഭാഗ്യക്കുറിയുടെ ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാകും. കാരുണ്യ ലോട്ടറിയുടെ ടിക്കറ്റ് വില 30 രൂപയാണ്. ഒന്നാം സമ്മാനം 80 ലക്ഷം രൂപയാണ്. രണ്ടാം സമ്മാനം പത്ത് ലക്ഷം രൂപയും മൂന്നാം സമ്മാനം ഒരു ലക്ഷം രൂപയും വീതമാണ്. സമാശ്വാസ സമ്മാനമായി 8000 രൂപ നല്‍കും. Read More
സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ മരിച്ച സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളുമായി വിവിധ മാധ്യമസ്ഥാപനങ്ങളിൽ ജോലി ചെയ്തിരുന്ന ഡി ധനസുമോദ്. കാറിൽ വന്നിറങ്ങിയ ആൾ അമിതമായി മദ്യപിച്ചിരുന്നുവെന്നും കാൽ നിലത്തുറയ്ക്കാത്ത അവസ്ഥയിൽ ആയിരുന്നെന്നും ധനസുമോദ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു. Read More
ഒരാഴ്ചത്തെ ഗൃഹസന്ദര്‍ശന പരിപാടിയിലൂടെ പാർട്ടി നേതാക്കള്‍ക്കു ലഭിച്ച പ്രതികരണത്തിന്റെ അടിസ്ഥാനത്തില്‍ തിരുത്തല്‍ നടപടിക്കൊരുങ്ങി സിപിഎം. ഇതിനായി 18 മുതല്‍ 23 വരെ നേതൃയോഗം ചേരും. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന് പിന്നാലെ കേരളത്തിലെ ഓരോ വീടിനും പാര്‍ട്ടിയോട് അടുപ്പം ഉണ്ടാക്കാനും രാഷ്ട്രീയമായി നിരീക്ഷിക്കാനും ചുമതലക്കാരനെ നിശ്ചയിച്ചിരുന്നു. Read More
തിരുവനന്തപുരം: സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറിടിച്ച് മാധ്യമപ്രവര്ത്തകന് മരിച്ച സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ദൃക്സാക്ഷി. കാര്‍ ഓടിച്ചിരുന്നത് ശ്രീറാം തന്നെയാണ് എന്നാണ് ദൃക്സാക്ഷിയായ ഓട്ടോ ഡ്രൈവര്‍ ഷഫീക്ക് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. തനിക്ക് ശ്രീറാം വെങ്കിട്ടരാമനെ അറിയില്ലെന്നും എന്നാല്‍ ഡ്രൈവിങ് സീറ്റില്‍ നിന്നിറങ്ങിയത് ഒരു പുരുഷന് തന്നെയായിരുന്നു എന്നും ഇയാള്‍ അമിതമായി മദ്യപിച്ചിരുന്നു എന്നുമാണ് ദൃക്സാക്ഷിയായ ഡ്രൈവര്‍ പറഞ്ഞത്. Read More
സർവ്വേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയ മലപ്പുറം സ്വദേശി കെ എം ബഷീറാണ് മരിച്ചത്. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയിൽ എത്തിയ വാഹനം മ്യൂസിയം ജംഗ്ഷനിൽ വച്ച് ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അപകടത്തിൽ പരിക്കേറ്റ ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദ്യ പരിശോധനയിൽ ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. Read More