/indian-express-malayalam/media/media_files/2025/05/09/iz5XDCNw6tOWHCOJQsYO.jpg)
Kerala News Highlights
Kerala News Highlights: നാലുദിവസത്തെ കേരള സന്ദർശനം പൂർത്തിയാക്കി രാഷ്ട്രപതി ദ്രൗപദി മുർമു ഡൽഹിയിലേക്ക് മടങ്ങി. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഉച്ചക്ക് 2.15ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് ഡൽഹിയിലേക്ക് മടങ്ങിയത്. എറണാകുളം സെന്‍റ് തെരേസാസ് കോളജിൻ്റെ ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ പ്രകാശനം രാഷ്ട്രപതി ദ്രൗപദി മുർമു നിർവഹിച്ചിരുന്നു.
- Oct 24, 2025 20:37 IST
ചെല്ലാനത്ത് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി
കൊച്ചി ചെല്ലാനത്തുനിന്ന് കടലിൽ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യത്തൊഴിലാളികളേയും കണ്ടെത്തി. അഞ്ചു പേരെയും മറ്റൊരു ബോട്ടിൽ കയറ്റിയാണ് പുറത്തെത്തിച്ചത്. വള്ളം കെട്ടി വലിച്ചാണ് ബോട്ട് കൊണ്ട് വന്നത്. വള്ളത്തിന്റെ എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയതാണെന്ന് കടലിൽ കുടുങ്ങിയ തൊഴിലാളികൾ പറഞ്ഞു. ഇന്ന് പുലർച്ചെ നാലുമണിക്കാണ് ഇവർ കടലിലേക്ക് പോയത്. രാവിലെ 9 മണിയോടെ മടങ്ങി വരേണ്ടതായിരുന്നു. സെബിൻ, പാഞ്ചി, കുഞ്ഞുമോൻ, പ്രിൻസ്, ആന്റപ്പൻ, എന്നിവരാണ് ബോട്ടിലുണ്ടായിരുന്നത്.
- Oct 24, 2025 16:29 IST
പിഎം ശ്രീ പദ്ധതി; കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം
കേരളത്തിൽ പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവെച്ച കേരള സർക്കാരിനെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ആധുനിക അടിസ്ഥാന സൗകര്യങ്ങൾ, സ്മാർട്ട് ക്ലാസ് മുറികൾ, അനുഭവവേദ്യമായ പഠനം എന്നിവയ്ക്കൊപ്പം നൈപുണ്യ വികസനത്തിന് ഊന്നൽ നൽകിക്കൊണ്ട് സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ ഇത് സഹായിക്കുമെന്ന് കേരളത്തെ അഭിനന്ദിച്ചുകൊണ്ടുള്ള എക്സ് പോസ്റ്റിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു.
- Oct 24, 2025 14:49 IST
എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങി
എഞ്ചിന്‍ തകരാറിനെ തുടര്‍ന്ന് തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങി. വടക്കാഞ്ചേരിക്കും മുള്ളൂര്‍ക്കരയ്ക്കും ഇടയിലായിരുന്നു ട്രെയിന്‍ പിടിച്ചിട്ടിരുന്നത്. മൂന്ന് മണിക്കൂറോളം ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത് യാത്രക്കാരെ വലച്ചു. പ്രശ്‌നം പരിഹരിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. ഇതോടെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ഈ ട്രെയിനിന്റെ മടക്കയാത്രയും അനിശ്ചിതമായി നീളും. ഉച്ചയ്ക്ക് 1:45 ഓടെയാണ് കോഴിക്കോട് നിന്ന് പുറപ്പെടേണ്ടിയിരുന്നത്.
- Oct 24, 2025 14:21 IST
എല്‍ഡിഎഫില്‍ തുടരേണ്ടതുണ്ടോ എന്ന് തീരുമാനിക്കേണ്ടത് സിപിഐ: വി ഡി സതീശന്‍
കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള പിഎം ശ്രീ പദ്ധതിയുമായി കേരളം സഹകരിക്കുന്നത് നിരുപാധികമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സംസ്ഥാനത്ത് ആര്‍എസ്എസ് അജണ്ട നടപ്പാക്കുകയാണ് പിണറായി സര്‍ക്കാര്‍ എന്നും പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചു.
- Oct 24, 2025 13:47 IST
പിഎം ശ്രീ എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്യും, കരാറിലെ വ്യവസ്ഥകള്‍ എന്തെന്ന് മനസ്സിലാക്കണം: ടിപി രാമകൃഷ്ണന്‍
പിഎം ശ്രീ പദ്ധതിയെ സംബന്ധിച്ച് ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. മുന്നണി യോഗത്തില്‍ പ്രശ്‌നം ചര്‍ച്ചയ്ക്ക് വിധേയമാക്കുകയും നിലപാട് സ്വീകരിക്കുകയും ചെയ്യും. ഒപ്പിട്ടു എന്ന പറയുന്ന വ്യവസ്ഥകള്‍ എന്താണെന്ന് മനസ്സിലാക്കാതെ അഭിപ്രായ പ്രകടനം നടത്താനാകില്ലെന്നും ഇടതുമുന്നണി കണ്‍വീനര്‍ മാധ്യമങ്ങളോട് പറഞ്ഞു.
- Oct 24, 2025 13:46 IST
ഹിജാബ് ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി
പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള ഹിജാബ് വിവാദത്തിലെ ഹര്‍ജി കേരള ഹൈക്കോടതി അവസാനിപ്പിച്ചു. കുട്ടിയെ സ്‌കൂള്‍ മാറ്റുമെന്ന് പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് കോടതിയെ അറിയിച്ചു. ആക്ഷേപം ഉയര്‍ന്ന സ്‌കൂളിനെതിരെ കൂടുതല്‍ നടപടികള്‍ക്കൊന്നുമില്ലെന്ന് സംസ്ഥാന സര്‍ക്കാരും അറിയിച്ചു. ഇതേത്തുടര്‍ന്നാണ് ഇതുമായി ബന്ധപ്പെട്ട ഹര്‍ജി കോടതി തീര്‍പ്പാക്കിയത്.
- Oct 24, 2025 13:45 IST
മഴ മുന്നറിയിപ്പില്‍ മാറ്റം, രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ആറ് ജില്ലകളില്‍ യെല്ലോ
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. വടക്കന്‍ കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നതായാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. നിലവില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഓറഞ്ച് അലര്‍ട്ടുള്ളത്.
24 മണിക്കൂറില്‍ 115.6 എംഎം മുതല്‍ 204.4 എംഎം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ഥമാക്കുന്നത്. ആറ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.
- Oct 24, 2025 12:38 IST
സ്വർണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റു; നിർണായക മൊഴിയുമായി സ്വർണവ്യാപാരി ഗോവർദ്ധൻ
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് നിർണായക മൊഴി പുറത്ത്. ശബരിമല ദ്വാരപാലക ശിൽപങ്ങളിൽ നിന്ന് സ്മാര്‍ട്ട് ക്രിയേഷൻസിൽ വേര്‍തിരിച്ചെടുത്ത സ്വര്‍ണം ഉണ്ണിക്കൃഷ്ണൻ പോറ്റി വിറ്റെന്ന വിവരമാണ് പുറത്തുവരുന്നത്. ബെല്ലാരിയിലെ സ്വർണവ്യാപാരി ഗോവർദ്ധനാണ് പോറ്റി സ്വർണം വിറ്റത്. ഗോവർദ്ധന്റെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബെല്ലാരിയിൽ തെളിവെടുപ്പ് നടത്തും. നിര്‍ണായക വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് എസ്ഐടി സംഘം പോറ്റിയുമായി ബെംഗളൂരുവിലേക്ക് പോയിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളിൽ സംഭവുമായി ബന്ധപ്പെട്ട് മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. ബെല്ലാരിയിലെ സ്വര്‍ണവ്യാപാരിയായ ഗോവര്‍ദ്ധന്‍റെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. സ്വര്‍ണം വിറ്റ കാര്യം ഗോവര്‍ദ്ധൻ സമ്മതിച്ചു. ബെല്ലാരിയിൽ കൊണ്ടുപോയി സ്വര്‍ണം വിറ്റതായി ഉണ്ണിക്കൃഷ്ണൻ പോറ്റിയും സമ്മതിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഗോവര്‍ദ്ധനെ വിളിച്ചുവരുത്തുകയും ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് എസ് പി ശശിധരൻ തന്നെ നേരിട്ട് മൊഴിയെടുക്കുകയും ചെയ്തത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് പുലര്‍ച്ചെ പോറ്റിയുമായി ബെല്ലാരിയിലേക്ക് അന്വേഷണ സംഘം തിരിച്ചിരിക്കുന്നത്. 476 ഗ്രാം സ്വര്‍ണത്തിന്‍റെ കുറവ് സംഭവിച്ചെന്നാണ് നിലവിൽ ദേവസ്വം വിജിലൻസ് കണ്ടെത്തിയിരിക്കുന്നത്.
- Oct 24, 2025 12:36 IST
സിപിഐ അടിയന്തര നേതൃയോഗം തുടരുന്നു
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പിട്ട സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയെച്ചൊല്ലി ഇടതുമുന്നണിയില്‍ കലഹം. സര്‍ക്കാര്‍ നടപടിക്കെതിരെ സഖ്യകക്ഷികളായ സിപിഐയും ആര്‍ജെഡിയും രംഗത്തെത്തി. പാര്‍ട്ടിയുടെ എതിര്‍പ്പ് വകവെക്കാതെ, പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ച സര്‍ക്കാര്‍ നടപടിയില്‍ സ്വീകരിക്കേണ്ട തുടര്‍ നിലപാട് ചര്‍ച്ച ചെയ്യാനായി അടിയന്തര സിപിഐ സെക്രട്ടേറിയറ്റ് യോഗം വിളിച്ചു ചേര്‍ത്തു.
യോഗത്തില്‍ ചര്‍ച്ച ചെയ്തശേഷം 12.30 ന് നിലപാട് വ്യക്തമാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. ഈ വിഷയത്തില്‍ തന്റെ നിലപാട് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയതാണ്. ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ല. കൂട്ടായി അന്വേഷിക്കുന്നുണ്ട്, പോംവഴി നമുക്ക് ഉണ്ടാക്കാം എന്നാണ് പാര്‍ട്ടിക്കു മുന്നിലെ പോംവഴി എന്താണെന്ന ചോദ്യത്തിന് ബിനോയ് വിശ്വം മറുപടി നല്‍കി.
- Oct 24, 2025 10:54 IST
ആനക്കൊമ്പ് കേസ്: സര്‍ക്കാരിനും മോഹന്‍ലാലിനും തിരിച്ചടി
ആനക്കൊമ്പ് കേസില്‍ സര്‍ക്കാരിനും മോഹന്‍ലാലിനും തിരിച്ചടി. ഉടമസ്ഥാവകാശം നല്‍കിയത് ഹൈക്കോടതി റദ്ദാക്കി. വനംവകുപ്പിന്റെ തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്ന് കോടതിവ്യക്തമാക്കി. മോഹന്‍ലാലിന്റെ തേവരയിലെ വീട്ടില്‍ നിന്നാണ് ആനക്കൊമ്പ് പിടിച്ചത്. മോഹന്‍ലാലിന്റെ അപേക്ഷ പരിഗണിച്ചാണ് ഉടമസ്ഥാവകാശം നല്‍കിയത്. വനംവകുപ്പിന്റെ നടപടി വനം വന്യജീവി നിയമത്തിന്റെ ലംഘനമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us