Kerala News July 9th Highlights: ‘ഇങ്ങനെ പോയാല്‍ ശരിയാകില്ല’; മുഖ്യമന്ത്രി പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതലയോഗം വിളിച്ചു

Kerala News July 9th Highlights: ജൂലായ് 16 ന് തിരുവനന്തപുരത്ത് വച്ചാണ് യോഗം ചേരുക

Kerala Floods UAE 700 Crores Pinarayi Vijayan
Kerala Floods UAE 700 Crores Pinarayi Vijayan

Kerala News July 9th Highlights: തിരുവനന്തപുരം: പൊലീസിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 16 ന് തിരുവനന്തപുരത്ത് വച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം നടക്കും. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നേരിട്ടാണ് യോഗം വിളിച്ചിരിക്കുന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം. നെടുങ്കണ്ടം കസ്റ്റഡി മരണം പൊലീസ് സേനയ്ക്ക് അപമാനമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് സമരത്തിലേർപ്പെട്ട അഭിഭാഷകർക്കെതിരെ ഡോ. സെബാസ്റ്റ്യൻ പോൾ നടത്തിയ പരാമർശം പ്രസിദ്ധീകരിച്ച പത്രങ്ങൾക്കെതിരായ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. ഹിന്ദു എഡിറ്റർ എൻ റാമും മറ്റും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റീസ് ആനി ജോണിന്റെ ഉത്തരവ്. ഡോ. സെബാസ്റ്റ്യൻ പോൾ തൃശൂരിൽ നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് കേസിനാധാരം.

സമരം ചെയ്യുന്ന അഭിഭാഷകർക്കെതിരായ പരാമർശങ്ങൾ അഭിഭാഷക സമുഹത്തിനാകെ അപകർത്തികരമാണെന്നാരോപിച്ച് തിരുവനന്തപുരത്തെ അഭിഭാഷകനായ സന്ദീപാണ് തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയ കോടതി പ്രതികളായ സെബാസ്റ്റ്യൻ പോൾ, എൻ റാം എന്നിവരടക്കമുള്ളവർക്കെതിരെ സമൻസ് പുറപ്പെടുവിച്ചു.

സമരം ചെയ്യുന്ന അഭിഭാഷകരെ പ്രത്യേക സമൂഹമായി കണക്കാക്കാനാവില്ലന്നും അതിനാൽ ഒരു അഭിഭാഷകനു മാത്രമായി അപകീർത്തിക്കേസ് ഫയൽ ചെയ്യാൻ നിയമപരമായ അവകാശം ഇല്ലന്നും കോടതി വ്യക്തമാക്കി. ആരോപണം വ്യക്തിപരമല്ലെന്നും അതിനാൽ ഒരഭിഭാഷകന്റെ പരാതിയിൽ കേസെടുത്ത മജിസ്ട്രേറ്റിന്റെ നടപടി നിയമപരമല്ലന്നും കോടതി ഉത്തരവിൽ ചുണ്ടിക്കാട്ടി. തിരുവനന്തപുരം കോടതി മുമ്പാകെയുള്ള കേസ് കോടതി റദ്ദാക്കി.

കൊട്ടക്കമ്പൂർ ഭൂമി ഇടപാടിൽ മുൻ എംപി ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കുന്ന പൊലീസ് റിപ്പോർട്ട് കോടതി തളളി. കേസിൽ ജോയ്സ് ജോർജിനും കുടുംബത്തിനുമെതിരെ തെളിവില്ലെന്നും പണം നൽകിയാണ് ജോയ്സിന്റ പിതാവ് ഭൂമി വാങ്ങിയതെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ മൂന്നാര്‍ ഡിവൈഎസ്പിയുടെ റിപ്പോർട്ട്. ആ അന്വേഷണ റിപ്പോർട്ട് തളളിയ തൊടുപുഴ കോടതി തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. ഇടുക്കി കൊട്ടക്കമ്പൂരിൽ ആദിവാസികളുടെ 24 ഏക്കർ ഭൂമി ജോയ്സ് ജോർജ് എംപിയും ബന്ധുക്കളും തട്ടിയെടുത്തുവെന്നായിരുന്നു കേസ്.

 

Live Blog

Kerala News July 9th Highlights in Malayalam with live updates of weather, traffic, train services and airlines


22:22 (IST)09 Jul 2019

പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

പൊലീസിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈ മാസം 16 ന് തിരുവനന്തപുരത്ത് വച്ച് പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം നടക്കും. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നേരിട്ടാണ് യോഗം വിളിച്ചിരിക്കുന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ മുതല്‍ ഡിജിപി വരെയുള്ള ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കണം. നെടുങ്കണ്ടം കസ്റ്റഡി മരണം പൊലീസ് സേനയ്ക്ക് അപമാനമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

22:19 (IST)09 Jul 2019

താക്കീതുമായി മുഖ്യമന്ത്രി

ജയിൽ ഉദ്യോഗസ്ഥർക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ തുനിയുന്നവർ കർശന നടപടി മുന്നിൽ കാണണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റ് തിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും തെറ്റ് ആവർത്തിക്കുന്നവരോട് ഒരു ദയയും കാട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

21:20 (IST)09 Jul 2019

പത്തനംതിട്ട ജില്ലയില്‍ ലിപ്പനി ബാധിച്ച് മരണം അഞ്ചായി

പത്തനംതിട്ട ജില്ലയില്‍ എലിപ്പനി രോഗബാധിതരുടെ എണ്ണം കൂടുന്നു. കഴിഞ്ഞ ദിവസം റാന്നിയിൽ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരാണ് എലിപ്പനി ബാധിച്ച് മരിച്ചത്.  ജില്ലയിൽ 41 പേർക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 

20:02 (IST)09 Jul 2019

സിനഡിൽ പരിഹാരമെന്ന് ആലഞ്ചേരി

സഭാ പ്രശ്നങ്ങളിൽ സീറോ മലബാർ സഭയുടെ സിനഡിൽ പരിഹാരം കാണുമെന്ന് മാർ ജോർജ് ആലഞ്ചേരി. സഹായ മെത്രാൻമാരെ നീക്കിയത് വലിയ വിവാദമായിരുന്നു. 

19:34 (IST)09 Jul 2019

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം വ​ളാ​ഞ്ചേ​രി വൈ​ക്ക​ത്തൂ​രി​ലു​ള്ള വാ​ട​ക വീ​ടി​ൽ വീ​ട്ട​മ്മ​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​നി ന​ഫീ​സ​ത്ത് (52)നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.  മൃ​ത​ദേ​ഹ​ത്തി​ന് നാ​ല് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് പൊലീ​സ് വ്യ​ക്ത​മാ​ക്കി. മേ​ൽ​ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും പൊ​ലീ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

19:33 (IST)09 Jul 2019

കെപിസിസി ആയിരം വീട് പദ്ധതിയിൽ വ്യക്തതയുമായി ഹസൻ

കെപിസിസിയുടെ ആയിരം വീട് പദ്ധതിയില്‍ വ്യക്തതയുമായി മുന്‍ അധ്യക്ഷന്‍ എം.എം.ഹസന്‍. പ്രളയ ബാധിതര്‍ക്കായുള്ള കെപിസിസിയുടെ ആയിരം വീട് പദ്ധതി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ഹസന്‍ പറഞ്ഞു. കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആയിരം വീട് പദ്ധതിയുമായി ബന്ധപ്പെട്ട കണക്കുകള്‍ ഹസന്‍ വിശദീകരിച്ചത്. മുഖ്യമന്ത്രി അടക്കമുള്ളവര്‍ ആയിരം വീട് പദ്ധതിക്കെതിരെ പരിഹാസം ഉന്നയിച്ച സാഹചര്യത്തിലാണ് കെപിസിസിയുടെ വിശദീകരണം.

18:59 (IST)09 Jul 2019

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം; അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി

മാധ്യമ പ്രവർത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് സമരത്തിലേർപ്പെട്ട അഭിഭാഷകർക്കെതിരെ ഡോ. സെബാസ്റ്റ്യൻ പോൾ നടത്തിയ പരാമർശം പ്രസിദ്ധീകരിച്ച പത്രങ്ങൾക്കെതിരായ അപകീർത്തിക്കേസ് ഹൈക്കോടതി റദ്ദാക്കി. ഹിന്ദു എഡിറ്റർ എൻ റാമും മറ്റും സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ജസ്റ്റീസ് ആനി ജോണിന്റെ ഉത്തരവ്. ഡോ. സെബാസ്റ്റ്യൻ പോൾ തൃശൂരിൽ നടത്തിയ പ്രസംഗത്തിലെ പരാമർശമാണ് കേസിനാധാരം.

18:38 (IST)09 Jul 2019

കണ്ണൂരിൽ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു

കണ്ണൂരിൽ റബ്ബർ മരം മുറിക്കുന്നതിനിടെ തൊഴിലാളി കടന്നൽ കുത്തേറ്റു മരിച്ചു. മുടക്കോഴി മൗവ്വഞ്ചേരി സ്വദേശി ബാബുവാണ് മരിച്ചത്.

18:05 (IST)09 Jul 2019

ജോലി ഒഴിവ്

കൊച്ചി ജില്ലയിലെ സംസ്ഥാന അർധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇലക്ട്രിഷ്യന്‍ തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒരു താത്കാലിക ഒഴിവു നിലവിലുണ്ട്. യോഗ്യത ഇലക്ട്രിക്കല്‍ എൻജിനീയറിങ് ഡിപ്ലോമ അല്ലെങ്കില്‍ ഐറ്റിഐയില്‍ നിന്നും നേടിയ 18 മാസത്തെ ഇലക്ട്രീഷ്യന്‍ കോഴ്‌സും, അപ്രന്റിസ്ഷിപ്പും, രണ്ട് വര്‍ത്തെ പ്രവൃത്തി പരിചയവും. വയസ് 2019 ജനുവരി ഒന്നിന് 18-41 വയസ് കവിയാന്‍ പാടുളളതല്ല. നിയമാനുസൃത വയസിളവ് അനുവദനീയം. ശമ്പളം 19,000-43600. നിശ്ചിത യോഗ്യതയുളള ഉദ്യോഗാര്‍ഥികള്‍ ജൂലൈ 26-ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.

17:46 (IST)09 Jul 2019

വനിതകളില്‍ നിന്നും സ്വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ന്യൂനപക്ഷ, ഹിന്ദു മുന്നോക്ക/പിന്നാക്ക/പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട നിശ്ചിത വരുമാന പരിധിയില്‍പ്പെടുന്ന 18-55 നും മധ്യേ പ്രായമുളള തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. ജില്ലയിലെ താത്പര്യമുളള വനിതാ സംരംഭകര്‍ http://www.kswdc.org വെബ്‌സൈറ്റില്‍ ലഭിക്കുന്ന വായ്പ അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടു കൂടി മേഖലാ ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2984932, 9496015008.

17:45 (IST)09 Jul 2019

പിഎസ്‌സി അറിയിപ്പ്

ജൂലൈ 27-ാം തീയതി നടക്കുന്ന എക്‌സൈസ് വകുപ്പിലെ വുമണ്‍ സിവില്‍/എക്‌സൈസ് ഓഫീസര്‍ (NCA Notification) (Cat. No. 196/2018 to 205/2018) എന്ന തസ്തികയുടെ ഒഎംആര്‍ പൊതു പരീക്ഷയോടൊപ്പം എക്‌സൈസ് വകുപ്പിലെ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ തസ്തികയ്ക്ക് (Cat. No. 501/17) കോഴിക്കോട് ജില്ലയിലേയ്ക്ക് അപേക്ഷ സമര്‍പ്പിച്ചവരില്‍ 24.02.2018 ന് നടന്ന പരീക്ഷ എഴുതിയ 15,153 ഉദ്യോഗാർഥികളെയും കണ്ണൂര്‍ ജില്ലയുടെ 2526-ാം നമ്പര്‍ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയിരുന്ന കണ്ണൂര്‍ ജില്ലയിലേക്ക് അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 461465, 461466, 461468, 461472, 461473 എന്നീ 5 ഉദ്യോഗാർഥികളേയും കോഴിക്കോട് 2399-ാം നമ്പര്‍ കേന്ദ്രത്തില്‍ പരീക്ഷ എഴുതിയ മലപ്പുറം ജില്ലയിലേയ്ക്ക് അപേക്ഷിച്ച രജിസ്റ്റര്‍ നമ്പര്‍ 428126 എന്ന ഉദ്യോഗാർഥിയേയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു പുനഃപരീക്ഷ കൂടി നടത്തുന്നതാണ്. ഉദ്യോഗാർഥികള്‍ക്കുളള അഡ്മിഷന്‍ ടിക്കറ്റ് പ്രെഫൈലില്‍ ലഭിക്കും.

17:37 (IST)09 Jul 2019

യുഎസ് കോൺസുലേറ്റ് വിദ്യാർഥികൾക്കായി സംവാദ മത്സരം സംഘടിക്കുന്നു

യുഎസ് കോൺസുലേറ്റ് വിദ്യാർഥികൾക്കായി സംവാദ മത്സരം സംഘടിക്കുന്നു. 18 നും 25 നും ഇടയിൽ പ്രായമുളളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ കഴിയുക. യുഎസ് ആൻഡ് ഇന്ത്യൻ ഭരണഘടനാ നിയമം എന്നതാണ് വിഷയം. ഇംഗ്ലീഷിലായിരിക്കും സംവാദം. പ്രവേശനം സൗജന്യമാണ്. കൊച്ചിയിൽ ജൂലൈ 26 ന് ദി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ വച്ചാണ് മത്സരം നടക്കുക. കൂടുതൽ വിവരങ്ങൾക്ക് ചെന്നൈ യുഎസ് കോൺസുലേറ്റിന്റെ ഫെയ്സ്ബുക്ക് പേജ് സന്ദർശിക്കുക.

17:30 (IST)09 Jul 2019

കൊട്ടക്കമ്പൂർ ഭൂമി ഇടപാട്: മുൻ എംപി ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കുന്ന പൊലീസ് റിപ്പോർട്ട് കോടതി തളളി

കൊട്ടക്കമ്പൂർ ഭൂമി ഇടപാടിൽ മുൻ എംപി ജോയ്സ് ജോർജിനെ കുറ്റവിമുക്തനാക്കുന്ന പൊലീസ് റിപ്പോർട്ട് കോടതി തളളി. കേസിൽ ജോയ്സ് ജോർജിനും കുടുംബത്തിനുമെതിരെ തെളിവില്ലെന്നും പണം നൽകിയാണ് ജോയ്സിന്റ പിതാവ് ഭൂമി വാങ്ങിയതെന്നുമായിരുന്നു അന്വേഷണ ഉദ്യോഗസ്ഥനായ മൂന്നാര്‍ ഡിവൈഎസ്പിയുടെ റിപ്പോർട്ട്. ആ അന്വേഷണ റിപ്പോർട്ട് തളളിയ തൊടുപുഴ കോടതി തുടരന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിട്ടു. ഇടുക്കി കൊട്ടക്കമ്പൂരിൽ ആദിവാസികളുടെ 24 ഏക്കർ ഭൂമി ജോയ്സ് ജോർജ് എംപിയും ബന്ധുക്കളും തട്ടിയെടുത്തുവെന്നായിരുന്നു കേസ്.

17:04 (IST)09 Jul 2019

പാലാരിവട്ടം മേൽപ്പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന

പാലാരിവട്ടം മേൽപ്പാലത്തിൽ വീണ്ടും വിജിലൻസ് പരിശോധന നടത്തി. ഐജി എച്ച് വെങ്കിടേശിന്റെ നേതൃത്വത്തിലാണ് പരിശോധന. പാലത്തിൽ നിന്നും സംഘം സാമ്പിളുകൾ ശേഖരിച്ചു.

പാലാരിവട്ടം മേൽപ്പാലത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തുന്നു. ഫോട്ടോ: നിഥിൻ ആർ.കെ

17:00 (IST)09 Jul 2019

സ്ത്രീ ശക്തി SS-165 ഭാഗ്യക്കുറി, ഒന്നും രണ്ടും സമ്മാനം തിരുവനന്തപുരത്തിന്

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-165 ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം SB 183646 (തിരുവനന്തപുരം) ടിക്കറ്റിനാണ്. രണ്ടാം സമ്മാനം SD 608609 (തിരുവനന്തപുരം) ടിക്കറ്റിന് ലഭിച്ചു. Read More

16:59 (IST)09 Jul 2019

യുഡിഎഫിന് ബിജെപിയുടെ പിന്തുണ; നഗരസഭാ ഭരണം എല്‍ഡിഎഫിന് നഷ്ടമായി

കൊച്ചി: എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ നഗരസഭയില്‍ എല്‍ഡിഎഫിന് തിരിച്ചടി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെ നഗരസഭയിലെ ഭരണം എല്‍ഡിഎഫിന് നഷ്ടമായി. ഇടത് ചെയര്‍പേഴ്‌സണായ സതി ജയകൃഷ്ണനെതിരെയാണ് യുഡിഎഫ് പ്രമേയം കൊണ്ടുവന്നത്. ബിജെപി യുഡിഎഫിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ചതാണ് എല്‍ഡിഎഫിന് തിരിച്ചടിയായത്.

16:39 (IST)09 Jul 2019

ശബരിമല മേൽശാന്തിമാർക്ക് വോട്ട് ചെയ്യാൻ സന്നിധാനത്ത് ബൂത്ത് ഒരുക്കണം; ഹർജി ഹൈക്കോടതി തള്ളി

ശബരിമല മേൽശാന്തിമാർക്ക് വോട്ട് ചെയ്യാൻ സന്നിധാനത്ത് ബൂത്ത് ഒരുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.
ശബരിമല മേൽശാന്തിയും മാളികപ്പുറം മേൽശാന്തിയും പുറപ്പെടാ ശാന്തിമാരാണെന്നും ഇവർക്ക് വോട്ട് ചെയ്യാൻ അവസരം ഒരുക്കണമെന്നുമാവശ്യപ്പെട്ട് ക്ഷത്രിയ ക്ഷേമസഭ ജനറൽ സെക്രട്ടറി ആത്മജ വർമ്മ തമ്പുരാൻ സമർപ്പിച്ച ഹർജിയാണ് ഡിവിഷൻ ബഞ്ച്
തള്ളിയത്.

മേൽശാന്തിമാരല്ല ഹർജിക്കാരെന്നും മൂന്നാം കക്ഷിക്ക് വോട്ടവകാശം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാവില്ലെന്നുമുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ വാദം അംഗീകരിച്ചാണ് കോടതിയുടെ ഉത്തരവ്. ഇവർ മറ്റൊരു മണ്ഡലത്തിലെ വോട്ടർമാരാണെന്നും വേറൊരു മണ്ഡലത്തിൽ
വോട്ട് ചെയ്യാനാവില്ലെന്നും കോടതി വ്യക്തമാക്കി. വോട്ടവകാശം നിഷേധിക്കപ്പെട്ടെന്ന് ഇവർക്ക് പരാതിയില്ലെന്നും
പോസ്റ്റൽ വോട്ടിന് അവകാശമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

16:23 (IST)09 Jul 2019

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉടന്‍

കടുത്ത വൈദ്യുതി ക്ഷാമം കേരളത്തെ വലയ്ക്കുന്നു. സംസ്ഥാനത്ത് ഉടന്‍ വൈദ്യുതി നിയന്ത്രണം കൊണ്ടുവരുമെന്ന് മന്ത്രി എം.എം.മണി അറിയിച്ചു. സംസ്ഥാനത്ത് പത്ത് ദിവസത്തിനകം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും കടുത്ത വൈദ്യുതി പ്രതിസന്ധിയാണ് സംസ്ഥാനം നേരിടുന്നതെന്നും മന്ത്രി പറഞ്ഞു. കാര്യമായ മഴ ലഭിക്കാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണം.

16:03 (IST)09 Jul 2019

സാജന്‍ പാറയിലിന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്‍ പാറയിലിന്‍റെ കണ്‍വെന്‍ഷന്‍ സെന്‍ററിന് പ്രവര്‍ത്തനാനുമതി നല്‍കാന്‍ നഗരസഭ തീരുമാനിച്ചു. സാജന്‍റെ കുടുംബം നല്‍കിയ പുതിയ അപേക്ഷ അനുസരിച്ച് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടത്തിയ പരിശോധനയ്ക്കു ശേഷമാണ് തീരുമാനം ഉണ്ടായത്.

15:03 (IST)09 Jul 2019

കാലവർഷം ശക്തി പ്രാപിച്ചു, കേരളത്തിൽ പരക്കെ മഴ

കാലവർഷം കേരളത്തിൽ ശക്തിപ്പെടുന്നു. കേരളത്തിൽ പരക്കെ മഴ ലഭിച്ചു. ലക്ഷദ്വീപിൽ ഏതാനും ഇടങ്ങളിൽ മഴ ലഭിച്ചു. കോഴിക്കോട് വടകരയിലാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 7 സെന്റിമീറ്റർ. കണ്ണൂർ തലശേരിയിൽ 5 സെന്റിമീറ്റർ മഴ ലഭിച്ചു. വയനാട് ജില്ലയിലെ വൈത്തിരിയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്, 6 സെന്റിമീറ്റർ. Read More

14:32 (IST)09 Jul 2019

സ്വാശ്രയ കേസിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഉത്തരവ്.

സ്വാശ്രയ കേസിൽ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീം കോടതി ഉത്തരവ്. ഫീസ് നിർണയത്തിലെ പരാതി ഹൈക്കോടതിയിൽ ഉന്നയിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് രാജേന്ദ്ര ബാബു സമിതിയുടെ ഫീസ് നിർണയത്തിൽ സുപ്രീം കോടതി ഇടപെട്ടില്ല. സ്വാശ്രയ മെഡിക്കൽ കോളേജ് മാനേജ്മെന്റുകൾ ഹർജി പിൻവലിച്ചു. ഹൈക്കോടതി തീരുമാനത്തിന് ശേഷം കാര്യങ്ങൾ പിൻവലിക്കാമെന്ന് സുപ്രീം കോടതി.

14:09 (IST)09 Jul 2019

പി.വി.അൻവർ എംഎൽഎയുടെ വാട്ടർ തിം പാർക്കിലേക്കുളള തടയണ പൊളിച്ചതായി സർക്കാർ

പി.വി.അൻവർ എംഎൽഎയുടെ വാട്ടർ തിം പാർക്കിലേക്ക് വെള്ളമെടുക്കുന്നതിന് നിർമിച്ച തടയണ പൊളിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്‌ധ സമിതി ശുപാർശ പ്രകാരമുള്ള പൊളിക്കൽ നടപടി പൂർത്തിയായതായാണ് കലക്ടർ കോടതിയെ അറിയിച്ചത്. തടയണയുടെ മുകളിൽ 25 മീറ്റർ വീതിയിലും അടിത്തട്ടിൽ 6 മീറ്റർ വീതിയിലും പൊളിച്ച്‌ വെള്ളത്തിന്റെ ഒഴുക്കിനുള്ള തടസം നീക്കാനായിരുന്നു കോടതിയുടെ നിർദേശം.

സർക്കാർ റിപ്പോർട്ടിൽ പരാതിക്കാർക്ക് തടസ വാദം ഉന്നയിക്കാൻ കോടതി ഒരു മാസഞ്ഞ സമയം അനുവദിച്ചു. അൻവറിന്റെ ഭാര്യാ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് തടയണ നിർമിച്ചിട്ടുള്ളത്. തടയണ നാട്ടുകാരുടെ കുടിവെള്ളം മുട്ടിക്കുകയാണന്നും പൊളിച്ചു നീക്കണമെന്നുമുള്ള നാട്ടുകാരുടെ പരാതിയിൽ ഡാം പൊളിക്കാൻ കലകടർ ഉത്തരവിട്ടിരുന്നു. കലക്ടറുടെ ഉത്തരവിനെതിരെ
അൻവറുടെ ഭാര്യാപിതാവ് സി.കെ.അബ്ദുൾ ലത്തീഫ് സമർപ്പിച്ച ഹർജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

13:30 (IST)09 Jul 2019

ജയിൽ ഉദ്യോഗസ്ഥർക്ക് മുഖ്യമന്ത്രിയുടെ താക്കീത്

ജയിൽ ഉദ്യോഗസ്ഥർക്ക് താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്താൻ തുനിയുന്നവർ കർശന നടപടി മുന്നിൽ കാണണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തെറ്റ് തിരുത്തുന്നവരെ പ്രോത്സാഹിപ്പിക്കുമെന്നും തെറ്റ് ആവർത്തിക്കുന്നവരോട് ഒരു ദയയും കാട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

12:41 (IST)09 Jul 2019

അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി

അഞ്ച് ലോക്സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ ഹർജി. പത്തനംതിട്ട, കൊല്ലം, ഇടുക്കി, വയനാട്, എറണാകുളം മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്താണ് ഹർജികൾ. പത്തനംതിട്ടയിൽ ആന്റോ ആന്റണിയുടെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് സിപിഎം നേതാവ് അനന്തഗോപനും കൊല്ലത്ത് എൻ.കെ.പ്രേമചന്ദ്രന്റെ വിജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി കെ.എൻ. ബാലഗോപാലും എറണാകുളത്ത് ഹൈബി ഈഡന്റെയും വയനാട്ടിൽ രാഹുൽ ഗാന്ധിയുടേയും വിജയം ചോദ്യം ചെയ്ത് സരിത എസ്.നായരുമാണ് ഹർജികൾ സമർപ്പിച്ചത്.

ഇടുക്കിയിൽ ഡീൻ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത് മണ്ഡലത്തിലെ വോട്ടറായ റോണി സെബാസ്റ്റ്യനുമാണ് ഹർജി സമർപ്പിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് ഹർജി സമർപ്പിക്കാനുള സമയപരിധിയായ 45 ദിവസം തിങ്കളാഴ്ച അവസാനിച്ചപ്പോൾ 5 ഹർജികൾ മാത്രമാണ് എത്തിയത്. ഹർജികൾ ബഞ്ച് തീരുമാനിക്കാനായി രജിസ്ട്രി ചീഫ് ജസ്റ്റിസിന്റെ പരിഗണനക്ക് വിടും

12:23 (IST)09 Jul 2019

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകം; പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ മാർച്ച്

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തിൽ പ്രതിഷേധിച്ച് പൊലീസ് സ്റ്റേഷനിലേക്ക് സിപിഐ മാർച്ച്. കസ്റ്റഡി കൊലപാതകത്തിൽ ആരോപണവിധേയനായ എസ്‌പി കെ.ബി.വേണുഗോപാലിനെതിരായ നടപടി കുറഞ്ഞുപോയെന്ന് ആരോപിച്ചാണ് മാർച്ച്. ഇടുക്കി സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാജന്റെ നേതൃത്വത്തിലായിരുന്നു മാർച്ച്.

12:22 (IST)09 Jul 2019

കസ്റ്റഡി കൊലപാതകം: എസ്ഐ സാബുവിനെ കസ്റ്റഡിയിൽ വിട്ടു

നെടുങ്കണ്ടം കസ്റ്റഡി കൊലക്കേസിൽ ഒന്നാം പ്രതി എസ്ഐ സാബുവിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. നാളെ വൈകിട്ട് 6 മണിവരെയാണ് കസ്റ്റഡിയിൽ വിട്ടത്. രണ്ടാം പ്രതി എഎസ്ഐ റെജിമോന്‍, മൂന്നാം പ്രതി ഡ്രൈവര്‍ നിയാസ് എന്നിവരെ എട്ടു ദിവസത്തേക്ക് റിമാൻഡിൽ വിട്ടു. പീരുമേട് കോടതിയിലാണ് ഇവരെ ഹാജരാക്കിയത്. Read More

ഇന്നലെ എട്ട് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് റെജിമോൻ, നിയാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇരുവരും രാജ്കുമാറിനെ ക്രൂരമായി മർദിച്ചതായി മൊഴി നൽകി. ഇന്നലെ നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ഇരുവരെയും തെളിവെടുപ്പിനെത്തിച്ച ശേഷം ഒടിഞ്ഞ വടിയും ലാത്തിയും കരുമുളക് സ്‌പ്രേയും അന്വേഷണ സംഘം തെളിവെടുപ്പില്‍ കണ്ടെത്തിയിരുന്നു. കൊലക്കുറ്റം, തെളിവ് നശിപ്പിക്കല്‍, വ്യാജ തെളിവ് ചമയ്ക്കല്‍ എന്നിവയിലാകും കേസിൽ കുറ്റപത്രം സമര്‍പ്പിക്കുക.

നിയാസ്, എഎസ്ഐ റെജിമോന്‍ എന്നിവര്‍ നേരത്തെ ഒളിവില്‍ പോയിരുന്നു. ആരോപണവിധേയനായ ഇടുക്കി എസ്‌പി കെ.ബി.വേണുഗോപാലിനെ സ്ഥലം മാറ്റിയിട്ടുണ്ട്. ഭീകരവിരുദ്ധ സ്‌ക്വാഡ് എസ്‌പിയായാണ് സ്ഥലം മാറ്റം. പകരം മലപ്പുറം എസ്‌പിയായ ടി.നാരായണനെ ഇടുക്കി എസ്‌പിയായി നിയമിച്ചു.

രാജ്കുമാറിന്‍റെ കസ്റ്റഡി കൊലപാതകത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായി എന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തലിനെ തുടര്‍ന്നാണ് ഇടുക്കി എസ്‌പി കെ.ബി.വേണുഗോപാലിനെ ഭീകരവിരുദ്ധ സേനയിലേക്ക് സ്ഥലം മാറ്റിയത്. എന്നാല്‍ എസ്‌പി വേണുഗോപാലിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത് സസ്പെന്‍ഡ് ചെയ്യണമെന്നാണ് സിപിഐയുടേയും കോണ്‍ഗ്രസിന്റെയും ആവശ്യം. സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമന്‍ ഇതു സംബന്ധിച്ച് ഇന്നലെ അതൃപ്തി തുറന്നു പ്രകടിപ്പിച്ചിരുന്നു.

കൊലപാതകത്തില്‍ നെടുങ്കണ്ടം എസ്‌ഐ കെ.എ.സാബു, സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സജീവ് ആന്റണി എന്നിവരാണ് ഇതുവരെ റിമാന്‍ഡിലായത്. നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ എസ്‌പിയുടെ ഇടപെടല്‍ ഉണ്ടായെന്നും എസ്‌പി എല്ലാ സംഭവങ്ങളും അറിഞ്ഞിരുന്നതായും ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ മന്ത്രിസഭാ യോഗത്തിലാണ് ജുഡീഷ്യൽ അന്വേഷണം സംബന്ധിച്ച തീരുമാനമായത്. അന്വേഷണത്തിനായി സിറ്റിങ് ജഡ്ജിയെ വിട്ടുനല്‍കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡി കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഏറെ പ്രതിരോധത്തിലായ സാഹചര്യത്തിലാണ് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

പ്രതികള്‍ പൊലീസ് സേനയില്‍ ഉള്ളവരായതിനാല്‍ പൊലീസ് തന്നെ കേസ് അന്വേഷിക്കുന്നത് യുക്തിസഹമല്ല എന്ന് പ്രതിപക്ഷം അഭിപ്രായപ്പെട്ടിരുന്നു. ജുഡീഷ്യല്‍ അന്വേഷണം വേണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെയും ആവശ്യം. ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ പ്രതിപക്ഷ സമരത്തിന്റെ ആദ്യ ഘട്ടം വിജയം കണ്ടു എന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala news today malayalam live updates 2019 july 09 weather crime traffic train airport

Next Story
Sthree Sakthi SS-165 Lottery Result: സ്ത്രീ ശക്തി SS-165 ഭാഗ്യക്കുറി, ഒന്നും രണ്ടും സമ്മാനം തിരുവനന്തപുരത്തിന്
The moderation of comments is automated and not cleared manually by malayalam.indianexpress.com